ആധാർ പകർപ്പ് നൽകരുത്, ദുരുപയോഗം ചെയ്യാൻ സാധ്യത, ആവശ്യമെങ്കിൽ ‘മാസ്ക്ഡ്’; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍.

ആധാറിന്റെ പകര്‍പ്പ് ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ കൈമാറരുതെന്ന്് ജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. അടിയന്തര ഘട്ടത്തില്‍ ആധാര്‍ നമ്ബറിന്റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന ‘മാസ്‌ക്ഡ്’ പകര്‍പ്പ് മാത്രം കൈമാറാനും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. ഉപഭോക്താക്കളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് വാങ്ങിവെയ്ക്കാന്‍ അംഗീകൃത സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുവാദം ഉള്ളൂ. യുഐഡിഎഐയുടെ ലൈസന്‍സ് ലഭിച്ച സ്ഥാപനങ്ങള്‍ക്ക് മാത്രമേ തിരിച്ചറിയലിന്റെ ഭാഗമായി ആധാറിന്റെ പകര്‍പ്പ് വാങ്ങിവെയ്ക്കാന്‍ അനുമതിയുള്ളൂ. അല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, സിനിമാ തിയറ്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇതിനുള്ള അനുമതിയില്ലെന്നും കേന്ദ്ര ഐടിമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറുന്നതിന് മുന്‍പ് അംഗീകൃത സ്ഥാപനമാണോ എന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രം നിര്‍ദേശിച്ചു. ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇന്റര്‍നെറ്റ് കഫേകളെ ആശ്രയിക്കരുത്. ആവശ്യമെങ്കില്‍ ഇ- ആധാറിന്റെ ഡൗണ്‍ലൗഡ് ചെയ്ത പകര്‍പ്പുകള്‍ ഡീലിറ്റ് ചെയ്തു എന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.