അമേരിക്കയിൽ വോട്ടെടുപ്പ് ആരംഭിച്ചു,ഇന്ത്യൻ സമയം പുലർച്ചയോടെ ആദ്യ ഫലങ്ങൾ വന്നു തുടങ്ങും

ന്യൂയോര്‍ക്ക്: പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നാളെ രാവിലെയോടെ അമ്ബതു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയാകും. വോട്ടെടുപ്പിന് പിന്നാലെ ഫലസൂചനകള്‍ വ്യക്തമാവും.

പലതു കൊണ്ടും വ്യത്യസ്തമാണ് ഇത്തവണ അമേരിക്കന്‍ തെരഞ്ഞെടുപ്പ്. പ്രതിദിനം ഒരു ലക്ഷം പുതിയ കോവിഡ് രോഗികള്‍ ഉണ്ടാകുന്ന അമേരിക്ക ആ മഹാമാരിക്കിടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞടുക്കുന്നത്. അമ്ബതു സംസ്ഥാനങ്ങളും ഫെഡറല്‍ ഡിസ്ട്രിക്റ്റായ കൊളംബിയയും ചേര്‍ന്ന് തെരഞ്ഞെടുക്കുന്നത് 538 ഇലക്റ്ററല്‍ വോട്ടര്‍മാരെ.

ഇതില്‍ 270 പേരുടെ പിന്തുണ നേടുന്നയാള്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്റാകും.

ആകെയുള്ള 24 കോടി വോട്ടര്‍മാരില്‍ പത്തു കോടി പേര്‍ തപാലില്‍ വോട്ടു ചെയ്തു കഴിഞ്ഞു. ഇന്ന് കുറഞ്ഞത് ആറ് കോടിയാളുകള്‍ എങ്കിലും വോട്ടു ചെയ്യുമെന്നാണ് പ്രവചനങ്ങള്‍. അങ്ങനെയെങ്കില്‍ അമേരിക്കയുടെ നൂറു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാകും അത്.

ആദ്യം പോളിംഗ് ബൂത്തിലെത്തിയത് വെര്‍മോണ്‍ഡ് സംസ്ഥാനമാണ്. ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞു മൂന്നരയ്ക്ക് അവിടെ പോളിംഗ് തുടങ്ങി. അലാസ്കയിലും ഹവായിയിലും പോളിംഗ് തീരാന്‍ ഇന്ത്യന്‍ സമയം നാളെ രാവിലെ പത്തരയാകും. ചില സംസ്ഥാനങ്ങള്‍ ഈ മാസം പതിമൂന്നു വരെ തപാല്‍ വോട്ടുകള്‍ സ്വീകരിക്കും. ഓരോ സംസ്ഥാനത്തും വോട്ടിങ് രീതികളില്‍ പോലും വ്യത്യാസമുണ്ട്. ഔദ്യോഗിക ഫല പ്രഖ്യാപനം ജനുവരി ആറിനാണ്.

ഇതൊക്കെയാണെങ്കിലും എല്ലാം പ്രതീക്ഷിച്ചതുപോലെ നീങ്ങിയാല്‍ ട്രംപോ ബൈഡനോ എന്ന സൂചനകള്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചയോടെ ലഭിച്ചു തുടങ്ങും. അതുവരെയുള്ള ഫല സൂചനകള്‍ വച്ചുകൊണ്ട് ആരാകും വിജയിയെന്ന കൃത്യമായ പ്രവചനം അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിടും. എന്നാല്‍ നേരിയ വ്യത്യാസത്തിലാണ് ജയ-പരാജയങ്ങള്‍ എങ്കില്‍ ഫലം കോടതി കയറുന്നത് അടക്കമുള്ള അതിനാടകീയതകള്‍ പലരും പ്രതീക്ഷിക്കുന്നു.

ഫ്ലോറിഡ, പെന്‍സില്‍വാനിയ , ഒഹായോ, മിഷിഗണ്‍ , അരിസോണ, വിസ്കോണ്‍സില്‍ എന്നിവയാണ് വോട്ടെടുപ്പില്‍ അതീവ നിര്‍ണായകമായ സംസ്ഥാനങ്ങള്‍. ഇവിടെയെല്ലാം ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇതുവരെ വന്ന അഭിപ്രായ സര്‍വേകളിലെ ബൈഡനാണ് മുന്നിലെന്ന പ്രവചനം റിപ്പബ്ലിക്കന്‍ പക്ഷം കാര്യമാക്കുന്നില്ല.

കഴിഞ്ഞ തവണത്തേതു പോലെ ഇതുവരെയുള്ള എല്ലാ അഭിപ്രായ സര്‍വേകളിലും ജോ ബൈഡന്‍ മുന്നിട്ടു നില്‍ക്കുമ്ബോഴും അട്ടിമറിക്കുള്ള സാദ്ധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് അമേരിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.തെരഞ്ഞെടുപ്പ് രാത്രിയില്‍ നാടകീയമായ പലതും സംഭവിച്ചേക്കാമെന്ന സൂചനകളെ തുടര്‍ന്ന് അമേരിക്കയിലെങ്ങും സുരക്ഷാ ശക്തമാക്കുകയും. സുരക്ഷാ സേനകള്‍ അടിയന്തരസാഹചര്യം നേരിടാന്‍ ഒരുങ്ങുകയും ചെയ്തു കഴിഞ്ഞു.

Leave a Reply