കുട്ടികളുടെ മൊബൈല്‍ ഉപയോഗം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം


ഗൂഗിള്‍ ഫാമിലി ലിങ്ക് ആപ്പ്
കുട്ടികള്‍ മൊബൈല്‍ ഫോണും ടാബ്ലെറ്റും ഉപയോഗിക്കുന്നത് നിയന്ത്രണമെന്നൊക്കെ പറയാറുണ്ടെങ്കിലും അത് എത്രത്തോളം പ്രായോഗികമാണെന്നതില്‍ ആര്‍ക്കും നിശ്ചയമില്ല. കുട്ടികളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നിയന്ത്രിക്കുകയോ നിരീക്ഷിക്കുകയോ ചെയ്തുകൊണ്ട് അവരുടെ സുരക്ഷ ഉറപ്പാക്കുന്ന ശൈലിക്കാണ് സ്വീകാര്യത ലഭിക്കുന്നത്. ഇതിനൊരു പരിഹാരമാണ് ഗൂഗിള്‍ അവതരിപ്പിക്കുന്ന ഫാമിലി ലിങ്ക് സംവിധാനം.
മാതാപിതാക്കള്‍ക്ക് ഈ ആപ്ലിക്കേഷനിലൂടെ ഒരു ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് മക്കളുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ കൈകാര്യം ചെയ്യാം. ഇതിനായി കുട്ടികളുടെയും രക്ഷിതാക്കളുടെയും ഫോണില്‍ ഫാമിലി ലിങ്ക് ആപ്പ് ഉണ്ടായിരിക്കണമെന്നു മാത്രം. ഗൂഗിള്‍ അക്കൗണ്ട് ഉണ്ടാക്കിക്കഴിഞ്ഞഞ്ഞാല്‍ ഫാമിലി ലിങ്ക് ഓട്ടോമാറ്റിക് ആയി മക്കളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ആകും. അതിനുശേഷം അവരുടെ ഫോണില്‍ ഏതെല്ലാം ആപ്പുകള്‍ വേണം, സെറ്റിംഗ്സ് എങ്ങനെ ആയിരിക്കണം എന്നീ കാര്യങ്ങളെല്ലാം മാതാപിതാക്കള്‍ക്ക് തീരുമാനിക്കാം.
കുട്ടികള്‍ അവരുടെ ഫോണിലോ, ടാബിലോ ഏതെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ രക്ഷിതാവിന്‍റെ ഫോണില്‍ നോട്ടിഫിക്കേഷന്‍ വരും. രക്ഷിതാവ് സമ്മതം കൊടുത്താല്‍ മാത്രമേ ആപ്പ് ഡൗണ്‍ലോഡ് തുടങ്ങൂ. കുട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം നിയന്ത്രിക്കുന്നതിനും ആ സമയക്രമം പാലിക്കുന്നതിനും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.
ഫോണ്‍വിളികള്‍, മെസേജുകള്‍, ഏതെല്ലാം ആപ്ലിക്കേഷന്‍സുകളാണ് മക്കള്‍ ഉപയോഗിക്കുന്നത്, ഇന്‍റര്‍നെറ്റില്‍ സെര്‍ച്ചു ചെയ്യുന്ന കാര്യങ്ങള്‍, ഫോണിന്‍റെ ലൊക്കേഷന്‍, എത്ര സമയം ഫോണ്‍ ഉപയോഗിക്കുന്നുണ്ട് തുടങ്ങിയ വിവരങ്ങള്‍ ഈ ആപ്പ് വഴി മാതാപിതാക്കള്‍ക്ക് അറിയാന്‍ കഴിയും. കുട്ടികള്‍ പഠിക്കുന്ന സമയത്തും കളിക്കുന്ന സമയത്തുമെല്ലാം ഫോണ്‍ ദൂരെ നിന്നുകൊണ്ടു തന്നെ ലോക്ക് ചെയ്യാനുള്ള സൗകര്യവും ഫാമിലി ലിങ്ക് ഒരുക്കുന്നുണ്ട്.
ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ Google family link children and teens എന്ന് സെര്‍ച്ച് ചെയ്താല്‍ മതിയാകും. ഇതു കൂടാതെ Kaspersky safe kids,Morten Family parental control,ESET parental control antroid തുടങ്ങിയ ആപ്പുകളും പ്ലേസ്റ്റോറില്‍ ലഭ്യമാണ്.
ഡിജിറ്റല്‍ ഗുരുകുലങ്ങള്‍
ഗൂഗിള്‍ ക്ലാസ്സ് റൂം (Google classroom)
സ്കൂളുകള്‍ക്കും കോളേജുകള്‍ക്കുമായി ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഒരു സൗജന്യവെബ് സേവനമാണ് ഗൂഗിള്‍ ക്ലാസ്സ് റൂം. അറിയിപ്പുകള്‍ നല്‍കാനും ക്ലാസ്സുകള്‍ തയ്യാറാക്കാനും ചര്‍ച്ചകള്‍ തുടങ്ങാനും അസൈന്‍മെന്‍റുകള്‍ സമര്‍പ്പിക്കാനും ഗ്രേഡുകള്‍ നല്‍കാനും അഭിപ്രായങ്ങളും ഉത്തരങ്ങളും പറയാനും പഠനസാമഗ്രികള്‍ പങ്കുവയ്ക്കാനുമൊക്കെ ഗൂഗിള്‍ ക്ലാസ്സ് റൂം ഉപയോഗപ്പെടുത്താം.
www.classroom.google.com അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യാം.


സൂം മീറ്റിങ് (Zoom meeting)
ഇന്ത്യയില്‍ കൊറോണയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ച ആപ്ലിക്കേഷനാണ് സൂം മീറ്റിങ്. സൂം 5.0 വേര്‍ഷനില്‍ ശക്തമായ എന്‍ക്രിപ്ഷന്‍ സുരക്ഷ വാഗ്ദാനം ചെയ്യുന്നു. അധ്യാപകര്‍ക്ക് വളരെ ലളിതമായി സൂം മീറ്റിങ് സെറ്റ് ചെയ്ത് കുട്ടികള്‍ക്ക് ക്ലാസ്സ് എടുക്കാന്‍ കഴിയും.
www.zoom.us അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള സമയപരിധി 40 മിനിറ്റാണ്.


ഗൂഗിള്‍ മീറ്റ് (Google meet)
ഗൂഗിളിന്‍റെ വീഡിയോ കോണ്‍ഫ്രന്‍സിംഗ് ആപ്ലിക്കേഷനാണ് മീറ്റ്. ഒരു ബ്രൗസര്‍ അധിഷ്ഠിത ഇന്‍റര്‍ഫെയ്സാണിത്. അതുകൊണ്ട് ഇതു പ്രവര്‍ത്തിപ്പിക്കുന്നതിന് ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ വേണ്ടതില്ല.. ഗൂഗിള്‍ ക്രോം ബ്രൗസര്‍, ജീമെയില്‍ അക്കൗണ്ട് എന്നിവ ഉണ്ടായാല്‍ മതി. മൊബൈലിലാണ് ഉപയോഗിക്കുന്നതെങ്കില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് മീറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

Leave a Reply