ന്യൂഡല്‍ഹി: രാജ്യത്തെ വടക്ക് പടിഞ്ഞാറന്‍ സംസ്‌ഥാനങ്ങളില്‍ ശക്‌തമായ മഴയും വെള്ളപ്പൊക്കവും രൂക്ഷമായി തുടരുകയാണ്.
നിലവില്‍ ഗുജറാത്തിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്‌ടം വിതച്ചത്. 63 ജീവനുകളാണ് ഗുജറാത്തില്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് പൊലിഞ്ഞത്.
കൂടാതെ ഗുജറാത്തിലെ സപുതാര വാഗായ് റോഡില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഇതോടെ വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്തെ 8 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മഹാരാഷ്‌ട്രയിലും മഴക്കെടുതി രൂക്ഷമാണ്. മഹാരാഷ്‌ട്രയിലെ 5 ജില്ലകളില്‍ ജൂലൈ 14ആം തീയതി വരെ റെഡ് അലര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോലാപൂര്‍, പാല്‍ഘര്‍, നാസിക്, പൂനെ, രത്‌നഗിരി ജില്ലകളിലാണ് റെഡ് അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ അടുത്ത 3 ദിവസം മുംബൈയില്‍ ഓറഞ്ച് അലര്‍ടും ആയിരിക്കും. തെലങ്കാനയിലെ പ്രളയ സാഹചര്യവും അതീവ ഗുരുതരമാണെന്ന് അധികൃതര്‍ വ്യക്‌തമാക്കി. കൂടാതെ അമര്‍നാഥില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ 40 പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കരസേനയുടെ പ്രത്യേക സംഘമാണ് തിരച്ചില്‍ നടത്തുന്നത്