നിർബന്ധിത മതം മാറ്റത്തിന് ഇരകളായത് 74 പെൺകുട്ടികൾ; ആന്വേഷണം ആവശ്യപ്പെട്ട് പാക് മനുഷ്യവകാശസംഘടന

ലാഹോർ: മുസ്ലീം മതത്തിലേക്കുള്ള നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ഭരണകൂടം അടിയന്തിര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ മനുഷ്യാവകാശ സംഘടന. ‘മരിയ ഷഹബാസ് കേസ്’ അന്താരാഷ്ട്രശ്രദ്ധ നേടിയതിനെ തുടർന്ന് സമാനമായ സംഭവങ്ങൾ വെളിച്ചത്തുവന്ന സാഹചര്യത്തിലാണ് ‘ദ സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ്’ എന്ന സന്നദ്ധ സംഘടന രംഗത്തെത്തിയത്.

നിർബന്ധിത മതപരിവർത്തനത്തിൽനിന്ന് സംരക്ഷണം നൽകുന്ന പാർലമെന്ററി കമ്മിറ്റിക്ക് കത്തെഴുതിയ സംഘം, ഇത്തരം കേസുകൾ വ്യാപകമായ പഞ്ചാബ് പ്രവിശ്യയിൽ അടിയന്തിര പ്രാധാന്യത്തോടെ അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ‘2014 മുതൽ ന്യൂനപക്ഷ സമുദായത്തിൽപെട്ട 74 പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയിട്ടുണ്ട്. അതിൽ 55 ക്രിസ്ത്യൻ, പെൺകുട്ടികളും 18 ഹിന്ദുകുട്ടികളും ഒരു കലാഷിയ പെൺകുട്ടിയുമാണ്,’ കത്തിൽ ചൂണ്ടിക്കാട്ടി.

മതവും നിയമവും ദുരുപയോഗം ചെയ്യുന്നത് രാജ്യത്ത് വർദ്ധിച്ചുവരുന്ന പ്രതിഭാസമാണ്. ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്നത് ന്യൂനപക്ഷ ജനവിഭാഗത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നുണ്ട്. ഇത് വളരെക്കാലമായി നിലനിൽക്കുന്ന മനുഷ്യാവകാശ ആശങ്കയാണെന്നും സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

Leave a Reply