കൊടും ശൈത്യവും മൂടല്‍ മഞ്ഞും; വിറങ്ങലിച്ച്‌ ഉത്തരേന്ത്യ; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കൊടും ശൈത്യവും മൂടല്‍ മഞ്ഞും തുടരുന്നു. ഇതേത്തുടര്‍ന്ന് നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.

അതിശൈത്യം രണ്ടു മൂന്നു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ഈ മാസം 15 വരെ അവധി പ്രഖ്യാപിച്ചു.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്‌കൂളുകള്‍ക്ക് ഈ മാസം 14 വരെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ടും, രാജസ്ഥാന്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ഉത്തരേന്ത്യയില്‍ 48 മണിക്കൂര്‍ കൂടി കനത്ത മൂടല്‍ മഞ്ഞ് തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ കുറഞ്ഞ താപനില 1.9 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയില്‍ പലയിടത്തും രണ്ടു ദിവസമായി രണ്ടു മുതല്‍ നാലു ഡിഗ്രി വരെയാണ് കഴിഞ്ഞ രണ്ടു ദിവസമായി താപനില.

ഉത്തരേന്ത്യയില്‍ അതിശൈത്യവും മൂടല്‍മഞ്ഞും തുടരുന്നത് വ്യോമ, തീവണ്ടി ഗതാഗതത്തെ ബാധിച്ചു. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഇന്നലെ 88 തീവണ്ടികള്‍ റദ്ദാക്കി. 335 എണ്ണം വൈകിയോടുന്നു. ഞായറാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള 25 വിമാനങ്ങളും വൈകിയിരുന്നു. രണ്ടുദിവസം കൂടി ശൈത്യം തരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്.

പഞ്ചാബിലെ ഭട്ടിന്‍ഡയിലും യുപിയിലെ ആഗ്രയിലും കാഴ്ചപരിധി പൂജ്യമായിരുന്നു. കാഴ്ചപരിധി പൂജ്യത്തിനും അമ്ബതിനുമിടയിലാണെങ്കില്‍ വളരെ കനത്ത മൂടല്‍മഞ്ഞായി കണക്കാക്കും.കൊടുംതണുപ്പില്‍ അധികനേരം തുടരുന്നത് ഫ്രോസ്റ്റ്‌ബൈറ്റിന് (ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കം) കാരണമായേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. വൈറ്റമിന്‍ സി കൂടുതലുള്ള പഴങ്ങള്‍ കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.