ചാന്‍സലര്‍ ബില്ലില്‍ ഗവര്‍ണര്‍ നിയമോപദേശം തേടി; ജനുവരി മൂന്നിന് സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം തുടര്‍നടപടി

ന്യൂഡല്‍ഹി: ചാന്‍സലര്‍ ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമോപദേശം തേടി. രാജ്ഭവന്‍ സ്റ്റാന്‍ഡിംഗ് കോണ്‍സലിനോടാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്.

ജനുവരി മൂന്നിന് ഗവര്‍ണര്‍ സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷമായിരിക്കും വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കുക.

നിയമസഭ പാസാക്കിയ നിയമം നിലനില്‍ക്കുമോയെന്ന് പരിശോധിക്കാനാണ് നിയമോപദേശം. പതിനാല് സര്‍വകലാശാലകളിലെയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ളതാണ് ബില്‍. ഗവര്‍ണര്‍ ബില്‍ തിരിച്ചയക്കുകയോ, ഇതില്‍ തീരുമാനം നീട്ടിക്കൊണ്ടുപോകുകയോ, രാഷ്ട്രപതിയ്ക്ക് അയക്കുകയോ ചെയ്‌തേക്കും.

പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേ‌ര്‍ത്താണ് കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ പാസാക്കിയത്. ഉന്നത വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലുള്ളതാണെന്നും സര്‍വകലാശാല ഭേദഗതി നിയമത്തിന് കേന്ദ്രത്തിന്റെ അനുമതി വേണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.