പൂർണ്ണ ദണ്ഡവിമോചനത്തിനുള്ള നിർദ്ദേശങ്ങളിൽ വത്തിക്കാൻ ഇളവ് വരുത്തി

ലോകമെമ്പാടും കൊറോണ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ആശങ്കകൾ തുടരുന്ന സാഹചര്യത്തിൽ മരണം മൂലം വേർപിരിഞ്ഞ് ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന ആത്മാക്കൾക്കുള്ള പ്രത്യേകം സമർപ്പിക്കപ്പെട്ടിരിക്കുന്ന നവംബർ മാസത്തിൽ പൂർണ്ണ ദണ്ഡവിമോചനത്തിനുള്ള നിർദ്ദേശങ്ങളിൽ വത്തിക്കാൻ ഇളവ് വരുത്തി. മരിച്ചവരുടെ മാസമായ നവംബർ മാസം മുഴുവനും പൂർണ്ണ ദണ്ഡവിമോചനം സാധ്യമാണെന്ന് വത്തിക്കാൻ അറിയിച്ചു. വത്തിക്കാൻ അപ്പസ്തോലിക് പെനിറ്റെൻഷ്യറി ഇക്കഴിഞ്ഞ 23ന് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച നിർദ്ദേശങ്ങളുള്ളത്.ഇതുവഴി ദേവാലയങ്ങളിലേയും, സെമിത്തേരികളിലേയും തിരക്ക് ഒഴിവാക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അപ്പസ്തോലിക് പെനിറ്റെൻഷ്യറിയുടെ തലവനായ കർദി മൌറോ പിയാസെൻസാ പ്രസ്താവന കുറിച്ചു.

കോവിഡ് പശ്ചാത്തലത്തിലുള്ള നവംബർ ഒന്നിലെ സകലവിശുദ്ധരുടെ ദിനാചരണത്തിന്റേയും,പിറ്റേദിവസത്തിലെ സകല മരിച്ച വിശ്വാസികളുടെയും ദിനാചരണത്തിന്റേയും പ്രാധാന്യം കണക്കിലെടുത്ത് പൂർണ്ണ ദണ്ഡവിമോചനത്തിന് വേണ്ടിയുള്ള കാലയളവ് നീട്ടണമെന്ന മെത്രാൻമാരുടെ അപേക്ഷ പരിഗണിച്ചാണ് ദണ്ഡവിമോചനത്തിന്റെ കാലയളവ് നവംബർ മാസം മുഴുവനും നീട്ടിയിരിക്കുന്നതെന്നു വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ കർദ്ദിനാൾ പിയാസെൻസാ വ്യക്തമാക്കി. പകർച്ചവ്യാധി കാരണം വീട്ടിൽ നിന്നും പുറത്തുപോകുവാൻകഴിയാത്തവർക്കും പൂർണ്ണദണ്ഡവിമോചനം സാധ്യമാക്കുവാൻ കഴിയുമെന്ന് അറിയിപ്പിലുണ്ട്. പുറത്തുപോകുവാൻ കഴിയുന്നവർ കൂടുതലായി കുർബാനകളിൽ പങ്കുകൊള്ളുവാനും, കുമ്പസാരിക്കുവാനും, സെമിത്തേരി സന്ദർശനം നടത്തുവാനും ശ്രമിക്കണമെന്നും അറിയിപ്പിൽ പറയുന്നു.നവംബർ മാസത്തിൽ സാധ്യമായത്ര കൂദാശകൾ നൽകുവാൻ ശ്രമിക്കണമെന്നു വൈദികരോടും വത്തിക്കാൻ ആഹ്വാനം നല്കിയിട്ടുണ്ട്.നല്ല കുമ്പസാരം, യോഗ്യമായ രീതിയിലുള വിശുദ്ധ കുർബാന സ്വീകരണം, പാപ്പയുടെ നിയോഗങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥന തുടങ്ങി പൂർണ്ണ ദണ്ഡവിമോചനത്തിന് വേണ്ടിയുള്ള പതിവ് വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും അറിയിപ്പിൽ പറയുന്നു. വിശ്വാസികൾക്ക് സകല മരിച്ചവരുടെയും ഓർമദിവസമായ നവംബർ രണ്ടിലെ പൂർണദണ്ഡവിമോചനം പ്രാപിക്കാനുള്ള അവസരം നവംബർ രണ്ടിന് മുമ്പുള്ളതോ കഴിഞ്ഞ് വരുന്നതോയായ ഞായറാഴ്ചകളോ, അല്ലെങ്കിൽ നവംബർ ഒന്നിലെ സകല പുണ്യവാൻമാരുടെയും തിരുനാൾ ദിനത്തിലും നേടാൻ സഭ ഈ സാഹചര്യത്തിൽ അവസരം നൽകുന്നുണ്ട്.

അതിന് പള്ളിയോ, തിരുകർമങ്ങൾക്ക് അവസരം ഉള്ള മറ്റെവിടെയെങ്കിലുമോസന്ദർശനം നടത്തി ഒരു സ്വർഗ്ഗസ്ഥനായ എന്ന പ്രാർത്ഥനയും, ഒരു വിശ്വാസപ്രമാണവും ചൊല്ലി കാഴ്ചവക്കണം. വയോധികർക്കും, രോഗാവസ്ഥ ഉള്ളവർക്കും ദേവാലയത്തിൽ പോയി കുമ്പസാരിച്ച്, വിശുദ്ധകുർബാന സ്വീകരിച്ച്, മാർപാപ്പയുടെ നിയോഗത്തിനായി പ്രാർത്ഥിക്കാനും സാധിക്കാത്തത് കൊണ്ട് ആയിരിക്കുന്ന ഭവനത്തിൽ തന്നെ കർത്താവിന്റെയോ, പരിശുദ്ധ അമ്മയുടെയോ ചിത്രത്തിന് മുമ്പിൽ മരിച്ചുപോയ വിശ്വാസികൾക്ക് വേണ്ടിയുള്ള നമസ്കാരമോ, ജപമാല കരുണകൊന്തയോ ചൊല്ലി പ്രാർത്ഥിച്ചാൽ മതിയാകുമെന്നും പ്രസ്താവനയിൽ പറയുന്നു. മരിച്ചവരുടെ തിരുനാൾ ദിനത്തിൽ കൂടുതൽ വിശുദ്ധ കുർബാന ചൊല്ലി വിശ്വാസികൾക്ക് അവസരമൊരുക്കുന്നത് ഉചിതമാണെന്നും വത്തിക്കാൻ പ്രസ്താവിച്ചു.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ‘അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയിൽ നിന്നും ദൈവത്തിന്റെ തിരുമുൻപാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം’, പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂർണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂർണ്ണമോ ആകാമെന്ന് സിസിസി 1471 ചൂണ്ടിക്കാട്ടുന്നു.

Leave a Reply