തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി സ്വകാര്യബസുടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ബസുടമകള്‍ നടത്തിയ ചര്‍ച്ചക്ക് പിന്നാലെയായിരുന്നു തീരുമാനം.
ഇന്ന് രാവിലെയായിരുന്നു ചര്‍ച്ച.
നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നാണ് സൂചന. എന്നാല്‍, നിരക്ക് വര്‍ധന എന്ന് നിലവില്‍ വരും എന്നത് സംബന്ധിച്ച് വ്യക്തതയില്ല. നേരത്തെ സമരം അതിജീവന പോരാട്ടമാണെന്ന് ബസുടമകള്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാറിനോട് ഏറ്റുമുട്ടുന്നുവെന്ന് പറഞ്ഞ് തങ്ങളെ ജനവിരുദ്ധരായി മന്ത്രി ചിത്രീകരിക്കുന്നു. ഗതാഗത വകുപ്പ് മന്ത്രിയുടെ പിടിവാശികൊണ്ടുണ്ടായ സമരമാണിതെന്നും ഉടമകള്‍ പറഞ്ഞിരുന്നു.
അതേസമയം, നിരക്ക് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും ബസുടമകള്‍ സമരം ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഗതാഗത മന്ത്രി ആന്റണി രാജുവും പറഞ്ഞു. മാര്‍ച്ച് 30ന് എല്‍.ഡി.എഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനവില്‍ തീരുമാനമെടുക്കാന്‍ സാധിക്കുവെന്നും ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു.

