മാർ ജോസഫ് കല്ലറങ്ങാട്ട് കാലഘട്ടത്തിൻ്റെ പ്രവാചക ശബ്ദം: സീറോ മലബാർ കാത്തലിക്സ് ഫെഡറേഷന്‍

പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് ദേവാലയത്തിൽ തിരുനാൾ കുർബാന മധ്യേ നടത്തിയ പ്രസംഗം ചില തൽപര കക്ഷികൾ വിവാദമായി ചിത്രീകരിക്കുന്നത്, അദ്ദേഹം ഉന്നയിച്ച ഗൗരവമുള്ള വിഷയത്തിൽ നിന്നും ഒളിച്ചോടാനും ആ പ്രശ്നങ്ങൾ ഇല്ലെന്ന് വരുത്തിതീർക്കുവാനുമാണെന്ന്‍ സീറോ മലബാർ കാത്തലിക്സ് ഫെഡറേഷന്‍.കേരളത്തിൽ പിടി മുറുക്കുന്ന ലഹരിഉപയോഗവും തീവ്രവാദവും ഒരു നാണയത്തിൻ്റെ ഇരു വശങ്ങളാണ്. ഇവ രണ്ടും കേരളത്തിൽ ഉണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. അതീവ ഗൗരവവും സത്വര നടപടി ആവശ്യകവുമായ ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിശ്വാസികളോട് ജാഗ്രത പുലർത്താൻ കല്ലറങ്ങാട്ട് പിതാവ് ആവശ്യപ്പെട്ടതിനെ വർഗീയവൽകരിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണെന്ന് കേരള സമൂഹം തിരിച്ചറിയണം.തീവ്രവാദത്തിന് എതിരായ പ്രതികരണം ഒരു മതത്തിനോ സമുദായത്തിനോ എതിരല്ല, മറിച്ച് തീവ്രവാദ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും എതിരെയാണ്. എപ്പോഴും തീവ്രവാദത്തിന്റെ പ്രധാന ഇര സ്വസമുദായം തന്നെയാണ്. അഫ്ഗാനിസ്ഥാനിലെ അനുഭവം തന്നെ ഉദാഹരണം. തീവ്രവാദം യഥാർത്ഥത്തിൽ ഏതെങ്കിലും മതത്തിന് മാത്രം എതിരല്ല, അത് മാനവരാശിക്ക് മുഴുവൻ എതിരായ കുറ്റകൃത്യമാണ്. ചില കപട മതേതര വാദികളും അവസരവാദി രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ക്രൈസ്തവ വിരോധം വച്ചുപുലർത്തുന്ന ചില മാധ്യമങ്ങളുമാണ് കല്ലറങ്ങാട്ട് പിതാവ് മാപ്പ് പറയണം എന്ന് മുറവിളി കൂട്ടുന്നത്.ഈ വിവാദം മുതലെടുക്കാൻ ചിലർ കൗശലപൂർവ്വം ശ്രമിക്കുന്നത് അപലപനീയമാണ്. കല്ലറങ്ങാട്ട് പിതാവിന്റെ വാക്കുകളെ മുൻനിറുത്തി തട്ടിക്കൂട്ട് സമാധാന ചർച്ച നടത്തുകയല്ല വേണ്ടത്, മറിച്ച് പിതാവ് ഉന്നയിച്ച ഗൗരവമുള്ള വിഷയങ്ങളിൽ കൃത്യമായ നടപടികൾ കൈക്കൊള്ളുമ്പോളാണ് നിലനിൽക്കുന്ന സമാധാനത്തിനു കളമൊരുങ്ങുന്നത്. പിതാവ് ഉന്നയിച്ച പ്രശ്നങ്ങളെ അവഗണിച്ച്, ഒത്തുതീർപ്പ് ചർച്ച നടത്തി, പിതാവിനെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയോ പ്രസ്താവന പിൻവലിപ്പിക്കുകയോ ചെയ്യാൻ ചില പ്രമുഖർ കാണിക്കുന്ന ഉത്സാഹം യഥാർത്ഥത്തിൽ തീവ്രവാദത്തിനുള്ള പരോക്ഷമായ പിന്തുണയാണ്.ആസന്നമായ അപകടം ചൂണ്ടിക്കാണിക്കുന്ന പിതാവിൻ്റെ വാക്കുകൾ കാലഘട്ടത്തിന്റെ പ്രവാചകശബ്ദമാണ്. പിതാവ് ഉന്നയിച്ച പ്രശ്നങ്ങൾ അതിന്റെ ഗൗരവം നഷ്ടപ്പെടുത്താതെ പഠിക്കാനും വേണ്ട നടപടികൾ കൈക്കൊള്ളുവനും കേന്ദ്ര-സംസ്ഥാന സർക്കാരുകളും അന്വേഷണ ഏജൻസികളും തയ്യാറാവണമെന്നും സീറോ മലബാർ കാത്തലിക്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് രാജേഷ് ജോര്‍ജ്ജ് കൂത്രപ്പള്ളില്‍, ജനറല്‍ സെക്രട്ടറി അമല്‍ പുള്ളുത്തുരുത്തിയില്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.