പൊളിക്കാന്‍ വെച്ച കെഎസ്‌ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുകളില്‍ ക്ലാസ് മുറികള്‍ ഒരുങ്ങും

തിരുവനന്തപുരം: പൊളിക്കാന്‍ വെച്ച കെഎസ്‌ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുകളില്‍ ക്ലാസ് മുറികള്‍ സജ്ജീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

പൊളിക്കാന്‍ വെച്ച ബസുകള്‍ പല വകുപ്പുകള്‍ക്കും നല്‍കുന്നുണ്ട്. മണക്കാട് ടിടിഐക്കാണ് ആദ്യം ബസുകള്‍ നല്‍കുന്നത്. മണ്ണാര്‍ക്കാട് സ്‌കൂളിനും ബസുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വളരെ തുച്ഛമായ വില മാത്രമേ പൊളിച്ചുവിറ്റാല്‍ ലഭിക്കുകയുള്ളൂ. സര്‍ക്കാറിന്റെ വസ്തു പൊളിച്ചുവില്‍ക്കാന്‍ വലിയ നടപടിക്രമങ്ങളുണ്ട്. എന്നാല്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റുന്നത് നല്ല നിര്‍ദേശമാണെന്നും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയശേഷം വിപുലപ്പെടുത്തുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

ആനത്തലവട്ടം ആനന്ദന്റെ വിമര്‍ശനങ്ങള്‍ തനിക്കെതിരാണെന്ന് കരുതുന്നില്ല. താന്‍ പറഞ്ഞത് സര്‍ക്കാര്‍ നിലപാടാണ്. തന്റെ വാക്കുകള്‍ തന്നെയാണ് കഴിഞ്ഞ ദിവസം ധനകാര്യമന്ത്രിയും പറഞ്ഞത്. അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സമരം ചെയ്യുന്നതിനോട് തനിക്ക് ഒരു വിയോജിപ്പുമില്ല. എന്നാല്‍ ജനങ്ങളെയും വിദ്യാര്‍ഥികളെയും ബുദ്ധിമുട്ടിലാക്കി അപക്വമായ രീതിയില്‍ സമരത്തിലേക്ക് എടുത്തുചാടിയതിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.