പ്രതീക്ഷ നല്ലതാണ് പക്ഷേ നിർബന്ധമാകരുത്

ബിന്നിയച്ചന്‍
ഓരോരുത്തരുടെയും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ഏറ്റവും അടിസ്ഥാനശക്തി എന്നത് പ്രതീക്ഷകളാണ്. നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് ഇന്നത്തെ ജീവിതത്തെ ബലപ്പെടുത്തുന്ന ശക്തി. ഓരോ ദിവസവും പുലരുന്നത് ഇന്നത്തെ ദിവസം എല്ലാം നല്ലതാകും എന്ന പ്രതീക്ഷയിലാണ്. എല്ലാം കൈവിട്ട് പോകുമ്പോഴും എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കാന്‍ ഉള്ളതുകൊണ്ടാണ് മനുഷ്യജീവിതം മുന്നോട്ടു പോകുന്നത്.
പ്രതീക്ഷ : ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പുണ്യം
പ്രതീക്ഷകളാണ് ജീവിതത്തിന് ഉണര്‍വ് നല്‍കുന്ന പുണ്യം. പ്രതീക്ഷിക്കാന്‍ ഒന്നും ഇല്ലാതെ ആകുമ്പോളാണ് ജീവിതം തന്നെ കൈവിട്ട് പോകുന്നതും ചിലരെങ്കിലും ജീവിതത്തെ അവസാനിപ്പിക്കുന്നതും. ഒന്നോര്‍ത്താല്‍ പ്രതീക്ഷകള്‍ ഇല്ലാത്ത അവസ്ഥ എന്നതിനോളം ഭീകരമല്ല ഒന്നും. ഓരോ പ്രാര്‍ത്ഥനകളും, ബന്ധങ്ങളും, പ്രണയങ്ങളും, സ്വപ്നങ്ങളും എല്ലാത്തിനും അടിസ്ഥാനത്തില്‍ നില്ക്കുന്നത് പ്രതീക്ഷ തന്നെ. എല്ലാം വളരെ നല്ലതായി പോകുമ്പോഴും ഓരോ മനുഷ്യനും പ്രതീക്ഷിക്കുന്നത് നാളെ ഇതിലും നല്ലതാവും വരിക എന്നാണ്. എല്ലാം മോശമായി പോകുമ്പോഴും നാളെ എല്ലാം നല്ലതാകും എന്ന പ്രതീക്ഷയാണ് എല്ലാവരെയും പിടിച്ചു നിര്‍ത്തുന്നത്. ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ലാത്തപ്പോഴും പ്രതീക്ഷ നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ചവരാണ് ജീവിതം നഷ്ടപ്പെട്ട ഇടങ്ങളില്‍നിന്ന് ജീവിതത്തെ തിരികെ പിടിച്ചവര്‍.
പ്രതീക്ഷ നിര്‍ബന്ധമാകുമ്പോള്‍
പ്രതീക്ഷകള്‍ എപ്പോഴും സുന്ദരമാണെങ്കിലും അത് നിര്‍ബന്ധങ്ങള്‍ ആകുമ്പോള്‍ സൗന്ദര്യം നഷ്ടമാകുന്നു. എന്‍റെ നാളെകള്‍ നല്ലതാകുമെന്ന പ്രതീക്ഷ എനിക്ക് ജീവിക്കാന്‍ ഉണര്‍വ് നല്‍കും എങ്കിലും നാളെകള്‍ നല്ലതായേ പറ്റൂ എന്ന നിര്‍ബന്ധം ഒരിക്കലും നന്മ ആകില്ല. കാരണം നല്ലതായെ പറ്റൂ എന്ന നിര്‍ബന്ധം ഉണ്ടായാല്‍ എന്‍റെ പ്രതീക്ഷയോടു ചേര്‍ന്ന് നില്ക്കാത്ത ഒന്നിനെയും എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാതെ വരും. എനിക്ക് നല്ല ജോലി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല, പക്ഷേ ഞാന്‍ പ്രതീക്ഷിച്ച ജോലി കിട്ടിയാല്‍ മാത്രമേ എന്‍റെ ജീവിതം ശാന്തമാകൂ എന്ന് നിര്‍ബന്ധം പിടിച്ചാല്‍ ശാന്തത എന്നത് പലപ്പോഴും വിദൂരങ്ങളില്‍ മാത്രമാകും.എന്‍റെ വീടിനെക്കുറിച്ചും, നാടിനെക്കുറിച്ചും, എന്‍റെ കൂടെ ഉള്ളവരെക്കുറിച്ചും, എല്ലാം പ്രതീക്ഷകള്‍ ആകാം. പക്ഷേ ഇതെല്ലാം ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ആകണം എന്ന് നിര്‍ബന്ധം ആയാല്‍ ജീവിതം അത്ര സുന്ദരമാകില്ല.
പ്രതീക്ഷകള്‍ കൊണ്ട് മുറിവേല്‍ക്കുന്ന ബന്ധങ്ങള്‍
പ്രതീക്ഷകള്‍ നിര്‍ബന്ധങ്ങള്‍ ആകുമ്പോള്‍ അത് ഏറ്റവും ബാധിക്കുന്നത് മനുഷ്യതീക ബന്ധങ്ങളെ തന്നെയാണ്. നമുക്കെല്ലാം നമ്മുടെ ജീവിതത്തില്‍ ഉള്ള എല്ലാവരെയും കുറിച്ച് നമ്മുടേതായ സങ്കല്‍പ്പങ്ങളുണ്ട്. അത് നമുക്കവരെക്കുറിച്ചുള്ള പ്രതീക്ഷകളാണ്. എന്‍റെ അപ്പന്‍ ഇങ്ങനെ ആകണം, എന്‍റെ അമ്മ ഇങ്ങനെ ആകണം, എന്‍റെ മക്കള്‍ ഇങ്ങനെ ആകണം, എന്‍റെ ജീവിതപങ്കാളി ഇങ്ങനെ ആകണമെന്ന് നമുക്ക് ആഗ്രഹങ്ങളും പ്രതീക്ഷകളും ഉണ്ട്. പക്ഷെ ആ പ്രതീക്ഷകള്‍ നിര്‍ബന്ധങ്ങള്‍ ആയാല്‍ ജീവിതം നരകമായി തീരും. നമ്മുടെ മുന്നില്‍ യഥാര്‍ത്ഥത്തില്‍ ഉള്ള അപ്പനും അമ്മയും മക്കളും ജീവിതപങ്കാളിയും, കൂട്ടുകാരും സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും ഒന്നും നമ്മുടെ പ്രതീക്ഷ അനുസരിച്ച് ഉള്ളവര്‍ ആകണമെന്ന് നിര്‍ബന്ധമില്ല. പക്ഷെ അങ്ങനെ ആകണമെന്ന് നമ്മള്‍ നിര്‍ബന്ധം വച്ചാല്‍ ഒരിക്കലും നമുക്ക് ഇവരെ ആരെയും അംഗീകരിക്കാനും സ്നേഹിക്കാനും കഴിയാതെ വരും. ഉദാഹരണമായി ഒരു വ്യക്തിക്ക് ജീവിതപങ്കാളിയെക്കുറിച്ച് കുറെ സങ്കല്‍പ്പങ്ങളും പ്രതീക്ഷകളുമുണ്ടെന്ന് വിചാരിക്കുക. എത്ര മാത്രം ചൂഴ്ന്ന് അറിയാന്‍ ശ്രമിച്ചാലും കൂടെ ജീവിച്ചു തുടങ്ങുമ്പോള്‍ ആവും നമ്മുടെ പ്രതീക്ഷകള്‍ക്ക് പൂര്‍ണമായും യോജിച്ച ആളാണോ അല്ലയോ എന്ന് മനസ്സിലാവുക. അപ്പോള്‍ നമ്മള്‍ പ്രതീക്ഷിച്ചതില്‍നിന്ന് വ്യത്യസ്തമായ ആളാണ് നമ്മള്‍ തിരഞ്ഞെടുത്തത് എങ്കില്‍ നമ്മള്‍ ബുദ്ധിമുട്ടില്‍ ആകും. പ്രതീക്ഷകള്‍ നിര്‍ബന്ധങ്ങള്‍ ആണെങ്കില്‍ നമുക്ക് ഒരു രീതിയിലും ആ ആളെ ഉള്‍ക്കൊള്ളാന്‍ പറ്റാതെവരും. ഒരിക്കലും സ്നേഹിക്കാന്‍ കഴിയാതെ വരും. ഇത് എല്ലാ ബന്ധങ്ങളിലും സത്യമാണ്. ഇനി നമ്മള്‍ നമ്മളോടുതന്നെ ഒന്ന് ചോദിച്ചു നോക്കുക, നമുക്കു പറ്റാത്ത പലരെയും നമുക്ക് അംഗീകരിക്കാന്‍ പറ്റാത്തത് അവരുടെ കുറവ് കൊണ്ടാണോ അതോ നമ്മുടെ നിര്‍ബന്ധങ്ങള്‍കൊണ്ട് ആണോ എന്ന്.
പ്രതീക്ഷകള്‍ നിര്‍ബന്ധങ്ങള്‍ ആകാതെ ഇരിക്കട്ടെ
പ്രതീക്ഷകള്‍ ഒരിക്കലും തെറ്റല്ല. അത് നിര്‍ബന്ധങ്ങള്‍ ആവുമ്പോള്‍ മാത്രമാണ് പ്രശ്നം ആവുന്നത്. നമുക്ക് എല്ലാവരെയുംകുറിച്ച് പ്രതീക്ഷകളാകാം. അവര്‍ അങ്ങനെ ആയാല്‍ നമ്മള്‍ വളരെ സന്തോഷിക്കുന്നവര്‍ ആകും. ഇനി അങ്ങനെ ആയില്ല എങ്കിലും സന്തോഷത്തില്‍ കുറവ് വന്നാലും സന്തോഷം നഷ്ടപ്പെട്ടവര്‍ ആകില്ല. പക്ഷെ പ്രതീക്ഷ മാറി നിര്‍ബന്ധം ആയാല്‍ നമ്മുടെ സന്തോഷം എത്തിപ്പിടിക്കാന്‍ പറ്റാത്ത ദൂരത്തു ആകും. നിര്‍ബന്ധം ആവുമ്പോള്‍ നമ്മുടെ പ്രതീക്ഷയില്‍ കുറഞ്ഞത് ഒന്നിനെയും അംഗീകരിക്കാന്‍ കഴിയില്ല, സ്നേഹിക്കാന്‍ കഴിയില്ല. അവരോടൊപ്പം സന്തോഷിക്കാന്‍ കഴിയില്ല. നമ്മുടെ പ്രതീക്ഷകളെ പ്രതീക്ഷകള്‍ മാത്രമായി നിര്‍ത്താം, നിര്‍ബന്ധങ്ങളെ തിരിച്ചറിഞ്ഞു പ്രതീക്ഷകളും ആഗ്രഹങ്ങളും മാത്രമാക്കാം.
വാല്‍ക്കഷണം
നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്നാണല്ലോ വചനം. എന്നെ ഞാന്‍ എങ്ങനെ സ്നേഹിക്കുന്നുവോ അങ്ങനെ തന്നെ അപരനെയും സ്നേഹിക്കണം എന്നര്‍ത്ഥം. അപ്പോള്‍ ആദ്യം നമ്മള്‍ നമ്മളെത്തന്നെ നിര്‍ബന്ധങ്ങള്‍ ഇല്ലാതെ അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കണം. നമ്മളെക്കുറിച്ച് പ്രതീക്ഷകള്‍ ആകാം, പക്ഷെ അതേസമയംതന്നെ നമുക്ക് നമ്മുടെ കുറവുകളോടു കൂടിത്തന്നെ നമ്മളെ സ്നേഹിക്കാം. എന്നിട്ട് നമ്മളെപ്പോലെ തന്നെ മറ്റുള്ളവരെയും അവരുടെ കുറവുകളോടെ സ്നേഹിക്കാം.