കലിപ്പക്കരയിലെ വരയൻ

ഫാ. എസ്. കിടങ്ങത്താഴെ
ഒരു വൈദികന്‍ എങ്ങനെയായിരിക്കണം എന്ന പാരമ്പര്യസങ്കല്പങ്ങളുടെ പൊളിച്ചെഴുത്താണ് ‘വരയന്‍’ സിനിമയില്‍ നാം കാണുന്നത്. എവിടെയോ വായിച്ചതുപോലെ ഒരു പള്ളീലച്ചന്‍റെ പള്ളിപ്രസംഗമല്ല ഈ സിനിമ എന്നു മാത്രമല്ല, അച്ചന്‍ കേന്ദ്രകഥാപാത്രമായിട്ടുകൂടി പള്ളിപ്രസംഗമേ അതിലില്ല എന്നു വേണം പറയാന്‍. ആ വിധത്തില്‍ ചിത്രീകരിച്ചിരിക്കുന്ന രംഗമാകട്ടെ രസകരമാണുതാനും. വലിയ തത്വജ്ഞാനിയോ, വാഗ്മിയോ, ആത്മീയനോ ഒന്നും അല്ലാത്ത ഒരു വൈദികന്‍ ഒറ്റപ്പെട്ട ഒരു പ്രദേശത്തെ പലതരം പ്രത്യേകതകളുള്ള മനുഷ്യരുടെ ജീവിതത്തിലേക്കു സൈക്കിളും ചവിട്ടി ചെന്നു കേറുന്ന സിനിമയാണിത്. തിരക്കഥാകൃത്തിന് ഫാ. ഡാനി കപ്പുച്ചിന്‍റെ തൂലികയില്‍ ജനിച്ച ഈ വൈദികന്‍ നിലംതൊട്ടു നില്‍ക്കുന്ന ആത്മീയതയുടെ ഉടമയാണ്. കള്ള് വില്‍ക്കുമ്പോള്‍ കലക്കു കള്ള് പാടില്ലെന്നും ചീട്ടുകളിച്ചാല്‍ കള്ളക്കളിയിറക്കരുതെന്നുമൊക്കെ പറഞ്ഞുതുടങ്ങിയ ആത്മീയതയും എത്തിക്സുമൊക്കെയാണ് എബിയച്ചനുള്ളത്. ശരിതെറ്റുകളൊന്നും നോക്കാതെ വിചിത്രമായ രീതികള്‍ പിന്‍തുടരുന്ന വളരെ സാധാരണക്കാരായ വിശ്വാസികളാണ് ആ ഇടവകയിലുള്ളത്. ആത്മീയഭാഷയില്‍ പറഞ്ഞാല്‍ പാപത്തിന്‍റെ ചേറില്‍ കുളിച്ചുനില്ക്കുന്നവരും മാന്യതയുടെ പുറങ്കുപ്പായമില്ലാതെ നഗ്നരായി നില്ക്കുന്നവരുമായ ആ പച്ചമനുഷ്യരോട് വികാരിയച്ചന്‍ ആത്മീയതയുടെ ഉത്തുംഗശൃംഗങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങിയിട്ട് കാര്യമില്ല. അതുകൊണ്ട് ഫാ. എബി കപ്പൂച്ചിന്‍ ലഘുപാഠങ്ങളിലൂടെയാണ് തന്‍റെ ഇടയശുശ്രൂഷ ആരംഭിക്കുന്നത്. അത് ആ നാട്ടുകാര്‍ക്ക് ദഹിക്കുംവിധമായിരുന്നു. അത് അവരുടെ മനോഭാവങ്ങളെയും നിലപാടുകളെയും സാവധാനം മാറ്റിമറിച്ചുതുടങ്ങുന്നുമുണ്ട്. അങ്ങനെ ലാളിത്യത്തിന്‍റെ സുവിശേഷവും ആത്മീയതയുമാണ് കലിപ്പക്കരഗ്രാമത്തിലെ ‘കലിപ്പ്’ മനുഷ്യരോട് എബിയച്ചന്‍ ജീവിതംകൊണ്ട് പ്രസംഗിച്ചത്.ഒരു കൊമേഴ്സ്യല്‍ സിനിമയുടെ ചേരുവകള്‍ സിനിമയിലുള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊരിക്കലും ഈ കലാസൃഷ്ടി മുന്നോട്ടുവയ്ക്കുന്ന നന്മയെ കോറി നശിപ്പിക്കുന്നതായി തോന്നിയില്ല. ദൈവാലയം ഒളിസങ്കേതമാക്കാന്‍ ചില സ്വാര്‍ത്ഥമനുഷ്യര്‍ ശ്രമിച്ചപ്പോള്‍ നമ്മള്‍ കാണുന്ന എബിയച്ചന്‍ ദൈവാലയത്തില്‍ ചാട്ടവാറെടുത്ത ക്രിസ്തുവിന്‍റെ പ്രതിരൂപം പോലുണ്ട്. ‘എന്നെ ദ്രോഹിച്ചാല്‍ ഞാന്‍ ക്ഷമിക്കും; പക്ഷേ പള്ളിയില്‍ കയറി പോക്രിത്തരം കാണിച്ചാല്‍ ഞാന്‍ തല്ലും, ഇനിയും തല്ലും’ എന്ന ലൈനിലൊരു ഡയലോഗ് എബിയച്ചന്‍ വച്ചുകാച്ചുന്നത് ബിഷപ്പ് ഇരിക്കുമ്പോള്‍ തന്നെയാണ്. ക്രിസ്തുവിനെയും അവന്‍റെ സഭയെയും മാത്രം പ്രണയിച്ചവന് തന്നോട് പ്രണയം പറഞ്ഞ പെണ്‍കുട്ടിയെ മരിച്ചുപോയ അനിയത്തിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാനേ കഴിയുമായിരുന്നുള്ളൂ. അത് അവളെ അല്പമല്ല വേദനിപ്പിച്ചതെങ്കിലും കടലുപേക്ഷിച്ച് കിണര്‍ സ്വന്തമാക്കുന്ന അബദ്ധം തനിക്ക് സംഭവിക്കാതിരിക്കാനുള്ള വിവേകം എബിയച്ചനുണ്ടായിരുന്നു.
ക്രിസ്തു തന്‍റെ പരസ്യജീവിതകാലത്ത് സമ്പാദിച്ച ഏറ്റവും വലിയ ‘ദുഷ്പ്പേര്’ ചുങ്കക്കാരുടെയും വേശ്യകളുടെയും പാപികളുടെയും സ്നേഹിതന്‍ എന്നതായിരുന്നു. പാപികളെ വിളിക്കാന്‍ വന്നവന്‍ പാപികളോടു കൂട്ടുകൂടിയത് പാപം ചെയ്യാനായിരുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും അങ്ങനൊക്കെ പറയുന്നതിന് ഒരു സുഖമുണ്ടല്ലോ. പാപികള്‍ക്കിടയില്‍ ലയിച്ച പുണ്യത്തിന്‍റെ ശകലങ്ങള്‍ സാവധാനം അവരില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് സുവിശേഷം സാക്ഷി. എബിയച്ചനും കലിപ്പക്കരയിലെ സാധാരണക്കാരായ മനുഷ്യരോടും കുട്ടികളോടുമൊക്കെ നന്നായി ഇഴുകിച്ചേരുന്നുണ്ട്. ദൈവാലയത്തിനുള്ളിലിരുന്ന് പുണ്യം സമ്പാദിക്കാന്‍ നോക്കാതെ പാവപ്പെട്ട മനുഷ്യന്‍റെ ജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരോടൊപ്പമായിത്തീര്‍ന്ന് സാവധാനം അവരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന നന്മബോധങ്ങളിലൂടെയാണ് തന്‍റെ ഇടയശുശ്രൂഷയെ എബിയച്ചന്‍ പുണ്യപൂക്കാലത്തിന്‍റെ ഉത്സവമാക്കിയത്. സ്വാഭാവികമായും അത് കുറച്ചുപേര്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. ചിലരുടെ നെറ്റി ചുളിയുകയും ചെയ്യും. അതോടൊപ്പം പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ കണ്ണുനട്ടിരിക്കുന്നവര്‍ക്ക് മടിക്കുത്തില്‍ സൂക്ഷിക്കുന്ന താക്കോല്‍ വിട്ടുകൊടുക്കേണ്ടി വരുമ്പോഴുണ്ടാകുന്ന വൈഷമ്യങ്ങളുമുണ്ട്. ഇവയൊക്കെ സിനിമയില്‍ യാഥാര്‍ത്ഥ്യബോധത്തോടെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
മുകളിലാകാശം, താഴെ ഭൂമി എന്ന മട്ടില്‍ നടക്കുന്നവന് ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ ഒരു ആകാശമുണ്ട്. ആ ആകാശം സ്വന്തമായിരിക്കുന്നവന് ആരോടും എവിടെയും പറയാനുള്ളതു പറയാന്‍ കഴിയും, തെറ്റുകളിലേക്ക് സ്നേഹപൂര്‍വ്വം വിരല്‍ ചൂണ്ടാന്‍ കഴിയും. എബിയച്ചന്‍ ഒരു കലാകാരന്‍റെ മൃദുലഹൃദയം ഉള്ളില്‍ സൂക്ഷിക്കുമ്പോഴും നിലപാടുകളില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്‍ക്കശ്യം പലരുടെയും ഉറക്കം കെടുത്തുന്നുണ്ട്. അത് അദ്ദേഹത്തിനെതിരായൊരു സൈനിക നിരയെ രൂപപ്പെടുത്തുന്നുമുണ്ട്. തിന്മയുടെ ഈ സൈന്യത്തിന്‍റെ കായികബലത്തെ എബിയച്ചന്‍ അതിജീവിക്കുന്നത് വിശുദ്ധിയുടെ പരിമളം കൊണ്ടാണ്. ഏല്പിക്കപ്പെട്ട ദൗത്യങ്ങളൊന്നും മറക്കാത്ത സമര്‍പ്പിതനില്‍നിന്നും അയാളുപോലുമറിയാതെ പടര്‍ന്നൊഴുകിയ കൃപാധാരയില്‍ സ്നാനം ചെയ്തവരും സൗഖ്യം നേടിയവരുമൊക്കെ സാവധാനം അയാള്‍ക്കു പിന്നിലൊരു പ്രതിരോധത്തിന്‍റെ സൈന്യത്തെ രൂപപ്പെടുത്തുന്നുണ്ട്. അങ്ങനെയാണ് എബിയച്ചന്‍ യുദ്ധം ജയിക്കുന്നത്. തനിക്കുവേണ്ടി ശക്തമായി നിലകൊള്ളുന്നവനുവേണ്ടി കര്‍ത്താവുതന്നെ നിലകൊള്ളുമെന്ന് വരയന്‍ വരച്ചു കാണിക്കുന്നു. പടം വരയ്ക്കുന്നതുകൊണ്ട് എബിയച്ചനു ലഭിച്ച അഭിധാനം മാത്രമല്ല ‘വരയന്‍’ എന്നത്, മറിച്ച് സ്വജീവിതത്തിലൂടെ അയാള്‍ വരച്ചുകാണിച്ച ഒത്തിരിയേറെ തിരിച്ചറിവുകളും ഓര്‍മ്മപ്പെടുത്തലുകളും കൊണ്ടുകൂടിയാണ്.
സമീപകാലത്ത് വൈദികവേഷധാരികളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിറങ്ങിയ ഒട്ടുമിക്ക സിനിമകളും സഭയെ ഇകഴ്ത്തിക്കാണിക്കുന്നതിനും വൈദികാന്തസിന്‍റെ വിലയിടിച്ചുകാണിക്കുന്നതിനും ലക്ഷ്യം വച്ചുള്ളതായിരുന്നു. കഥയുടെ അന്ത്യത്തില്‍ വൈദികര്‍ വില്ലന്മാരും കൊലപാതകികളും ആഭാസന്മാരുമൊക്കെയായി ചിത്രീകരിക്കപ്പെടുന്ന രീതികള്‍ക്ക് വളരെ ബോധപൂര്‍വ്വമുള്ള ‘ഹിഡന്‍ അജണ്ട’കളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം സിനികള്‍ക്കിടയില്‍ ‘വരയന്‍’ വ്യത്യസ്തമായിത്തീരുന്നു. വൈദികരോടുള്ള മനോഭാവങ്ങളില്‍ മാറ്റം വന്നുതുടങ്ങുന്നതിന് വരയന്‍ പ്രേരകമാകുമെന്നു കരുതാം.ഒരു വൈദികന്‍ തന്നെ രചന നടത്തി, വൈദികന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ഒരു സിനിമ ആദ്യമായി സംഭവിക്കുന്നതായിരിക്കണം. നവാഗതമായ സംവിധായകന്‍ ജിജോ ജോസഫും ഫാ. ഡാനി കപ്പൂച്ചിനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിജൂ വില്‍സണും ഇതര കലാകാരന്മാരും അഭിനന്ദനമര്‍ഹിക്കുന്നു. മറ്റൊരു ക്രിസ്തുവായിത്തീരേണ്ട പുരോഹിതന്‍ ഈ സിനിമയില്‍ ക്രിസ്തുവിന്‍റെ രൂപസാദൃശ്യങ്ങളില്‍തന്നെ പ്രത്യക്ഷപ്പെടുന്നതിലും ഒരു ലാവണ്യമുണ്ട്. ചുരുക്കത്തില്‍ നല്ലൊരു ദൃശ്യാനുഭവം പ്രദാനം ചെയ്യുന്ന ‘വരയന്‍’ തികച്ചും ആസ്വാദ്യകരം തന്നെ.