നിങ്ങളറിയണം ഞങ്ങളുടെ വേദന!

നിങ്ങളറിയണം ഞങ്ങളുടെ വേദന!
ദൈവത്തിനും ദൈവജനത്തിനുമായി മാറ്റിവയ്ക്കപ്പെട്ടതാണ് പൗരോഹിത്യസമര്‍പ്പിതജീവിതം. ചെറുപ്രായത്തിലെ ഭവനത്തിന്‍റെയും മാതാപിതാക്കളുടെയും സ്നേഹവലയത്തില്‍നിന്നും വിളിക്കപ്പെട്ടവരാണു ഞങ്ങള്‍. കൂദാശകള്‍ പരികര്‍മ്മം ചെയ്യാന്‍, കൂദാശകളുടെ സ്വീകരണത്തിന് ഒരുക്കുവാന്‍, വീടുകള്‍ സന്ദര്‍ശിക്കുവാന്‍, നിങ്ങളുടെ മക്കളെ പഠിപ്പിക്കാന്‍, രോഗികളെ ശുശ്രൂഷിക്കാന്‍, മരണമെന്ന യാഥാര്‍ത്ഥ്യത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ക്കെല്ലാം പ്രാര്‍ത്ഥിക്കാന്‍, അനുഗ്രഹവും ആശ്വാസവും പകര്‍ന്നേകുവാന്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടല്ലോ.
കേരളചരിത്രത്തില്‍ ഐശ്വര്യത്തിന്‍റെയും നډയുടെയും സാക്ഷ്യമാണ് സഭ. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍, സാധുജനസേവനരംഗങ്ങള്‍, അനാഥാലയങ്ങള്‍, സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങള്‍, അഭയകേന്ദ്രങ്ങള്‍ തുടങ്ങി വര്‍ണ്ണനാതീതമായ നډകളാല്‍ അലംകൃതരാണ് സഭാമക്കള്‍. കുലുക്കിക്കൊള്ളിച്ച് നിറച്ച് കൊടുക്കുന്ന നډകള്‍ പ്രഘോഷിക്കപ്പെടുന്നില്ല. എങ്കിലും ദീപത്തിന് മറഞ്ഞിരിക്കാനാവില്ലല്ലോ. പഴയകാലത്തും ഇന്നും നമ്മുടെ സംസ്ക്കാരത്തെ സമ്പന്നമാക്കുവാന്‍, ആത്മീയത വളര്‍ത്തുവാന്‍ ഗ്രാമീണ മേഖലകളൊക്കെ പച്ചപിടിക്കാന്‍ പല പദ്ധതികളും നേതൃത്വം നല്‍കി നടപ്പിലാക്കിയതിന്‍റെ പിന്നില്‍ പുരോഹിതരുടെയും സമര്‍പ്പിതരുടെയും അദ്ധ്വാനം വിസ്മരിക്കാനാവില്ല. പള്ളിയും പള്ളിക്കൂടവും സ്വദേശത്തിന്‍റെ സ്വത്തായി കരുതി അരമുറുക്കി അധ്വാനിച്ചവരുടെ ക്ലേശങ്ങള്‍ മറക്കരുത്. തല മറന്ന് എണ്ണതേക്കരുത്. കുഞ്ഞുനാള്‍ മുതല്‍ ശീലിച്ച പള്ളിയോടും അച്ചനോടും സിസ്റ്റേഴ്സിനോടും മുതിര്‍ന്നവരോടും ആളുകള്‍ പരസ്പരവുമുള്ള സ്നേഹവും ബഹുമാനവും ഭൂരിപക്ഷത്തിനുമുണ്ട്.
ജീവനും ജീവിതവും ശ്രേഷ്ഠമാണ്. വ്യക്തിസ്വാതന്ത്ര്യവും അറിവും ബോധ്യവുംകൊണ്ട് വ്യക്തികള്‍ തിരഞ്ഞെടുക്കുന്ന ജീവിതാവസ്ഥ വ്യത്യസ്തമാണ്. തിരഞ്ഞെടുത്ത ജീവിതാന്തസ്സ് ധീരതയോടെ ജീവിക്കണം. സന്യാസദൈവവിളി സുവിശേഷോപദേശങ്ങളുടെ വ്രതവാഗ്ദാനം വഴി സ്ഥാപിക്കപ്പെടുന്ന ജീവിതാവസ്ഥയാണ്.
സമര്‍പ്പിതര്‍ നിര്‍വ്വഹിക്കുന്ന ശുശ്രൂഷകള്‍ ദൈവസ്നേഹത്തിന്‍റെ അടയാളവും സാക്ഷ്യവുമാണ്. ബ്രഹ്മചര്യം സ്നേഹത്തിന്‍റെ വ്രതമാണ്. ഉള്ളതുമുഴുവന്‍ കൊടുക്കാനുള്ള ഹൃദയസ്വാതന്ത്ര്യവും ദൈവാശ്രയത്വവുമാണ് ദാരിദ്ര്യവ്രതം. ഉള്ളതുമാത്രമല്ല ഉള്ളുംകൂടി സ്വതന്ത്രമനസ്സോടെ കൊടുക്കാനുള്ള വ്രതമാണ് അനുസരണം. സന്യാസവും അതിന്‍റെ സ്ഥാപകസിദ്ധിയും അറിയാത്തവര്‍ അതിഘോരമായ വാചകങ്ങളില്‍ സന്യാസം അടിമത്തമാണെന്നും കൂത്താട്ടമാണെന്നും താറടിച്ച് തരംതാഴ്ത്തുന്നു.
സത്യം ലോകത്തെ അറിയിക്കേണ്ടതിനുപകരം ന്യായവിചാരണകള്‍ നടത്തുന്നത് കാലം മറക്കില്ല. ദീര്‍ഘമായ ചര്‍ച്ച, തെരുവിലും കടത്തിണ്ണകളിലും വിമര്‍ശനത്തിന്‍റെ അസ്ത്രമുനമ്പോടുകൂടിയ പ്രയോഗങ്ങള്‍, നോട്ടം, ചില കാഴ്ചകള്‍ ഇതൊക്കെ ഞങ്ങളെ നൊമ്പരപ്പെടുത്തുന്നു. നډ പറയാനും നډ പ്രവര്‍ത്തിക്കാനും, നډയില്‍ ജീവിക്കാനും പഠിപ്പിച്ചവര്‍ക്കുനേരെ കടന്നാക്രമണം നടത്തുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്. സന്യാസസമൂഹങ്ങളുടെ നിയമാവലി, ദിനചര്യകള്‍, ആവൃതി സ്നേഹപൂര്‍ണമായ സമൂഹജീവിതമൊന്നും നിങ്ങള്‍ക്കറിവില്ല. പുറമേ കണ്ട് വിലകെട്ടവ പറഞ്ഞ് വിധിക്കാനാവില്ല. സന്യാസഭവനങ്ങളുടെ തുറന്നിട്ടിരിക്കുന്ന കവാടങ്ങളും പ്രേഷിതശുശ്രൂഷകളും അറിഞ്ഞ് സത്യം ബോധ്യപ്പെടുക. വീഴ്ചകളും, പരാജയങ്ങളും, തെറ്റുകളുമുണ്ടെന്നു സമ്മതിക്കുന്നു. തിരുത്തലുകളോടെ വിശുദ്ധിയുടെ പടവുകളിലേക്ക് നിരന്തരമായ മാനസാന്തരമാണ് ഞങ്ങളുടെ പാത. കുടുംബങ്ങളുടെ കെട്ടുറപ്പില്ലായ്മയും ബലക്ഷയവും സമര്‍പ്പിതസമൂഹങ്ങളെയും ബാധിക്കുമല്ലോ. കുടുംബങ്ങളില്‍നിന്നു വിളിക്കപ്പെട്ട സാധാരണ മനുഷ്യരല്ലേ ഞങ്ങളും. പ്രതിഷേധത്തിന്‍റെയും എതിര്‍പ്പിന്‍റെയും ശബ്ദത്തിന് തീവ്രത ഏറുന്നു. ക്ഷമ എന്ന പുണ്യം കാലഹരണപ്പെടരുത്. അസംതൃപ്തിയും തെറ്റായ സ്വാധീനങ്ങളും സഭയില്‍നിന്നും സന്യാസസമൂഹങ്ങളില്‍നിന്നും പിന്തിരിപ്പിക്കാം. ഈശോയേയും സഭയെയും രണ്ടായി കണ്ട് സഭാജീവിതത്തോടു നിസംഗത പാലിക്കുന്ന പ്രവണത അപകടമാണ്. സഭയാകുന്ന വിളനിലത്തില്‍ വിശുദ്ധിയില്‍ വളരുന്നതിനുപകരം അശുദ്ധിയുടെ അനുരൂപപ്പെടലുകളിലേക്ക് വ്യതിചലിക്കുന്നു. അനുഭൂതിയുടെയും അനുഭവത്തിന്‍റെയും സെക്ടുകളിലേക്ക് ആകര്‍ഷിക്കുന്നു. അബദ്ധപ്രസ്ഥാവനകളും താന്‍പോരിമയും പകരം വീട്ടലിന്‍റെ പ്രതിഷേധമുയര്‍ത്തുന്നു. കാല്‍ചുവട്ടിലെ മണ്ണ് ഊറ്റിക്കളയുന്ന ഭൗതികതയുടെ നീരാളിപിടുത്തത്തില്‍ അമരുന്നവരെ വ്യക്തിസ്വാധീനങ്ങളില്‍ വന്ദിക്കുമ്പോള്‍ നിന്ദിക്കുന്നതു ക്രിസ്തുവിന്‍റെ മൗതികശരീരത്തെയെന്ന് മറക്കരുത്. നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയുക.
ഭാരതീയസംസ്ക്കാരത്തില്‍ സന്യാസം അതിശ്രേഷ്ഠമാണ്. സാക്ഷ്യമേകുന്ന ശുശ്രൂഷകള്‍ കാലാകാലം സ്മരണീയമാണ്. സൃഷ്ടികളുടെ സൗന്ദര്യത്തില്‍നിന്ന് അവയുടെ സ്രഷ്ടാവിന്‍റെ ശക്തിസൗന്ദര്യത്തെക്കുറിച്ച് അറിയുന്നു. കാഴ്ചയില്ലാത്തവര്‍ക്ക് കണ്ണുകളായി, കേള്‍ക്കാത്ത ചെവികള്‍ക്കും സ്പര്‍ശനം സാധ്യമല്ലാത്ത വിരലുകള്‍ക്കും, നടക്കാന്‍ ഉപകരിക്കാത്ത പാദങ്ങള്‍ക്കും ആലംബമായി, ബുദ്ധിയില്ലാത്തവര്‍ക്കും അനാഥര്‍ക്കും ആശ്രയമായി, രോഗികള്‍ക്ക് ആശ്വാസമായി. അറിവും മൂല്യബോധവുമുള്ള തലമുറയെ രൂപപ്പെടുത്താന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കോണ്‍വെന്‍റുകളോട് ചേര്‍ന്ന് കുഞ്ഞുങ്ങളെ ആദ്യാക്ഷരം പഠിപ്പിച്ച് പരിചരിക്കുന്ന നഴ്സറികള്‍. എല്ലാ വൈകല്യങ്ങളിലും സഹായിക്കാന്‍ കരുതലോടെ കൈത്താങ്ങാകുന്ന ഞങ്ങളുടെ ശുശ്രൂഷകളില്‍ ഞങ്ങള്‍ സംതൃപ്തരാണ്. ഞങ്ങളുടെ ഈ മക്കള്‍ ഞങ്ങളെ പരിഹസിച്ചതോ കുറ്റപ്പെടുത്തിയതോ തള്ളിവീഴ്ത്തിയതോ അധിക്ഷേപിച്ച് തുപ്പിയതോ യാതൊന്നും ഞങ്ങളെ വേദനിപ്പിച്ചിട്ടില്ല. ഞങ്ങളുടെ കണ്ണുനിറയാനിടയാക്കിയില്ല. വിശ്വാസത്തിന്‍റെ ധീരപടയാളികളെപ്പോലെ സഹനങ്ങളില്‍ അഭിമാനിച്ചു.
ഇല്ലായ്മ ചെയ്യാനോ തറപറ്റിക്കാനോ ഉള്ള ശ്രമത്തിലാണു ചിലര്‍. തിډ ഭീരുത്വം നിറഞ്ഞതാണ്. അഭിഷേകതൈലം തലയില്‍ ഒഴിക്കപ്പെട്ടവരും വിശുദ്ധ വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രതിഷ്ഠിക്കപ്പെട്ടവരും (ലേവ്യ 21:10) അഗ്നിയായി അഗ്നികുണ്ഡത്തിനിരയാക്കുന്ന ക്രൂരവിനോദം കോലം കത്തിക്കല്‍, വാക്പയറ്റ്, യുദ്ധമുറ, കത്തുന്നവര്‍ക്ക് പൊള്ളുന്ന അഗ്നിയായി കത്തിജ്വലിച്ച സഹനവീരഗാഥയാണ് സഭയുടെ ചരിത്രം. ഇക്കാലത്തും 51 കുത്തുകളേറ്റ് സഭയുടെ മണ്ണില്‍ രക്തസാക്ഷിയായവള്‍ വാ. റാണിമരിയ.
തിരുസഭയെയും, ദൈവം തിരഞ്ഞെടുത്തവരേയും, കൂദാശകളേയും അവഹേളിക്കുന്നതും കടന്നാക്രമിക്കുന്നതും എന്തിന്? തിരുസഭയെ തെരുവുത്സവമാക്കി ആക്ഷേപിക്കുന്ന സമ്പ്രദായം സംസ്കാരത്തിന് യോജിച്ചതോ? അമ്മയുടെ ജീവരസം ഉള്‍ക്കൊണ്ടവര്‍ കുറ്റാരോപണങ്ങള്‍ ഉന്നയിക്കാന്‍ മുന്‍നിരയിലുണ്ട്. എന്തും നല്‍കുന്ന, എല്ലാം നല്‍കുന്ന, ഉപജീവനത്തിനുള്ളതുപോലും നല്‍കുന്ന സഭയെ ക്രൂശിക്കാനും നാമാവശേഷമാക്കാനും പടവാളെടുക്കുന്നു. വാള്‍ ഉറയിലിടുക, വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും.
ഞങ്ങളെ വാക്കുകൊണ്ടും നോട്ടംകൊണ്ടും അപമാനിക്കുമ്പോഴും, ഞങ്ങളുടെ സന്യാസത്തെയും സന്യാസഭവനത്തെയും സന്യാസശുശ്രൂഷകളെയും കുറിച്ച് എത്ര ഇല്ലാകഥകള്‍ പറഞ്ഞു പരത്തുമ്പോളും സഭാവിരുദ്ധതയുടെ പിശാചിനെ ഉള്ളിലിരുത്തി ഞങ്ങളെ സഹായിക്കാനെന്നവണ്ണം തെരുവില്‍ ഞങ്ങള്‍ക്കുവേണ്ടിയെന്ന വ്യാജേന ഞങ്ങളെ താറടിക്കുമ്പോളും…. ഞങ്ങളുടെ ഉള്ളു വേദനിക്കും, മിഴികളില്‍നിന്നും കണ്ണീരൊഴുകും…. പക്ഷേ, ഇവയ്ക്കൊന്നും ഞങ്ങള്‍ക്ക് ഞങ്ങളുടെ ക്രിസ്തുവിനോടും അവന്‍റെ സഭയോടുമുള്ള സ്നേഹത്തില്‍നിന്നും ഉത്തരവാദിത്വത്തില്‍നിന്നും അകറ്റാനാവില്ല. ഞങ്ങള്‍ മരണം വരെ സഭയോടും സഭയുടെയും സന്യാസത്തിന്‍റെയും നിയമങ്ങളോടും വിശ്വസ്തരായിരിക്കും.

സിസ്റ്റര്‍ ആന്‍സ്ലിന്‍ മരിയ എഫ്.സി.സി.
രാമക്കല്‍മേട്

ദര്‍ശകന്‍ നവംബര്‍ ലക്കം)

Leave a Reply