വെടിയേറ്റ് ചികിത്സയിലായിരുന്ന ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ അന്തരിച്ചു

ടോക്കിയോ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നെഞ്ചില്‍ വെടിയേറ്റ അദ്ദേഹം ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ മരണപ്പെടുകയായിരുന്നു. വെള്ളിയാഴ്‌ച ഇന്ത്യന്‍ പ്രാദേശിക സമയം രാവിലെ 8.29നാണ് അദ്ദേഹത്തിന് വെടിയേറ്റത്.

വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷിന്‍സോയ്‌ക്ക് ഹൃദയാഘാതമുണ്ടായതായും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ മണിക്കൂറുകള്‍ക്കം തന്നെ പുറത്തു വന്നു. തുടര്‍ന്ന് ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

പടിഞ്ഞാറന്‍ ജപ്പാനിലെ നാര നഗരത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രസംഗിക്കുന്നതിനിടെ അദ്ദേഹത്തിന് വെടിയേല്‍ക്കുകയായിരുന്നു. ഷിന്‍സോയുടെ നെഞ്ചിലാണ് വെടിയേറ്റത്. അദ്ദേഹത്തിന്‍റെ പിന്നില്‍ നിന്നായിരുന്നു അക്രമി വെടിയുതിര്‍ത്തത്. രണ്ടുതവണ വെടി വച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജപ്പാന്‍ മുന്‍ നാവിക സേനാംഗമാണ് വെടിവച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളെ പിടികൂടി ചോദ്യം ചെയ്‌തുവരികയാണെന്ന് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.