രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുപി പോലീസ് കസ്റ്റഡിയിൽ ;യുപിയിൽ സംഘർഷം

ഉത്തര്‍പ്രദേശിലെ ഹഥ്റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വാഹനം ദില്ലി – യുപി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതോടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറുകയാണ്. ദില്ലിയിലെ ഡിഎന്‍ഡി ഫ്ലൈ ഓവറില്‍ നിന്ന് യമുന എക്സ്പ്രസ് വേയിലേക്ക് എത്തിയപ്പോഴേക്ക് രാഹുലിന്‍റെയും പ്രിയങ്കയുടെയും വാഹനം ഉത്തര്‍പ്രദേശ് പൊലീസ് എത്തി തടഞ്ഞു. ഇരുവരെയും അല്‍പദൂരം നടന്നപ്പോഴേക്ക് പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു.

തടഞ്ഞാലും യാത്രയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ് രാഹുലും പ്രിയങ്കയും വാഹനത്തില്‍ നിന്ന് ഇറങ്ങി നടക്കാന്‍ തുടങ്ങിയതോടെ പൊലീസ് വീണ്ടും എത്തി ഇവരെ തടഞ്ഞു.

യമുന എക്സ്പ്രസ് വേയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ഹഥ്റസിലേക്ക് ഏതാണ്ട് 168 കിലോമീറ്റര്‍ ദൂരമുണ്ട്. തുടര്‍ന്ന് രാഹുലും പൊലീസും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമുണ്ടായി. പരസ്പരം ഉന്തും തള്ളും നടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. പൊലീസിനെ എതിരിടാന്‍ തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

അതേസമയം, ഗാന്ധി കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ഹഥ്റസ് ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മേഖല പൂര്‍ണമായും അടച്ചിടാനും ഡിഎം നിര്‍ദേശം നല്‍കി.

”ഇപ്പോള്‍ പൊലീസെന്നെ തള്ളിയിട്ടു, ലാത്തി കൊണ്ടടിച്ചു, നിലത്തേക്ക് വലിച്ചെറിഞ്ഞു. ഈ നാട്ടില്‍ മോദിക്ക് മാത്രമേ നടക്കാന്‍ അവകാശമുള്ളൂ? സാധാരണ മനുഷ്യന് നടക്കാനാകില്ലേ? ഞങ്ങളുടെ വാഹനം തടഞ്ഞു. അതിനാലാണ് ഞങ്ങള്‍ നടക്കാന്‍ തീരുമാനിച്ചത്”, രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply