‘പന്ത്രണ്ട്’ മിശിഹാചരിത്രം റീലോഡഡ്

ഫാ.എസ്.കിടങ്ങത്താഴെ
‘പന്ത്രണ്ട്’ എന്ന സിനിമ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ‘അഭിനവ മിശിഹാചരിത്രം’ ആണ്. സംവിധാനവും രചനയും നിര്‍വഹിച്ച ലിയോ തദേവൂസും ഈ ചിത്രത്തിലെ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും വലിയ അഭിനന്ദനമര്‍ഹിക്കുന്നു. ക്രൈസ്തവ ബിംബങ്ങള്‍ ഒന്നുംതന്നെ കാണിക്കാതെ, രണ്ടായിരം വര്‍ഷം മുമ്പ് നസ്രത്തിലൂടെ കടന്നുപോയ ചെറുപ്പക്കാരനെ ഇന്നിന്‍റെ വഴിത്താരകളിലൂടെ അതിസമര്‍ത്ഥമായി സംവിധായകന്‍ നടത്തിക്കൊണ്ടുപോയി. പറയുന്നതും കാണിക്കുന്നതും തീര്‍ത്തും ആനുകാലികം. എന്നാല്‍ അതിനെല്ലാം പുതിയനിയമ സംഭവങ്ങളുമായി സാധര്‍മ്യം കാണാന്‍ ഏറെ ചിന്തിക്കേണ്ടതില്ലതാനും. എത്രമാത്രം സെക്കുലര്‍ ആകാമോ അത്രമാത്രം സെക്കുലര്‍ ആയിട്ടുണ്ട്, ഒപ്പം എത്രമാത്രം ആത്മീയമാകാമോ അത്രമാത്രം ആത്മീയവും. ഈയൊരു സങ്കീര്‍ണതയാണ് സംവിധായകന്‍ വല്ലാത്ത കയ്യടക്കത്തോടെ പന്ത്രണ്ടില്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
സ്പോയിലര്‍ ആയേക്കുമോ എന്ന ആശങ്കകൊണ്ട് ചിത്രത്തിന്‍റെ കഥാംശത്തെക്കുറിച്ച് ഒന്നുംതന്നെ ഈ കുറിപ്പില്‍ പ്രതിപാദിക്കുന്നില്ല. വല്ലാത്തൊരു അനുഭൂതി നല്‍കുന്ന ചിത്രമാണിത്. ഒരുപക്ഷേ വാക്കുകളില്‍ പറയാവുന്നതിലുമധികം ‘പന്ത്രണ്ട്’ ഒരു അനുഭവമാണ്, ദൃശ്യലാവണ്യമാണ്. കടലിന്‍റെ മടുപ്പില്ലാത്ത പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ, കടലുപോലെ വിവിധ ഭാവങ്ങളിലൂടെ കടന്നുപോകുന്ന പച്ചമനുഷ്യരുടെ കഥയാണ് പറയുന്നത്. അവിടെ നമ്മള്‍ കണ്ടുമുട്ടുന്ന മനുഷ്യരെല്ലാവരും വിശുദ്ധ ഗ്രന്ഥത്തിലെ ക്രിസ്തുവുള്‍പ്പെടെ, പന്ത്രണ്ട് ശിഷ്യന്മാരുള്‍പ്പെടെ ഓരോരുത്തരെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. അതിനാല്‍തന്നെ അവരുടെ ജീവിതത്തിലെ സംഭവങ്ങള്‍ ഓരോന്നും പുതിയ നിയമത്തിലെ ഓരോരോ സംഭവങ്ങളെയും. എന്തൊരു സൗന്ദര്യമാണ് ഇതുവരെയും അഭ്രപാളികളില്‍ ആരും ആവിഷ്കരിക്കാത്ത അക്കാര്യങ്ങള്‍ക്ക്. രോമാഞ്ചമുണ്ടാക്കുന്ന എത്രയെത്ര രംഗങ്ങള്‍! ക്രിസ്തു വചനങ്ങളുടെ ആത്മാവുള്‍ക്കൊള്ളുന്ന സംഭാഷണ ശകലങ്ങള്‍! മറക്കാനാവാത്ത ജീവിത മുഹൂര്‍ത്തങ്ങള്‍!
യഥാര്‍ത്ഥത്തില്‍, ഇനിയും വേണ്ടത്ര ധ്യാനിക്കപ്പെടാത്ത ഒന്നാണ് ക്രിസ്തുവിന്‍റെ ചേര്‍ത്തുപിടിക്കലുകള്‍. ഒത്തിരി കുറവുകളുള്ള പച്ചമനുഷ്യരെ അവനെത്രമാത്രമാണ് ചേര്‍ത്തുപിടിച്ചത്. ക്രിസ്തുവില്‍, പിന്‍ഞ്ചെല്ലാന്‍ ഇന്നും ഏറെ ബുദ്ധിമുട്ടായി അവശേഷിക്കുന്ന നന്മകളില്‍ ഒന്നാണത്. ഒരു നോട്ടത്തിലും മന്ദസ്മിതത്തിലുമൊക്കെയായി ക്രിസ്തു അവരോടുള്ള വാത്സല്യവും താക്കീതുകളും തിരുത്തലുകളും എല്ലാം സംവേദനം ചെയ്തിരുന്നു.  ‘പന്ത്രണ്ട്’ നല്‍കുന്ന ഹൃദയഹാരിയായ അനുഭവങ്ങളുടെ ആത്മാവായി നിലകൊള്ളുന്നത് നസ്രായന്‍റെ ഈ അനന്യതകളൊക്കെത്തന്നെയാണ്. ആരെയും കുറവുകളുടെ പേരില്‍ അവഗണിക്കാതെയും മാറ്റിനിര്‍ത്താതെയും വിധിക്കാതെയും നോവിക്കാതെയും കരുണ മുറ്റിയ കടാക്ഷത്തില്‍ അവന്‍ തളച്ചിട്ടു. പതിയെപ്പതിയെയാണ് അവന്‍ പരുക്കരായ മനുഷ്യരുടെ ഉള്ളിലേക്ക് കടന്നുകയറിയത്. വിശുദ്ധഗ്രന്ഥപ്രതിപാദ്യങ്ങളുടെ ഉള്‍ക്കാമ്പ് മനസ്സിലാക്കിയ സംവിധായകന്‍ ഒത്തിരിയേറെ നൊമ്പരപ്പെട്ടു പ്രസവിച്ചതാണ് ‘പന്ത്രണ്ട്’ എന്ന സിനിമയെന്ന് തോന്നിയത് ഇതുകൊണ്ടൊക്കെത്തന്നെ.
നന്മയുടെ വെളിച്ചങ്ങള്‍ അത്രയും കെടുത്തിക്കളയാന്‍ ഒരു കൂട്ടരുണ്ടാകും നമുക്കു ചുറ്റിലും. സൃഷ്ടി മുതല്‍ വിശുദ്ധഗ്രന്ഥത്തിലെ സമാന്തര പ്രതിപാദ്യമായി സാത്താന്‍റെ തേരോട്ടങ്ങള്‍ നാം കാണുന്നുണ്ട്. ‘പന്ത്രണ്ടി’ലുമുണ്ട് അത്തരക്കാര്‍. ‘പന്ത്രണ്ടി’ലുമുണ്ടെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം അവരൊക്കെ വിശുദ്ധ ഗ്രന്ഥത്തിലുമുള്ളവര്‍ത്തന്നെയെന്നാണ്. കുരങ്ങിനെ കളിപ്പിക്കുന്നപോലെ സ്വാര്‍ത്ഥപൂരണത്തിന്, മസ്തിഷ്കം പണയംവച്ച കുറെ മനുഷ്യരെ ഉപയോഗിക്കുന്ന തിന്മയുടെ കൂട്ടുകാര്‍. കയ്യില്‍ വച്ചുകിട്ടുന്ന ചില്ലറത്തുട്ടുകളുടെ തിളക്കത്തില്‍ സ്വന്തം നിലപാടുകള്‍ ഇല്ലാതെ പോകുന്ന മനുഷ്യര്‍ അവരുടെ കരുക്കളായി മാറുന്നു. ആയുധ മുനകളില്‍ അവര്‍ ഒഴുക്കുന്ന നിഷ്കളങ്കരക്തത്തിന്‍റെ കറകള്‍ ആത്മാവിലെ മായാത്ത കറകളായി മാറുന്നുവെന്ന് പോകെപ്പോകെ അവര്‍ക്ക് മനസ്സിലാകുന്നത് 33 വയസ്സുള്ള ചെറുപ്പക്കാരന്‍റെ സൗമ്യസാന്നിധ്യത്തിലൂടെയും നിശബ്ദമായ ഇടപെടലുകളിലൂടെയുമാണ്.സിനിമയുടെ ആദ്യപകുതിയുടെ പകുതിയോളം എത്തുമ്പോഴേ എന്താണ് ‘പന്ത്രണ്ട്’ എന്ന് നമുക്ക് മനസ്സിലായിത്തുടങ്ങൂ. അതുകഴിഞ്ഞാല്‍ പിന്നെ നമ്മള്‍ സിനിമയുടെ ഉള്‍ക്കരുത്തിലമര്‍ന്ന് അറിയാതെയങ്ങ് ഒഴുകി തുടങ്ങുകയാണ്. ഒരു വെളിച്ചത്തിന്‍റെയും തിരിച്ചറിവിന്‍റെയുമൊക്കെ കവചം നമ്മെ പ്രകാശിപ്പിച്ചു തുടങ്ങും. പന്ത്രണ്ട് പേരിലേക്ക് അവന്‍ നന്മയുടെ ചൈതന്യമായി കടന്നുചെല്ലുമ്പോള്‍ നാമും പന്ത്രണ്ടില്‍ ഒരാളാവുകയാണ്. പന്ത്രണ്ടു പേരുടെ വാനില്‍ ‘അറിയാതെ കയറിപ്പോയവന്‍’ എന്ന വ്യാജേന വന്നിരുന്നിട്ട് അവരുടെയെല്ലാം മനസ്സ് കവര്‍ന്ന് അവന്‍ പോകുന്നുണ്ട്.. പിന്നെ ശരിക്കും അവന്‍ കൂടെ വേണമെന്ന് അവരാഗ്രഹിച്ചപ്പോള്‍ മുറിപ്പാടിന്‍റെ കൈകാലുകളുമായി അപ്രതീക്ഷിത സമയത്ത് വീണ്ടും അവരുടെ വാനിലേക്ക് അവന്‍ പ്രവേശിക്കുമ്പോള്‍ പ്രേക്ഷകരുടെയും ഉള്‍പ്രകാശമായി അവന്‍ തീരുകയാണ്.
എല്ലാവരും ‘പന്ത്രണ്ട്’ കാണണം, തിയേറ്ററില്‍ത്തന്നെ. കാരണം തിയേറ്ററില്‍ ലഭിക്കേണ്ട ദൃശ്യാനുഭവം ഈ സിനിമയ്ക്കുണ്ട്. ലിയോ തദേവൂസ് എന്ന സംവിധായകന്‍ സഭ പ്രോത്സാഹിപ്പിക്കേണ്ട, പ്രമോട്ട് ചെയ്യേണ്ട വ്യക്തിയാണ്. കലര്‍പ്പില്ലാത്ത തികഞ്ഞ ഉദ്ദേശ്യശുദ്ധിയോടെയാണ് അദ്ദേഹം ഈ സിനിമ ചെയ്തിട്ടുള്ളത്. ഇതു മാത്രമല്ല, ആദ്യ സിനിമയായ ‘പച്ചമരത്തണല്‍’ തുടങ്ങി അദ്ദേഹം ഇങ്ങനെ തന്നെയാണ്. നിര്‍മ്മാതാവ് വിക്ടറും സംഗീതസംവിധായകന്‍ അല്‍ഫോന്‍സും ലിയോ തദേവൂസിന്‍റെ മനസ്സിനൊപ്പം നിന്ന നിര്‍മ്മമ വ്യക്തിത്വങ്ങളാണ്. ഈശോയ്ക്കുവേണ്ടി തങ്ങളുടെ കഴിവുകളെയും സാധ്യതകളെയും അവയുടെ പരമാവധിയില്‍ വിനിയോഗിക്കുന്ന ഇവരെല്ലാം തീര്‍ച്ചയായും അംഗീകരിക്കപ്പെടണം, ആദരിക്കപ്പെടണം.