സിനിമാതാരത്തിന്റെ ജപമാലയജ്ഞത്തിന് ഒന്നാം പിറന്നാൾ; ദൈവമാതാവിന് സമർപ്പിച്ചത് 100 മില്യൺ ജപമാലകൾ

മെക്‌സിക്കോ സിറ്റി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സുപ്രസിദ്ധ മെക്‌സിക്കൻ സിനിമാതാരവും നിർമാതാവുമായ എഡുറാഡോ വേരാസ്റ്റെഗുയി സമൂഹമാധ്യമങ്ങളിലൂടെ ആരംഭിച്ച അനുദിന ജപമാലയജ്ഞം ഒരു വർഷം പൂർത്തിയാക്കുമ്പോൾ, ഇതുവരെ അർപ്പിക്കപ്പെട്ടത് 100 മില്യണിൽപ്പരം (10 കോടിയിൽപ്പരം) ജപമാലകൾ! 2020 മാർച്ച് 22ന് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ തത്‌സമയം ആരംഭിച്ച ജപമാലയജ്ഞത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ അണിചേർന്നതിന്റെ ഫലമത്രേ ഈ 100 മില്യൺ ജപമാലകൾ. വേരാസ്റ്റെഗുയിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നുള്ള വിവരങ്ങൾ പ്രകാരമാണ് ഈ കണക്ക്.

ജപമാലയജ്ഞം ഒരു വർഷം പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ച് ഈ മാർച്ച് 22ന് രാവിലെ 9.00നും ഉച്ചക്ക് 1.00നും വൈകിട്ട് 5.00നും രാത്രി 9.00നും സമൂഹമാധ്യമങ്ങളിലൂടെ ക്രമീകരിച്ച തത്‌സമയ ജപമാലയിലും അനേകരാണ് അണിചേർന്നത്. ‘മറിയത്തോടൊപ്പമുള്ള ഒരു വർഷ’ത്തിന്റെ സ്മരണക്കായി തങ്ങളുടെ പ്രാർത്ഥനാ സ്ഥലങ്ങളുടെ ഫോട്ടോകൾ ‘#RinconGuadalupano’ എന്ന ഹാഷ്ടാഗോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.

മഹാമാരിയുടെ ക്ലേശങ്ങളിലൂടെ കടന്നുപോകുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാൻ കഴിഞ്ഞ വർഷം മാർച്ച് 22ന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തത്സമയ ജപമാല അർപ്പണത്തിന് അദ്ദേഹം ആരംഭം കുറിക്കുകയായിരുന്നു. ജപമാല അർപ്പണത്തിൽ അണിചേരാനുള്ള അദ്ദേഹത്തിന്റെ ക്ഷണത്തിന് മികച്ച പ്രതികരണമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ചത്. ഫാത്തിമാനാഥയുടെ തിരുനാളിൽ (മേയ് 13) തനിക്കൊപ്പം ജപമാല അർപ്പിക്കാൻ ക്ഷണിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത കുറിപ്പും ശ്രദ്ധേയമായിരുന്നു.

മെക്സിക്കോയിൽനിന്നും സ്പെയിനിൽനിന്നുമുള്ള അരലക്ഷം പേരെയാണ് ലക്ഷ്യം വെച്ചതെങ്കിൽ ഇതര രാജ്യങ്ങളിൽനിന്നുള്ള പങ്കാളിത്തം വഴി ‘റോസറി ഫോർ ദ വേൾഡ്’ എന്ന് നാമകരണം ചെയ്ത ജപമാലയജ്ഞത്തിൽ അണിചേർന്നത് രണ്ട് ലക്ഷത്തിൽപ്പരം പേരാണ്. അടിയുറച്ച കത്തോലിക്കാ വിശ്വാസിയും മരിയൻ ഭക്തനുമായ വേരാസ്റ്റെഗുയി മനുഷ്യാവകാശ മേഖലയിലും പ്രോ ലൈഫ് രംഗത്തും സജീവ സാന്നിധ്യമാണ്. മെറ്റലോണിയ ഫിലിംസിന്റെ സഹസ്ഥാപകനുമാണ് ‘ബെല്ല’, ‘ലിറ്റിൽ ബോയ്’ എന്നീ സിനിമകളുടെ നിർമാതാവുകൂടിയായ ഇദ്ദേഹം.

Leave a Reply