കുമ്പസാരവും വനിതാ കമ്മിഷന്‍ ശുപാര്‍ശയും…

തിരുസഭയിലെ പവിത്ര മായ കൂദാശകളിലൊന്നാണ് വിശുദ്ധ കുമ്പസാരം. ഉത്ഥിതനായ മിശിഹാ തന്‍റെ ശ്ലീഹന്മാര്‍ക്കു ന ല്‍കിയ പാപമോചനാധികാരമാണ് പൗരോഹിത്യ ശുശ്രൂഷയിലൂടെ ഇരുപത് നൂറ്റാണ്ടു പിന്നിട്ട് തിരുസഭയില്‍ ഇന്നും തുടരുന്നത്. കുമ്പസാരത്തിലൂടെ പാപമോചനവും കൃപാവരവും മനഃശാന്തിയും ദൈവത്തില്‍നിന്നു സ്വീകരിക്കുന്ന വിശ്വാസികളുടെ സമൂഹമാണ് കത്തോലിക്കാസഭയിലുള്ളത്. മാസത്തിലൊരിക്കലെങ്കിലും അനുരഞ്ജന കൂദാശ യോഗ്യതയോടെ സ്വീകരിച്ച് വിശുദ്ധിയിലും സന്തോഷത്തിലും നിറഞ്ഞ് സമൂഹത്തില്‍ നന്മചെയ്തു ജീവിക്കുന്ന ലക്ഷക്കണക്കിനു വിശ്വാസികളിന്നു കത്തോലിക്കാസഭയിലുണ്ടെന്ന വസ്തുത അഭിമാനകരമാണ്. പതിവായിട്ടു കുമ്പസാരിക്കുന്ന വ്യക്തികള്‍ മെച്ചപ്പെട്ട മാനസികാരോഗ്യനിലയും ധാര്‍മികനിലവാരവും പുലര്‍ത്തുന്നുവെന്ന് പല ഔദ്യോഗിക പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
വി. കുമ്പസാരത്തിന് ദൈവശാസ്ത്രപരവും മനഃശാസ്ത്രപരവും ധാര്‍മികവുമായ വിവിധ തലങ്ങളുണ്ട്. വര്‍ഷങ്ങള്‍ നീളുന്ന പരിശീലനത്തിനിടയില്‍ പുരോഹിതന്‍ ഇവയെല്ലാം ആഴത്തില്‍ പഠിച്ചതിനുശേഷം വലിയ ശ്രദ്ധയോടും കരുതലോടും വിശുദ്ധിയോടുംകൂടിയാണ് ഈ കൂദാശാപരികര്‍മ്മം ചെയ്യുന്നത്. വ്യക്തിപരമായി തീരുമാനമെടുത്ത് പ്രാര്‍ത്ഥിച്ചൊരുങ്ങി അനുതാപത്തോടെ എത്തുന്ന വിശ്വാസിക്കു മാത്രമാണ് കുമ്പസാരമെന്ന കൂദാശ സ്വീകരിക്കാന്‍ യോഗ്യതയുള്ളതെന്ന് നമുക്കറിയാം. കുമ്പസാരത്തിന്‍റെ പവിത്രത മനസ്സിലാക്കുന്ന സഭ കുമ്പസാരരഹസ്യം കാത്തുസൂക്ഷിക്കുന്നതിനു ജീവന്‍റെ വിലയാണ് നല്‍കുന്നത്. കുമ്പസാരരഹസ്യം വെളിപ്പെടുത്താന്‍ തയാറാകാതെ വന്നതിന്‍റെ പേരില്‍ ജീവനര്‍പ്പിക്കേണ്ടിവന്ന വൈദികരുടെ ചരിത്രം തിരുസഭയ്ക്ക് അന്യമല്ല. ഏതെങ്കിലും വൈദികന്‍ പരോക്ഷമായിപ്പോലും കുമ്പസാരരഹസ്യം വെളിപ്പെടുത്തിയാല്‍ അദ്ദേഹം കഠിനമായ ശിക്ഷയ്ക്ക് അര്‍ഹനാണെന്നു സഭ പഠിപ്പിക്കുന്നുണ്ട്.
ഇത്തരം കാര്യങ്ങളിലൊന്നും പഠനം നടത്താതെയും സഭാധ്യക്ഷന്മാരുമായി തെല്ലും ആലോചനകൂടാതെയുമാണ് ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനഘടകങ്ങളിലൊന്നായ കുമ്പസാരമെന്ന കൂദാശ നിരോധിക്കണമെന്ന ശിപാര്‍ശ ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാശര്‍മ്മ കേന്ദ്രമന്ത്രാലയത്തിനു നല്‍കിയിരിക്കുന്നത്. മാത്രമല്ല ഭരണഘടന (അൃേ 14, 21, 25) നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്‍റെ നഗ്നമായ ലംഘനവും ക്രൈസ്തവ വിശ്വാസത്തിന്‍റെ മേലുള്ള ധിക്കാരപരമായ കടന്നുകയറ്റവുമാണിത്. ഇനിയും തെളിയിക്കപ്പെടാനുള്ള ഒറ്റപ്പെട്ട സംഭവത്തിന്‍റെ പേരിലാണ് രേഖാശര്‍മ്മ തന്‍റെ സ്ഥാനത്തിനു നിരക്കാത്ത നിരുത്തരവാദിത്തപരമായ നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്. ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷയുടെ മുന്‍വിധിയോടുകൂടിയ ശിപാര്‍ശയും നിലപാടും തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.
കുമ്പസാരത്തിന്‍റെ അര്‍ത്ഥവും മൂല്യവുമെന്താണെന്നറിയാതെ, അധികാരസ്ഥാനത്തിരുന്നുകൊണ്ട് സ്ത്രീസുരക്ഷയുടെ പേരുപറഞ്ഞ് ഉത്തരവാദിത്വപ്പെട്ട ഒരു വ്യക്തിയെടുത്ത വഴിവിട്ട നിലപാട് തികച്ചും വേദനാജനകവും ക്രൈസ്തവസമൂഹത്തെ അവഹേളിക്കുന്നതുമാണ്. മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശവും ലംഘിക്കുവാനുള്ള ആസൂത്രിത ശ്രമമായിട്ട് ഈ പ്രവൃത്തിയെ വിലയിരുത്തുവാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരാകുന്നു. പഠനംകൂടാതെയും ഭരണഘടനയെപ്പോലും മാനിക്കാതെയും മതവിദ്വേഷം പ്രചരിപ്പിക്കുന്ന നിലപാടു സ്വീകരിച്ച ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ ശിപാര്‍ശ പിന്‍വലിച്ച്, വിശ്വാസസമൂഹത്തോട് മാപ്പുപറഞ്ഞ് മാന്യത പാലിക്കാന്‍ കടപ്പെട്ട വ്യക്തി തന്നെ. അത്യധികം വികലവും വിദ്വേഷകരവുമായ സമീപനം സ്വീകരിച്ച കമ്മീഷന്‍ അധ്യക്ഷയെ തിരുത്തുവാനും നിയന്ത്രിക്കുവാനും കേന്ദ്രനേതൃത്വം തയ്യാറാകേണ്ടതാണ്.

മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി രൂപത
സഹായമെത്രാന്‍.

Leave a Reply