ഞാന്‍ അത്യധികം ആഗ്രഹിച്ചു’     ഫ്രാന്‍സീസ് മാര്‍പാപ്പായുടെ അപ്പസ്തോലികപ്രബോധനത്തെക്കുറിച്ചുള്ള പഠനം


ഫാ.വർഗീസ് കൊച്ചുപറമ്പിൽ (പ്രൊഫ.വടവാതൂർ സെമിനാരി)


2022 ജൂണ്‍ 29 ന്  വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനോട് അനുബന്ധിച്ച് പരിശുദ്ധ പിതാവ് ഫ്രാന്‍സ്സീസ് മാര്‍പാപ്പാ ദൈവജനത്തിന്‍റെ ആരാധനാക്രമീകരണത്തെക്കുറിച്ച് ‘ഞാന്‍ അത്യധികം ആഗ്രഹിച്ചു’ (DESIDERIO DESIDERAVIL)  എന്ന പേരില്‍ അപ്പസ്തോലികലേഖനം സാര്‍വ്വത്രികസഭയ്ക്കായി നല്‍കി. തന്‍റെ പീഡാസഹനത്തിനു മുന്‍പ് ഈശോ ശിഷ്യന്മാരോടുകൂടി പെസഹ ആഘോഷിക്കുവാന്‍ തീവ്രമായി ആഗ്രഹിച്ചു. (ലൂക്കാ 22/15, മാത്യു 13/14) ഈ സുവിശേഷഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് മാര്‍പാപ്പാ ഈ അപ്പസ്തോലികലേഖനത്തിന് പേര് നല്‍കിയത്. ഈ പ്രബോധനത്തിന്‍റെ ലക്ഷ്യം ക്രൈസ്തവജീവിതത്തിന്‍റെ  കേന്ദ്രവും ഏറ്റവും അടിസ്ഥാനവുമായ ആരാധനാക്രമത്തിലേക്ക് ദൈവജനത്തെ പൂര്‍ണ്ണമായും ഉള്‍ച്ചേര്‍ക്കുക എന്നതാണ്.  9 ഭാഗങ്ങളിലായി തിരിച്ചിരിക്കുന്നതും എന്നാല്‍ വളരെ ദീര്‍ഘമില്ലാത്തതുമായ ഈ അപ്പസ്തോലികലേഖനത്തിന്‍റെ അന്ത:സത്തയും കാലികപ്രസക്തിയും ദൈവജനം മുഴുവന്‍ മനസ്സിലാക്കണമെന്ന് പ. പിതാവ് ആഗ്രഹിക്കുന്നു. അതുകൊണ്ട് ഈ ലേഖനത്തിന്‍റെ ചരിത്രപശ്ചാത്തലം, ലക്ഷ്യം, പ്രധാനപ്പെട്ട ആശയങ്ങള്‍, സഭ ആഗ്രഹിക്കുന്ന ചുവടുമാറ്റങ്ങള്‍ എന്നിവ വിശകലനം ചെയ്യുകയാണിവിടെ.
 ചരിത്രപശ്ചാത്തലം
2021 ജൂലൈ 16 ന് ഫ്രാന്‍സീസ് മാര്‍പാപ്പാ  നല്‍കിയ പാരമ്പര്യത്തിന്‍റെ സംരക്ഷകന്‍ (Traditionis Custodes)  എന്ന അപ്പസ്തോലിക ലേഖനത്തിന്‍റെ തുടര്‍ച്ചയാണിത്. ഈ രണ്ട് രേഖകളിലും നിഴലിക്കുന്ന പ്രധാനപ്പെട്ട ആശയം  സഭയിലെ ആരാധനാക്രമ ഐക്യം തന്നെയാണ്. രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആരാധനാക്രമത്തെക്കുറിച്ചുള്ള പ്രമാണരേഖയുടെ അന്ത:സത്ത പാലിക്കപ്പെടണമെന്ന പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍, ബനഡിക്റ്റ് പതിനാറാമന്‍ തുടങ്ങിയ മാര്‍പാപ്പാമാരുടെ പ്രബോധനങ്ങളെ അടിവരയിടുകയാണ് ഫ്രാന്‍സ്സീസ് മാര്‍പാപ്പായും. സഭയുടെ ആരാധനാക്രമ ഉറവിടങ്ങളൊക്കെയും അവളുടെ വിശ്വാസനിക്ഷേപത്തിന്‍റെ ആധികാരികമായ ഘടകമാണ്. ഇതില്‍ ദൈവജനത്തെ ആഴപ്പെടുത്തുന്നതിനും, അതിന് അനുസൃതമായ പരിശീലനം നല്‍കുന്നതിനും സഭയ്ക്ക് മുഴുവനും കടമയുണ്ട് എന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ആരാധനാക്രമത്തിന്‍റെ ഉപയോഗത്തിലും പരിശീലനത്തിലും വരുന്ന അപര്യാപ്തതകള്‍ ദൈവജനത്തിന്‍റെ വിശ്വാസത്തിലുള്ള വളര്‍ച്ചയും സഭയുടെ ഐക്യവും തടസ്സപ്പെടുത്തുന്നതാകയാല്‍, സഭയുടെ ശുശ്രൂഷാതലങ്ങളിലുള്ളവര്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്നും മാര്‍പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ലക്ഷ്യം

ഈ അപ്പസ്തോലികരേഖയുടെ ലക്ഷ്യം അതിന്‍റെ തുടക്കത്തില്‍ തന്നെ സുവ്യക്തമാണ്. ദൈവജനത്തിന്‍റെ ആരാധനാക്രമരൂപവത്കരണം. ദൈവജനം എന്നതുകൊണ്ട് മാര്‍പാപ്പാ വിവക്ഷിക്കുന്നത് സഭ മുഴുവനുമാണ്. (അജപാലനശുശ്രൂഷകര്‍, സന്ന്യസ്തര്‍, അല്മായര്‍). ദൈവജനം മുഴുവന്‍ ആരാധനാക്രമത്തിന്‍റെ സൗന്ദര്യവും അതില്‍നിന്നു വെളിവാക്കപ്പെടുന്ന രക്ഷയുടെ സൗന്ദര്യവും ഉള്‍ക്കൊണ്ട് വിശ്വാസത്തില്‍ ആഴപ്പെടണം എന്ന് മാര്‍പാപ്പാ ആഗ്രഹിക്കുന്നു. മാര്‍പാപ്പാ പറയുന്നു “ക്രൈസ്തവ ആരാധനയുടെ സത്യവും ശക്തിയും വീണ്ടും കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യാന്‍ ഈ ലേഖനത്തിലൂടെ ആഗോളസഭയെ ആഹ്വാനം ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ക്രൈസ്തവ ആരാധനയുടെ സൗന്ദര്യവും അതിന് സഭാജീവിതത്തിലുള്ള അനിവാര്യമായ പരിണിതഫലവും, അതിന്‍റെ മൂല്യങ്ങളെ ഉപരിപ്ലവപരവും, ദീര്‍ഘവീക്ഷണമില്ലാതെയുമുള്ള കാഴ്ചപ്പാടിലൂടെ നോക്കുന്നതു വഴി നശിപ്പിക്കരുതെന്നും, അല്ലെങ്കില്‍ ചില ചിന്താഗതികള്‍ക്കായി അവ ഏതു തരത്തിലുള്ള കോലാഹലമുണ്ടാക്കിയാലും, ദുരുപയോഗിക്കപ്പെടരുതെന്നും ഞാന്‍ ആശിക്കുന്നു.  (DD65).
ആശയങ്ങളും അന്തരാര്‍ത്ഥങ്ങളും
1. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആരാധനാക്രമത്തെക്കുറിച്ചുള്ള പ്രമാണരേഖയുടെ വിശ്വസ്തതാപൂര്‍ണ്ണമായ തുടര്‍ച്ച സഭയില്‍ ഉണ്ടാവണം-പ്രത്യേകിച്ചും sc.7 ഉത്ബോധിപ്പിക്കുന്നതുപോലെ ആരാധനാക്രമശുശ്രൂഷയിലൂടെയാണ് ഇന്ന് സഭയില്‍ ഈശോയുടെ പൗരോഹിത്യശുശ്രൂഷയും വിശുദ്ധീകരണകര്‍മ്മവും തുടരുന്നത്. സഭയില്‍ വി. ലിഖിതങ്ങളിലൂടെയും കൂദാശകളിലൂടെയും ഈശോ തന്നെയാണ് സന്നിഹിതനാകുന്നത്. ആരാധനാക്രമം ഈശോയുടെ പ്രവൃത്തിയാണ്. ഈശോയുടെ രക്ഷാകരരഹസ്യത്തിന്‍റെ തുടര്‍ച്ചയാണ്, ഇത് സഭയിലാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ആരാധനക്രമം ഈശോയുടെ പ്രവൃത്തിയാണ്. ഇതില്‍ നാമാരും സ്വയം ഇടം നേടിയതല്ല മറിച്ച് ഈശോയാല്‍ ക്ഷണിക്കപ്പെട്ടവരാണ് (DD4,5,6).
 ആരാധനാക്രമത്തില്‍ ഈശോയെ കണ്ടുമുട്ടുന്നു. ഈ കണ്ടുമുട്ടല്‍ സജീവനായ ഈശോയിലുള്ള സമാഗമവും, വിശ്വാസത്തിലുള്ള വളര്‍ച്ചയുമാണ് ലക്ഷ്യം വയ്ക്കുന്നത് (DD ,10)സഭയിലൂടെയാണ് ദൈവവുമായുള്ള കൂടിച്ചേരലും കൂട്ടായ്മയും സംജാതമാകുന്നത്. കാരണം സഭ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ കൂദാശയാണ് (DD, 14,15).
2. ആരാധനാക്രമത്തിന്‍റെ ദൈവശാസ്ത്ര അര്‍ത്ഥം:-ഈശോയുടെ രക്ഷാകരരഹസ്യം ഇന്ന് സംലഭ്യമാകുന്നത് ആരാധനാക്രമത്തിലൂടെയാണ്. ആരാധനാക്രമത്തിന്‍റെ ആഘോഷത്തിലൂടെ സ്വയം വെളിപ്പെടുത്തുന്ന ഈശോയെ കണ്ടുമുട്ടാനും അനുഭവിക്കാനും ദൈവജനത്തിന് സാധ്യമാവണം (DD,16). ഇതിന് തടസ്സമായി നില്ക്കുന്ന ആത്മീയലൗകികതയെയും, ജ്ഞാനവാദത്തെയും മറികടന്ന് കൂട്ടായ്മയിലൂടെ, വചനത്തിലൂടെ, കൗദാശികപ്രതികരണങ്ങളിലൂടെ വെളിപ്പെടുത്തുന്ന രഹസ്യത്തിന്‍റെ ആഴത്തിലേയ്ക്ക് കടക്കണം (DD,19). ആരാധനാക്രമമനുസരിച്ചുള്ള ആഘോഷം വിശ്വാസത്തിലൂടെ നമുക്ക് ലഭിക്കുന്ന അര്‍ഹതയില്ലാത്ത ദാനമായ രക്ഷയിലേക്ക് നയിക്കുന്നു(DD,20). അനുസരണയോടെ അത് സ്വീകരിച്ചാല്‍ നാം നവീകരിക്കപ്പെടും(DD,21). അതുകൊണ്ട് ആരാധനാക്രമആഘോഷത്തിന്‍റെ എല്ലാ വശങ്ങളും ശ്രദ്ധയോടെ പാലിക്കുകയും (സ്ഥലം, സമയം, ആംഗ്യങ്ങള്‍, വസ്തുക്കള്‍, വാക്കുകള്‍, സ്ഥാനവസ്ത്രങ്ങള്‍, പാട്ട്, സംഗീതം…..) എല്ലാ ആരാധനാക്രമനിര്‍ദ്ദേശങ്ങളും ആചരിക്കപ്പെടുകയും വേണം(DD,23).


3. ആരാധനാക്രമ ആഘോഷം ബാഹ്യവും ഉപരിപ്ലവവുമായ ആചരണത്തിലും വൈകാരികസംതൃപ്തിയിലും ഒതുങ്ങി നില്ക്കാതെ രക്ഷാകരരഹസ്യങ്ങള്‍ ആന്തരികതയിലേക്ക് നയിക്കപ്പെടണം. ആരാധനാക്രമത്തില്‍ ഉപയോഗിക്കപ്പെടുന്ന സൂചകങ്ങളും പ്രതീകങ്ങളും ഈശോയിലൂടെ സാധ്യമായ രക്ഷാകരവെളിപ്പെടുത്തലിന് കൂടുതല്‍ നന്നായി മനസ്സിലാക്കാനും വിശ്വാസത്തില്‍ ആഴപ്പെടാനും ഉള്ളതാണ് (DD,25).അതുകൊണ്ട് തന്നെ ആരാധനാക്രമാഘോഷത്തിന്‍റെ പരിശീലനവും, ആരാധനാക്രമ ആധ്യാത്മികതയുടെ വളര്‍ത്തലും അനുപേക്ഷണീയമാണ്.(DD.27-31). ആരാധനാക്രമത്തില്‍ അതിന്‍റെ ഉറവിടവും, സമുന്നതസ്ഥാനവും കണ്ടെത്താത്ത ഒരു വശവും സഭയുടെ ജീവിതത്തില്‍ ഇല്ല. (DD,37). അതുകൊണ്ടുതന്നെ ആരാധനാക്രമത്തെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ ഗ്രാഹ്യം അനിവാര്യമാണ്. സഭയുടെ എല്ലാ പ്രവര്‍ത്തനവും, സുവിശേഷവത്കരണവും, സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഉത്ഥിതനായ ഈശോയുടെ അനുഭവത്തിലേയ്ക്ക് നയിക്കുന്നതും ആകണം (DD,37). അതുകൊണ്ട് ശിശുസഹജമായ എളിമയോടെ ആരാധനാക്രമവിസ്മയത്തെ എല്ലാവരും വീക്ഷിക്കണം.

4. ആരാധനാക്രമത്തിന്‍റെ തുടര്‍ച്ചയായുള്ള ആഘോഷത്തിലൂടെയാണ് സഭയുടെ ഐക്യം സാധിതമാകുന്നത്. കൗദാശികമായതലത്തിലും, ദൈവശാസ്ത്രതലത്തിലും  അത് ഉള്‍ച്ചേരണം. വിശ്വാസത്തോടും ബോധ്യത്തോടും പകര്‍ന്നു നല്കുന്ന കാര്യങ്ങള്‍ നമ്മെയും മറ്റുള്ളവരെയും രൂപപ്പെടുത്തും. കൊടുക്കുന്നതിലും സ്വീകരിക്കുന്നതിലും എളിമയുണ്ടാകണം. (DD,42). ആരാധനക്രമം ആത്മീയതയില്‍ വളരുംതോറും മനസ്സിലാക്കാന്‍ കൂടുതല്‍ വഴികളുണ്ടാകും- ശിശുക്കളുടെ സഹജാവബോധം അനിവാര്യമാണെന്നു മാത്രം. (DD,42)
5. ആരാധനാക്രമത്തിന്‍റെ ശരിയായ ആഘോഷം വിശ്വാസത്തിന്‍റെ ആഘോഷമാണ്. അതുകൊണ്ട് ആഘോഷിക്കുന്നതിന്‍റെ കല (ars ceebrandi) വിശ്വാസ ആഘോഷത്തിന്‍റെ മാനദണ്ഡമാണ്. (DD,48) ആഘോഷത്തിന്‍റെ കലയെക്കുറിച്ച് വ്യക്തമായ അറിവും ബോധ്യവുമുണ്ടാവണം. അത് രക്ഷാകരരഹസ്യവും അതിലൂടെയുള്ള പരിശുദ്ധാത്മ പ്രവര്‍ത്തനവും മനസ്സിലാക്കുന്നതിനും, സഭയുടെ കൂട്ടായ്മയുടെ വളര്‍ച്ചയ്ക്കും അനിവാര്യമാണ്. (DD,4952) ആഘോഷിക്കുന്നതിന്‍റെ കല സഭയുടെ കൂട്ടായ്മയ്ക്ക് അനിവാര്യമായതുകൊണ്ട് അഭിഷിക്തര്‍ പ്രത്യേകമാംവിധം പരിശീലിപ്പിക്കപ്പെടണം. (DD, 57) ‘ദിവ്യബലിക്ക് കാര്‍മ്മികത്വം വഹിക്കുകയെന്നു പറഞ്ഞാല്‍ ദൈവസ്നേഹത്തിന്‍റെ തീയില്‍ വീഴുകയെന്നാണര്‍ത്ഥം (DD, 57) അതുകൊണ്ട് വിശ്വാസത്തിന്‍റെ ഏറ്റവും വലിയ ആഘോഷമാണ് ദിവ്യബലി- ഒരുക്കമില്ലാതെ ബോധ്യമില്ലാതെ ഈ ആഘോഷം ചെയ്യാന്‍ കഴിയില്ല (DD,57-60)
6. വി. രഹസ്യത്തിന്‍റെ ആഘോഷത്തിലൂടെ സംലഭ്യമാകുന്ന ഒരിക്കലും തീരാത്ത വലിയ നിധിയെക്കുറിച്ച് ദൈവജനവും അറിവുള്ളവരാകണം. ക്രൈസ്തവ ആത്മീയതയുടെ നീരുറവയായ ആരാധനാക്രമ ആഘോഷത്തില്‍നിന്നും പാനം ചെയ്യുവാന്‍ ദൈവജനത്തിന് സാധ്യമാകണം. (DD,61) അതിനായി സഭയുടെ വിശുദ്ധ പാരമ്പര്യങ്ങളില്‍ അടിയുറച്ച് നിന്ന് ആരാധനാക്രമ വര്‍ഷത്തിന്‍റെയും കര്‍ത്താവിന്‍റെ ദിവസത്തിന്‍റെയും അര്‍ത്ഥം വീണ്ടും കണ്ടെത്തണം. (DD,61-63) ക്രൈസ്തവജീവിതം ക്രമരഹിതമായ സംഭവങ്ങളുടെ പരമ്പരയല്ല മറിച്ച് ഈശോയുടെ പീഡാസഹന, മരണ, ഉത്ഥാന രഹസ്യങ്ങളുടെ ആഘോഷവും അവിടുത്തെ രണ്ടാം ആഗമനത്തിനുള്ള പ്രത്യാശയുമാണ് (DD,61). ഇതിലൂടെ സഭ നമ്മുടെ രക്ഷ ആഘോഷിക്കുന്നു. ഈ രക്ഷയുടെ പ്രഘോഷണം അനുദിന ജീവതത്തിലൂടെ തുടരണം. അതിന് തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് പരിശുദ്ധാത്മാവിന് സഭയോട് പറയാനുള്ളത് ഒരുമയോടെ കേള്‍ക്കണം (DD,65).
ഉപസംഗ്രഹം
ദൈവജനത്തിന്‍റെ ആരാധനാക്രമരൂപീകരണത്തിലും ദൈവശാസ്ത്ര അവബോധത്തിലും സഭ നല്‍കേണ്ട ഊന്നലും ബോധ്യങ്ങളുമാണ് ഈ അപ്പസ്തോലികരേഖയില്‍ നിഴലിക്കുന്നത്. ദൈവശാസ്ത്ര അടിസ്ഥാനവും, കൗദാശികപ്രതീകാത്മകങ്ങളും ഉള്‍കൊള്ളാതെ രക്ഷാകരരഹസ്യത്തിന്‍റെ ആഘോഷവും പ്രഘോഷണവും അര്‍ത്ഥവത്താകില്ല. ദൈവജനത്തെ ഈ ബോധ്യത്തിലേയ്ക്ക് നയിക്കുന്നതിന് ശരിയായ വിശ്വാസപരിശീലനങ്ങള്‍ അനിവാര്യമാണ്. അത് കൗദാശിക, രക്ഷാകരരഹസ്യങ്ങളില്‍ കേന്ദ്രീകൃതമായ വിശ്വാസപരിശീലനമാണ് (mystagogial catechesis). അതിലൂടെ രക്ഷാകരരഹസ്യങ്ങള്‍ അനുഭവവേദ്യവും, ജീവിതബന്ധിയും, സഭാത്മകവും ആയി രൂപാന്തരപ്പെടും. രക്ഷാകരരഹസ്യങ്ങളിലൂടെയാണ് സഭ രൂപപ്പെട്ടത്, സഭ സമൃദ്ധമാക്കപ്പെടുന്നത്, സഭ നവീകരിക്കപ്പെടുന്നത്, സഭാമക്കള്‍ വിശുദ്ധീകരിക്കപ്പെടുന്നത് രക്ഷിക്കപ്പെടുന്നത്.. അതുകൊണ്ടാണ് മാര്‍പാപ്പാ സദാ ശിഷ്യരോട് ആരാധനാക്രമത്തിന്‍റെ മഹത്വം തിരിച്ചറിഞ്ഞ് ദൈവജനത്തെ രൂപീകരിക്കുവാന്‍ ആവശ്യപ്പെടുന്നത് .