കശ്മീരിൽ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്ഥാന്‍, മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യന് പോസ്റ്റുകള്‍ ലക്ഷ്യമിട്ട് മോര്‍ട്ടാര്‍ ആക്രമണം നടത്തുന്ന പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കുകയാണെന്ന് സൈന്യം അറിയിച്ചു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാക് സൈന്യത്തിന് എന്തെങ്കിലും നാശനഷ്ടം നേരിട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ബുധനാഴ്ച രാത്രി യാണ് പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ ലംഘനം ആരംഭിച്ചത്. ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച്‌ വെടിവക്കുകയും മാന്‍കോട്ട്, കൃഷ്ണ ഘാട്ടി സെക്ടറുകളില്‍ മോര്‍ട്ടാറുകള്‍ ഉപയോഗിച്ച്‌ ശക്തമായ ഷെല്ലാക്രമണം നടത്തുകയുമാണ് പാക് സെനികര്‍ ചെയ്തതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.

ഇന്ന് രാവിലെ വടക്കന്‍ കശ്മീരിലെ കുപ് വാര ജില്ലയിലെ നൗഗാം സെക്ടറില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നേരത്തെ പൂഞ്ച് സെക്ടറില്‍ ഒരു സൈനികനും വീരമൃത്യു വരിച്ചു. മറ്റൊരാള്‍ക്ക് പരുക്കേറ്റു.

കഴിഞ്ഞ അഞ്ച് ദിവസമായി, പൂഞ്ചിലെ ഗ്രാമങ്ങള്‍ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്റെ ആക്രമണം. ആക്രമണത്തില്‍ ഏതാനും കന്നുകാലികളും ചത്തിരുന്നു

Leave a Reply