‘ഇന്ധനം തീര്‍ന്നു, ബന്ധം നഷ്ടപ്പെട്ടു’; ദൗത്യം പൂര്‍ത്തിയാക്കി മംഗള്‍യാന്‍ വിട പറയുന്നു

ബംഗളുരു: ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ കന്നി ദൗത്യമായ ‘മംഗള്‍യാന്‍’ അതിന്റെ ദൗത്യം പൂര്‍ത്തിയാക്കിതായി റിപ്പോര്‍ട്ടുകള്‍.മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ (മംഗള്‍യാന്‍) ഇന്ധനവും ബാറ്ററിയും തീര്‍ന്നതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) അറിയിച്ചു. ഇതോടെ ഇനി ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ തുടരുന്നത് ബുദ്ധിമുട്ടാണെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. മംഗള്‍യാനില്‍ ഇന്ധനം അവശേഷിക്കുന്നില്ലെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ‘ ഉപഗ്രഹ ബാറ്ററിയും തീര്‍ന്നു. ഇതുമായുള്ള ബന്ധവും പൂര്‍ണമായും നഷ്ടപ്പെട്ടെന്നും ഐഎസ്‌ആര്‍ഒ കൂട്ടിച്ചേര്‍ത്തു.2013 നവംബര്‍ അഞ്ചിനാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷഘടന, അണുവികിരണങ്ങള്‍ എന്നിവയുടെ പഠനത്തിനായിയാണ് 450 കോടി രൂപ ചെലവില്‍ മംഗള്‍യാന്‍ വിക്ഷേപണം നടത്തിയത്. ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ 2014 സെപ്റ്റംബര്‍ 24ന് വിജയകരമായി പ്രവേശിക്കുകയും ചെയ്തു.ചൊവ്വയുടെ ഭ്രമണപഥത്തില്‍ ആറുമാസത്തെ കാലാവധി പ്രതീക്ഷിച്ചാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. പക്ഷേ അത് ഏകദേശം എട്ട് വര്‍ഷത്തോളം പ്രവര്‍ത്തിച്ചതായി ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.എന്നാല്‍ ദൗത്യം പൂര്‍ണ്ണമായും നഷ്ടമായോ എന്ന കാര്യത്തില്‍ ഐഎസ്‌ആര്‍ഒ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അടുത്തിടെ തുടര്‍ച്ചയായി ഗ്രഹണങ്ങളുണ്ടാവുകയും ഇതില്‍ ഒന്ന് ഏഴരമണിക്കൂറോളം നിലനില്‍ക്കുകയും ചെയ്തത് ബാറ്ററി വേഗത്തില്‍ തീരുന്നതിനിടയാക്കിയതായാണ് വിലയിരുത്തല്‍. ഒരു മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗ്രഹണം കൈകാര്യംചെയ്യുന്ന വിധത്തിലാണ് ഉപഗ്രഹ ബാറ്ററിയുടെ രൂപകല്‍പന. ദീര്‍ഘനേരമുള്ള ഗ്രഹണം ബാറ്ററിയുടെ ശേഷി ഇല്ലാതാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.