ദേവികുളം,പീരുമേട്,ഉടുമ്പൻചോല മേഖലകൾ കേരളത്തിന് നൽകിയത് കർഷകരാണ്..എന്നിട്ടാണ് ഈ ചതി..!


പി.സി. സിറിയക് IAS

രണ്ടു നിര്‍ണ്ണായക ഘട്ടങ്ങളില്‍ കേരളത്തെ രക്ഷിച്ച മലയോര കര്‍ഷകരെ കൈവിടാനാവില്ല!


ഇന്‍ഡ്യയിലെ വന്യമൃഗസങ്കേതങ്ങളുടെ ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ‘ബഫര്‍ സോണ്‍’ നിര്‍മ്മിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്, രാജസ്ഥാനിലെ ഒരു വന്യമൃഗസങ്കേതത്തിന്‍റെ കേസിലായിരുന്നു. ഭൂപ്രകൃതി, ജനസാന്ദ്രത, ഭൂമിയുടെ ഉപയോഗരീതികള്‍ എന്നിവയിലെല്ലാം വളരെയധികം വ്യത്യസ്തതകള്‍ നമ്മുടെ രാജ്യത്തിലുണ്ട്. ഈ പരമാര്‍ത്ഥം മറന്നുകൊണ്ട് “one size fits all” എന്ന ആശയം ഉയര്‍ത്തിക്കാട്ടി എല്ലാ സംസ്ഥാനങ്ങളിലും, എല്ലാ വന്യമൃഗസങ്കേതങ്ങളിലും, ദേശീയ ഉദ്യാനങ്ങളിലും അതിര്‍ത്തിക്കുപുറത്ത് ഒരേപോലെ ബഫര്‍ സോണ്‍ വേണം എന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി. ഇനി ഈ കുരുക്ക് ഒഴിവാക്കിയെടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ വേണ്ടതു ചെയ്യണം, ചെയ്തേ തീരൂ!
രാജസ്ഥാനിലും, ഹിന്ദി ഹൃദയഭൂമിയിലെ മറ്റു സംസ്ഥാനങ്ങളിലും ബഫര്‍ സോണിനെച്ചൊല്ലി വലിയ എതിര്‍പ്പുണ്ടാകാനിടയില്ല. കാരണം അവിടെയെല്ലാം ജനസാന്ദ്രത കുറവാണ്. കാടുകളും, പുല്‍മേടുകളും, ഊഷരഭൂമികളുമെല്ലാം നിറഞ്ഞ ആ വിസ്തൃതമായ പ്രദേശത്ത് മനുഷ്യരെ ബുദ്ധിമുട്ടിക്കാതെ മൃഗങ്ങളെ സംരക്ഷിക്കാന്‍ പ്രയാസമില്ല. കേരളത്തിലെ സ്ഥിതി അങ്ങനെയല്ലല്ലോ. ഇവിടെ മലയോരപ്രദേശങ്ങളെല്ലാം ജനവാസകേന്ദ്രങ്ങളാണ്. സംസ്ഥാനത്തിന്‍റെ സമ്പദ്വ്യവസ്ഥയ്ക്ക് മാന്യമായ സംഭാവന നല്‍കുന്ന നാണ്യവിളകളുടെ കേന്ദ്രങ്ങളാണ്. നമ്മുടെ വന്യമൃഗസങ്കേതങ്ങള്‍ മിക്കതും സ്ഥിതി ചെയ്യുന്ന മലയോര മേഖല എങ്ങനെയാണ് ജനവാസകേന്ദ്രങ്ങളായിത്തീര്‍ന്നത്?
രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പ് ഇന്ത്യയുടെ ഭക്ഷ്യധാന്യക്കമ്മി നികത്തിയിരുന്നത് ബര്‍മ്മ (ഇന്നത്തെ മയാന്‍മാര്‍), തായ്ലണ്ട് എന്നിവിടങ്ങളില്‍നിന്ന് അരി ഇറക്കുമതി ചെയ്തായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ പ്രദേശങ്ങളെല്ലാം ജപ്പാന്‍ ആക്രമിച്ചു കീഴടക്കിയതോടെ അരി വരവ് നിന്നു. യുദ്ധം കഴിഞ്ഞയുടനേ നടന്നു, നമ്മുടെ രാജ്യത്തിന്‍റെ വിഭജനം. നല്ല ജലസേചനസൗകര്യങ്ങളുണ്ടായിരുന്ന സിന്ധു നദീതടം മുഴുവന്‍ പശ്ചിമ പാക്കിസ്ഥാനായിത്തീര്‍ന്നു, ബംഗാളിലെ കൃഷിസ്ഥലം മിക്കവാറും കിഴക്കേപാക്കിസ്ഥാനിലുമായി. (ഇന്ന്, ബംഗ്ലാദേശ്). നാട്ടിലെ പ്രധാന ഭക്ഷ്യോല്‍പ്പാദന മേഖലകള്‍ നഷ്ടപ്പെട്ടതിന് പുറമേ, വിഭജനത്തെത്തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ ലഹളയും കൂടിയായതോടെ ഭക്ഷ്യോല്പാദനം തകര്‍ന്നു; ജനങ്ങള്‍ കൊടുംപട്ടിണിയില്‍; ലക്ഷക്കണക്കിനാളുകളാണ് ബംഗാളിലും, ബീഹാറിലും പട്ടിണി മരണത്തിനിരയായത്.
നമ്മുടെ നാട്ടില്‍ ഈ പട്ടിണിമരണങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കര്‍ഷകരെ ആഹ്വാനം ചെയ്തു. നമ്മുടെ ഹൈറേഞ്ച് പ്രദേശത്തേയ്ക്ക് കുടിയേറുക; കൃഷി ചെയ്യുക, നെല്ലും, കപ്പയും, ചേനയും, കാച്ചിലുമെല്ലാം ഉല്പാദിപ്പിക്കുക – അങ്ങനെ വന്യമൃഗാക്രമണങ്ങളും, മലമ്പനിയുമെല്ലാമായി പടവെട്ടി, സാഹസികമായി കുടിയേറി, കൃഷി  ചെയ്ത് നാട്ടില്‍ പട്ടിണി ഒഴിവാക്കിയവരുടെ പിന്‍തലമുറയാണ് ഇന്നത്തെ മലയോരകര്‍ഷകര്‍.
ഇനി അല്പം രാഷ്ട്രീയം, 1950-കളില്‍ ഇവിടെ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കാന്‍ ഇന്ത്യാക്കാര്‍ തീരുമാനിക്കുന്നു. കേരളത്തില്‍ തെക്കന്‍ തിരുവിതാംകൂര്‍ (ഇന്നത്തെ കന്യാകുമാരി ജില്ല) പ്രദേശം തമിഴ്നാട്ടില്‍ ചേര്‍ക്കാന്‍ വന്‍പ്രക്ഷോപണം നടക്കുന്നു. അവിടത്തെ എം.എല്‍.എ. മാര്‍ എല്ലാവരും തിരുവിതാംകൂര്‍ തമിഴ്നാട് കോണ്‍ഗ്രസ്സ് (TTNC) എന്ന പാര്‍ട്ടിക്കാര്‍. മാത്രമല്ല, ദേവികുളം – പീരുമേട് പ്രദേശങ്ങളിലും എം.എല്‍.എ. മാര്‍ TTNC ക്കാര്‍തന്നെ. ജനങ്ങളില്‍ മഹാഭൂരിപക്ഷവും തമിഴര്‍. നമ്മുടെ നെല്ലറ ആയിരുന്ന തെക്കന്‍ തിരുവിതാംകൂര്‍ നഷ്ടപ്പെടുമെന്നത് തീര്‍ച്ചയായി. പക്ഷേ, ദേവികുളം, പീരുമേടുമെല്ലാം നമുക്ക് നഷ്ടപ്പെട്ടാല്‍ കേരളത്തിന്‍റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമല്ലോ. മുല്ലപ്പെരിയാര്‍, പെരിയാര്‍ എന്നിവിടങ്ങളിലെ ജലസമ്പത്ത്, നമ്മുടെ ജലവൈദ്യുത പദ്ധതികള്‍, നമ്മുടെ കാര്‍ഷിക മേഖലയുടെ നട്ടെല്ലായ തേയില, കാപ്പി, ഏലത്തോട്ടങ്ങള്‍ ഇവയെല്ലാം നഷ്ടപ്പെടുന്ന സ്ഥിതി നമുക്ക് ചിന്തിക്കാന്‍ പോലുമാവില്ല. മുഖ്യമന്ത്രി പട്ടം താണുപിള്ള ഒരു കാമ്പയിന്‍ – ഒരു തീവ്രയജ്ഞം – തന്നെ നടത്തി. ഹൈറേഞ്ചിലേക്ക് കുടിയേറുക. സാഹസികമായ കുടിയേറ്റം ഒരിക്കല്‍ക്കൂടി. അവരുടെ ത്യാഗവും, സാഹസികതയും വ്യര്‍ത്ഥമായില്ല. ദേവികുളം – പീരുമേട് പ്രദേശം കേരളത്തില്‍ത്തന്നെ നിലനിറുത്താന്‍, ശക്തമായ തമിഴ്നാടന്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടും, നമുക്കു സാധിച്ചു.
ഇങ്ങനെ രണ്ടു വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നമ്മെ രക്ഷിച്ചവരുടെ പിന്‍തലമുറയെ വഴിയാധാരമാക്കരുത് എന്ന് കേരളത്തിലെ സര്‍വ്വകക്ഷികളും കൂടി തീരുമാനമെടുത്തു; 1977 ജനുവരി ഒന്നിന് കൈവശാവകാശമുണ്ടായിരുന്നവര്‍ക്കെല്ലാം ഭൂമിയില്‍ സ്ഥിരാവകാശം നല്‍കുന്ന പട്ടയം ലഭ്യമാക്കാന്‍ തീരുമാനമുണ്ടായത് അങ്ങനെയാണ്. പക്ഷേ, വര്‍ഷം നാല്പത്തഞ്ച് കഴിഞ്ഞിട്ടും ഈ വാഗ്ദാനം നിറവേറ്റപ്പെട്ടിട്ടില്ല. ഇങ്ങനെ നിരാശരായിക്കഴിയുന്ന ജനങ്ങള്‍ക്കുമേല്‍ വീണ്ടും പതിക്കുന്നു, ഇടി വെട്ടുകള്‍. 2012-ലെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും, 2013 -ലെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും!
കേരളത്തിന്‍റെ മൊത്തം വിസ്തീര്‍ണ്ണത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗത്തെയും പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ചു, പ്രൊഫ. മാധവ് ഗാഡ്ഗിലിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി. പരിസ്ഥിതി ലോലപ്രദേശങ്ങളെ ഗാഡ്ഗില്‍ മൂന്ന് വിഭാഗങ്ങളായി തിരിച്ചു. പലവിധ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രം അവിടെ ജീവിക്കേണ്ടി വരുന്ന മനുഷ്യര്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങളെ മയപ്പെടുത്താനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു, ശൂന്യാകാശശാസ്ത്രജ്ഞന്‍ കസ്തൂരി രംഗന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ. ഈ കമ്മിറ്റിയുടെ പഠനം കഴിഞ്ഞ് നമ്മുടെ പശ്ചിമഘട്ട പ്രദേശത്തുള്ള 123 ഗ്രാമങ്ങളെ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചു. ഉപഗ്രഹത്തില്‍നിന്നുള്ള ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്തൂരി രംഗന്‍ കാടും, നാടും തിരിച്ചറിയാന്‍ ശ്രമിച്ചത്. പക്ഷേ, ഉപഗ്രഹഫോട്ടോയില്‍ തോട്ടങ്ങളും, കാടുപോലെ തോന്നുമല്ലോ. ഏതായാലും ഈ 123 ഗ്രാമത്തിലും സ്ഥലപരിശോധന നടത്തി കൃഷിസ്ഥലങ്ങളും, കര്‍ഷകരുടെ വീടുകളും മറ്റും ഒഴിവാക്കി, പരിസ്ഥിതി ലോല പ്രദേശം നിര്‍ണ്ണയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും, ഇതുവരെ ഇക്കാര്യത്തില്‍ കേന്ദ്രത്തെക്കൊണ്ട് അവസാനതീരുമാനം എടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.
അതിനിടയ്ക്കാണ് ജൂണ്‍ 3-ലെ സുപ്രീം കോടതി വിധി – ഇന്ന് കേരളത്തിലുള്ള നാഷണല്‍ പാര്‍ക്കുകളും, വന്യമൃഗസങ്കേതങ്ങളും കൂടി 24 എണ്ണം. ഇവയെല്ലാംകൂടി ഉദ്ദേശം 8 ലക്ഷം ഏക്കര്‍ വിസ്തൃതിയുണ്ടെന്നാണ് കണക്ക്. ഇവയോരോന്നിനും ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ബഫര്‍ സോണ്‍ നിര്‍ണ്ണയിച്ചാല്‍ 4 ലക്ഷം ഏക്കര്‍ സ്ഥലമായിരിക്കും ബാധിക്കപ്പെടുന്നത്. ഈ പ്രദേശത്ത് അനേകം കര്‍ഷകര്‍ അനേകവര്‍ഷങ്ങളായി താമസിച്ച്, വീടുവച്ച്, കൃഷിയും, ചെറുകിട കൈത്തൊഴിലുകളും, വ്യാപാരവുമെല്ലാമായി കഴിയുന്നു. വിദ്യാലയങ്ങളും, കടകളും, ആരാധനാലയങ്ങളും, കട്ടപ്പന പോലുള്ള നഗരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നമ്മുടെ ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മലയോരപ്രദേശങ്ങളില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് കര്‍ഷകരുടെ സാധാരണജീവിതം അസാധ്യമാക്കുന്ന ഈ സുപ്രീം കോടതിവിധി കേരളത്തില്‍ നടപ്പാക്കാന്‍ പാടില്ല.
വന്യമൃഗസങ്കേതങ്ങള്‍ ജാഗ്രതയോടെ പരിരക്ഷിക്കപ്പെടേണ്ടവ തന്നെയാണ്. അവയുടെ അതിര്‍ത്തികള്‍ വേലിയുറപ്പിച്ച് ഭദ്രമാക്കണം. സോളാര്‍ വേലികള്‍, കിടങ്ങുകള്‍ എന്നിവയുടെ സഹായത്തോടെ വന്യമൃഗങ്ങള്‍ സങ്കേതത്തിന് പുറത്തിറങ്ങാതെ ശ്രദ്ധിക്കേണ്ടത് വനംവകുപ്പിന്‍റെ ചുമതലയാണ്. ഒരു കി. മീറ്റര്‍ ബഫര്‍സോണ്‍ എന്ന ആശയം  തന്നെ കേരളത്തെപ്പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്തില്‍ നടപ്പാക്കാനാവില്ലെന്ന് കേരളസര്‍ക്കാര്‍ പ്രഖ്യാപിക്കണം. ബഫര്‍ സോണ്‍ നടപ്പില്‍ വരുത്തിയാല്‍, അവിടെ അകപ്പെടുന്ന കര്‍ഷകര്‍ പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയരായി ജീവിക്കേണ്ടി വരും. ക്രമേണ സാധാരണജീവിതം അസാധ്യമായിത്തീര്‍ന്ന് മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ വീടുവിട്ടിറങ്ങി അഭയാര്‍ത്ഥികളായി നട്ടംതിരിയാന്‍ വിധിക്കപ്പെടും. ഇതെല്ലാം ഒഴിവാക്കാന്‍ ബഫര്‍സോണ്‍ പദ്ധതി അപ്രായോഗികമെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ കേരളസര്‍ക്കാരിന് കഴിയണം.അവസാനം, ഒരു നിവൃത്തിയുമില്ലാതെ ബഫര്‍ സോണ്‍ നടപ്പിലാക്കിയേ തീരൂ എന്ന് സുപ്രീം കോടതി വാശിപിടിച്ചാല്‍, അതിനെതിരായി പുതിയ നിയമനിര്‍മ്മാണം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവന്ന് കര്‍ഷകരെ രക്ഷിക്കണം.
ഇതും പ്രായോഗികമാക്കാന്‍ കഴിയുന്നില്ലെങ്കില്‍, ബഫര്‍ സോണില്‍ അകപ്പെടുന്ന കര്‍ഷകരുടെ ഭൂമി മുഴുവന്‍ ഹൈവേ നിര്‍മ്മാണത്തിനായി പൊന്നുംവിലയ്ക്ക് സര്‍ക്കാര്‍ എടുക്കുന്ന ഭൂമിക്ക് നല്‍കുന്നതുപോലെ ന്യായമായ നഷ്ടപരിഹാരം നല്‍കി അവരെ പുനരധിവസിപ്പിക്കാനുള്ള ഏര്‍പ്പാടുകളും ചെയ്യണം.
ഏറ്റവും പ്രായോഗികമായ സമീപനം, കേരളത്തിലെ ജനസാന്ദ്രതയും, കര്‍ഷകര്‍ മലയോരത്ത് എത്താനിടയായ പ്രത്യേക സാഹചര്യങ്ങളും കണക്കിലെടുത്ത് ബഫര്‍ സോണ്‍ എന്ന ആശയം ഇവിടെ അപ്രായോഗികമെന്ന യഥാര്‍ത്ഥ സ്ഥിതി അംഗീകരിക്കുക, എന്നതാണ്.
വനാതിര്‍ത്തികളും, വന്യമൃഗസങ്കേതങ്ങളും ശക്തമായ വേലിക്കെട്ടിനുള്ളിലായിരിക്കണം. അവിടെനിന്നും മൃഗങ്ങള്‍ പുറത്തുചാടി മനുഷ്യജീവിതം ദുസ്സഹമാക്കാന്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ല. അതോടൊപ്പം വളരെ വേഗം പെറ്റുപെരുകുന്ന കാട്ടുപന്നി, കുരങ്ങ് ഇവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം. ഇത്തരം മൃഗങ്ങളുടെ സംഖ്യ കാലാകാലങ്ങളില്‍ കൃത്യമായി കണക്കെടുത്ത് കാടിന് താങ്ങാവുന്നതിലധികമാകുമ്പോള്‍ ശാസ്ത്രീയ രീതിയില്‍ അവയുടെ സംഖ്യ നിയന്ത്രിച്ച് നിറുത്താന്‍ വനംവകുപ്പിനെ അധികാരപ്പെടുത്തണം.
കഠിനപ്രയത്നം ചെയ്ത് ഒരു നിര്‍ണ്ണായകഘട്ടത്തില്‍ നാട്ടില്‍ പട്ടിണി മരണം ഒഴിവാക്കിയ കര്‍ഷകരെ മറക്കാന്‍ പാടില്ല. അതുപോലെതന്നെ, മറ്റൊരു നിര്‍ണ്ണായക ഘട്ടത്തില്‍, ദേവികുളം – ഉടുമ്പഞ്ചോല – പീരുമേട് മേഖലകള്‍ കേരളത്തിന് നഷ്ടമാക്കാതിരിക്കാനായി സര്‍ക്കാരിന്‍റെ ആഹ്വാനം ചെവിക്കൊണ്ട് കുടിയേറിയവരുടെ പിന്‍തലമുറകളുമാണിവര്‍. അവരുടെ ജീവിതം സുരക്ഷിതമായി നിലനിറുത്താന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ഈ വിഷമഘട്ടത്തില്‍ അവരുടെ ആശങ്കകളകറ്റി സ്വൈരജീവിതം തുടരാന്‍ അവരെ അനുവദിച്ചേ തീരൂ.