മനുഷ്യ’ജീവനാണ് ‘ഏറ്റവും വലിയ നന്മ’


നല്ല സമരിയാക്കാരന്‍ എന്ന പുതിയ വത്തിക്കാന്‍ പ്രബോധനരേഖയുടെ വളരെ പ്രസക്തമായ ഉള്ളടക്കം
 ആപത്സന്ധിയിലും അത്യാസന്നനിലയിലുമുള്ള രോഗികളോടുള്ള കരുതലിനേക്കുറിച്ച് വിശ്വാസതിരുസംഘം നല്‍കുന്ന പ്രബോധനമാണ് ‘നല്ല സമരിയാക്കാരന്‍’. രോഗാവസ്ഥയിലും ആപത്സന്ധിയിലും ജീവിതത്തിന്‍റെ അന്ത്യഘട്ടങ്ങളിലുമുള്ള രോഗികള്‍ക്ക് നല്കേണ്ട വൈദ്യശുശ്രൂഷ, അവരോടുള്ള ആത്മീയവും അജപാലനാപരവുമായ ശ്രദ്ധ എന്നിവയെക്കുറിച്ച് വൈദികരെയും വിശ്വാസികളെയും പ്രകാശിതരാക്കാനാണ് ഈ പ്രബോധനരേഖ ശ്രമിക്കുന്നത്. ജീവന്‍റെ മൂല്യം തിരിച്ചറിഞ്ഞ് രോഗികളായ വ്യക്തികളുടെ അരികെ സാക്ഷിയാകാനും അവരെ അനുയാത്ര ചെയ്ത് സൗഖ്യമാകുന്ന സമൂഹമായി രൂപപ്പെടാനുള്ള സഭയുടെ ദൗത്യത്തെ ഈ രേഖ വിശകലനം ചെയ്യുന്നു.
 ആരോഗ്യപരിപാലന ആവശ്യം ഉടലെടുക്കുന്നത് മനുഷ്യാവസ്ഥയുടെ ബലഹീനതയിലും പരിമിതികളിലും നിന്നാണ്. ‘മറ്റുള്ളവര്‍ നിങ്ങള്‍ക്ക് എന്തു ചെയ്തു തരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്ക് ചെയ്യുവിന്‍. (മത്താ 7-12). ഈ നിയമം പരമ്പരാഗത വൈദ്യശാസ്ത്രധാര്‍മ്മികതയുടെ ഭാഗമാണ് എന്ന് തിരുസംഘം ഓര്‍മ്മിപ്പിക്കുകയും നാം എല്ലാ ജീവനോടും, എല്ലാവരുടെയും ജീവനുവേണ്ടിയും കരുതല്‍ കാണിക്കുകയും ചെയ്യണമെന്ന് ഉദ്ബോധിപ്പിക്കുന്നു. മനുഷ്യജീവിതം അതിന്‍റെ സ്വാഭാവിക മരണംവരെ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുക ഓരോ വ്യക്തിയുടെയും ദൗത്യമാണ്.
ഈശോയുടെ കുരിശില്‍ ലോകത്തിലെ എല്ലാ രോഗവും സഹനവും കേന്ദ്രീകരിക്കുകയും സംഗ്രഹിക്കുകയും ചെയ്തിരിക്കുന്നു എന്ന് ഉദ്‌ബോധിപ്പിച്ചതുകൊണ്ട് ജീവിതത്തിലെ സഹനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്ന് ഈ രേഖ പഠിപ്പിക്കുന്നു. കുരിശിലേക്കു നോക്കുമ്പോള്‍ സഹനവും മരണവും പ്രത്യാശയുടെ ഉറവിടമായി മാറണം. കുരിശിലേക്ക് നോക്കുക എന്നാല്‍ ജീവിതത്തിന്‍റെ ഏതുസാഹചര്യത്തിലും ദൈവത്തിന്‍റെ അനുകമ്പ നിറഞ്ഞ സ്നേഹത്തില്‍ വിശ്വാസമര്‍പ്പിക്കുക എന്നാണര്‍ത്ഥം. ഏറ്റവും ദുര്‍ബലരായവരുടെ സഹനയാത്രയില്‍ കരുണാപൂര്‍വ്വം അവരെ അനുയാത്ര ചെയ്യുക എന്നത് സഭയുടെ ദൗത്യമാണ്.
 മനുഷ്യജീവനാണ് ഏറ്റവും ഉന്നതവും പ്രഥമവുമായ നന്മ. അതിനെ അംഗീകരിക്കാനാണ് ഓരോ വ്യക്തിയും സമൂഹവും വിളിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഗര്‍ഭഛിദ്രം, ദയാവധം, ആത്മഹത്യ തുടങ്ങിയവയൊക്കെ ജീവന്‍ നല്‍കിയ ദൈവത്തോടുള്ള അവമതിയാണ്. ഇന്ന് ലോകം ജിവനുനേരെ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും അവയ്ക്ക് സഭ നല്‍കുന്ന അജപാലനപരവും ധാര്‍മ്മികവുമായ ബോധ്യങ്ങള്‍ എന്തൊക്കെയാണെന്നും ഈ പശ്ചാത്തലത്തില്‍ ഈ രേഖ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നുണ്ട്. വിനാശകരമായ വൈദ്യചികിത്സയിലൂടെ തിരക്കിട്ട് മരണത്തിലേക്ക് എത്തിക്കുകയോ, അഥവാ മരണം വൈകിപ്പിക്കുകയോ ചെയ്യുന്നത് മനുഷ്യന്‍റെ അര്‍ഹതപ്പെട്ട അന്തസിന്‍റെ നിഷേധമാണ്. മനുഷ്യജീവനോടുള്ള കരുതലിന്‍റെ മാനുഷികവും ക്രിസ്തീയവുമായ ആധികാരിക പ്രവര്‍ത്തനമാണ്, പാലിയേറ്റീവ് കെയര്‍ – സഹനം പേറുന്ന വ്യക്തിയുടെ അരികില്‍ അനുകമ്പയോടെ ഇരിക്കുന്നതിന്‍റെ പ്രകടമായ അടയാളമായി ഈ രേഖ പാലിയേറ്റീവ് ശുശ്രൂഷയെ അവതരിപ്പിക്കുന്നു. രോഗാവസ്ഥയിലായിരിക്കുന്നവര്‍ക്ക് സ്വന്തം കുടുംബവും, അഭയകേന്ദ്രങ്ങളും നല്കുന്ന അമൂല്യമായ അനുഗ്രഹവും, ഗര്‍ഭസ്ഥാവസ്ഥയിലുള്ളവരേയും ജീവച്ഛവമായ അവസ്ഥയിലും, ഗുരുതരമായ ബോധക്കുറവുള്ള അവസ്ഥയിലും വ്യക്തിയുടെ നൈസര്‍ഗികമായ മൂല്യം അംഗീകരിക്കുകയും അനുയോജ്യമായ ശുശ്രൂഷാസഹായം നല്കുകയും വേണം. ആരോഗ്യശുശ്രൂഷകര്‍ക്ക് ജീവനെതിരെ നില്‍ക്കേണ്ടിവരുന്ന പ്രത്യേക സാഹചര്യങ്ങളിലും ‘മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടതെന്നും’ രേഖ ഓര്‍മ്മിപ്പിക്കുന്നു.
‘വിഷമിക്കുന്ന സഹോദരന്‍റെ മുഖം ഹൃദയത്തില്‍ സൂക്ഷിക്കുകയും, അവന്‍റെ ആവശ്യങ്ങള്‍ കാണുകയും, ദുരിതപൂര്‍ണമായ അവന്‍റെ മുറിവുകള്‍ വച്ചുകെട്ടാന്‍ വേണ്ടതൊക്കെ ചെയ്യുകയും, പ്രത്യാശയുടെ പ്രകാശഗോപുരങ്ങളിലേക്ക് ആ ഹൃദയം തുറക്കുകയും ചെയ്യുന്ന നല്ല സമരിയാക്കാരനായി അജപാലന അനുയാത്ര ചെയ്യാനും കൗദാശിക സഹായം നല്കാനും സഭാമക്കള്‍ക്കുള്ള ദൗത്യം’ ഓര്‍മ്മിപ്പിച്ചുകൊണ്ട് വിശ്വാസതിരുസംഘം ഈ ലേഖനം സമാപിപ്പിക്കുന്നു.
ഫാ. വര്‍ഗീസ് കൊച്ചുപറമ്പില്‍
സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരി, വടവാതൂര്‍