തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചതായി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അറിയിച്ചു.
6.6 ശതമാനമാണ് വൈദ്യുതിചാര്‍ജില്‍ വര്‍ദ്ധന വരിക. പ്രതിമാസം അന്‍പത് യൂണിറ്റ് വരെയുളള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ചാര്‍ജ് വര്‍ദ്ധനയില്ല. 51 യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെ 25 പൈസയുടെ വര്‍ദ്ധനയാണ് വരുത്തിയത്. 100 യൂണിറ്റ് വരെ പ്രതിമാസം 22.50 രൂപയുടെ വര്‍ദ്ധനയാണ്. 150 യൂണിറ്റ് വരെ 47.50 വര്‍ദ്ധിക്കും.
പെട്ടിക്കടകള്‍ക്ക് കണക്‌ടഡ് ലോഡ് 2000 വാട്ട് ആക്കി ഉയര്‍ത്തി. വൃദ്ധസദനങ്ങള്‍, അങ്കന്‍വാടികള്‍, അനാഥാലയങ്ങള്‍ എന്നിവിടങ്ങില്‍ നിരക്ക് വര്‍ദ്ധനയില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും നിലവിലെ ഇളവ് തുടരും. മാരക രോഗമുളളവരുടെ വീടുകളിലും ഇളവുണ്ടാകും. പ്രതിമാസം 40 വാട്ട് ഉപയോഗിക്കുന്ന 1000 വാട്ട് കണക്‌ടഡ് ലോഡുളളവര്‍ക്ക് വര്‍ദ്ധനയുണ്ടാകില്ല. 150 യൂണിറ്റ് മുതല്‍ 200 യൂണിറ്റ് വരെ സിംഗിള്‍ ഫേസ് ഉപഭോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് 100ല്‍ നിന്ന് 160 ആയി. 200-250 യൂണിറ്റ് സിംഗിള്‍ ഫേസ് ഉപഭോക്താക്കള്‍ക്ക് 80 രൂപ എന്നതില്‍ നിന്ന് 100 രൂപയായും ചാര്‍ജ് കൂട്ടി. കാര്‍ഷിക മേഖലയിലും വൈദ്യുതിചാര്‍ജ് വര്‍ദ്ധനയുണ്ട്. ഫിക്‌സഡ് ചാര്‍ജ് 10ല്‍ നിന്നും 15 രൂപയായാണ് ഉയര്‍ത്തിയത്.