മികച്ച ചികിത്സാ സൗകര്യം, കൃത്യമായ ആസൂത്രണം; കോവിഡ് പ്രതിരോധത്തിൽ മാതൃകയായി കോട്ടയം ജില്ല.

കൊവിഡിന്‍റെ രണ്ടാം തരംഗം പ്രതിരോധിക്കുന്നതില്‍ കോട്ടയം ജില്ല സൃഷ്ടിച്ചത് തനത് മാതൃക. കൃത്യമായ ആസൂത്രണത്തിലൂടെ ഓക്സിജന്‍ ലഭ്യതയും മതിയായ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയതിലൂടെ മറ്റ് ജില്ലകളെ അപേക്ഷിച്ച്‌ കോട്ടയം ജില്ലയ്ക്ക് മരണ നിരക്ക് കുറയ്ക്കാനായി.167 കോടി രൂപയുടെ കൊവിഡ് ചികിത്സാ സേവനങ്ങളാണ് സര്‍ക്കാര്‍ സംവിധാനത്തിലൂടെ ജില്ലയില്‍ ഒരുക്കിയത്. രണ്ടാം തരംഗം മുന്നില്‍ കണ്ട് എല്ലാ പഞ്ചായത്തുകളിലും ഡൊമിസിയലറി കെയര്‍ സെന്‍ററുകളും എല്ലാ ബ്ലോക്കുകളിലും, മുനിസിപ്പാലിറ്റികളിലും ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളും എല്ലാ താലൂക്കുകളിലും സെക്കന്‍റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളും ഒരുക്കി. ഫസ്റ്റ് ലൈന്‍ സെക്കന്‍റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കിടക്കകള്‍ ഒരുക്കിയത് ജില്ലയിലാണ്.

സംസ്ഥാനത്തെ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആകെയുളള 681 ഓക്സിജന്‍ കിടക്കകളില്‍ 161 എണ്ണവും സെക്കന്‍റ് ലൈന്‍ കേന്ദ്രങ്ങളില്‍ ആകെയുളള 2421 ഓക്സിജന്‍ കിടക്കകളില്‍ 591 എണ്ണവും കോട്ടയത്താണ്. കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുളള ആസൂത്രണത്തിന്‍റെ വിജയമായി ജില്ലയിലെ കൊവിഡ് മരണ നിരക്ക് കുറയ്ക്കാനായി. ജില്ലയില്‍ ഇത് വരെ 317 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇടുക്കി ജില്ല മാത്രമാണ് കുറഞ്ഞ മരണ നിരക്കില്‍ കോട്ടയത്തിന് മുന്നിലുളളത്. എന്നാല്‍ ഇടുക്കിയില്‍ ഇത് വരെ 67892 പേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത്. കോട്ടയത്താകട്ടെ 174907 പേര്‍ക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചു.

മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമത്തിന്‍റെ ഭീതിജനകമായ വാര്‍ത്തകള്‍ ഉത്തരേന്ത്യയില്‍ നിന്ന് വരുന്നതിനിടെ തന്നെ ക്ഷാമം മുന്നില്‍ കണ്ട് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ നടപടികള്‍ കൈ കൊണ്ടു. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി സ്വന്തമായി ഓക്സിജന്‍ ജനറേറ്റിംഗ് പ്ലാന്റ് സ്ഥാപിച്ചത് കോട്ടയം മെഡിക്കല്‍ കോളേജാണ്. ഇതിന് പുറമെ വീടുകളില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് 24 മണിക്കൂറും ആവശ്യാനുസരണം ഓക്സിജന്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്ത് ആദ്യമായി ഓക്സിജന്‍ പാര്‍ല‌റും ഒരുക്കി. ജില്ലയില്‍ ആശുപത്രികള്‍ക്ക് ആവശ്യത്തിനനുസരിച്ച്‌ ഉപയോഗിക്കാന്‍ 800 ഓക്സിജന്‍ സിലിണ്ടറുകളുടെ ശേഖരവും സജ്ജമാക്കി.