കോളേജുകൾ പൂർണമായി തുറക്കുന്നു; ക്ലാസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറക്കും. ഒന്ന്, രണ്ട് വര്‍ഷ ഡിഗ്രി ക്ലാസുകളും രണ്ടാം വര്‍ഷ പിജി ക്ലാസുകളുമാണ് ആരംഭിക്കുക.എഞ്ജിനീയറിങ്ങ് കോളേജുകളും തുറക്കും. ഒക്ടോബര്‍ 18-ാം തിയതിയായിരുന്നു കോളേജുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ പ്രതികൂല കാലവസ്ഥ കണക്കിലെടുത്താണ് ഇന്നത്തേക്ക് മാറ്റിയത്. ഡിഗ്രി, പിജി അവസാന വര്‍ഷ ക്ലാസുകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു.

നേരത്തെ ക്ലാസുകള്‍ ആരംഭിച്ച അവസാന

വര്‍ഷക്കാര്‍ക്കും ഇന്ന് മുതല്‍ ക്‌ളാസുണ്ടാകും.

അവസാന വര്‍ഷം ഒഴികെയുള്ള ക്ലാസ്സുകള്‍ ഒന്നേ കാല്‍ വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആരംഭിക്കുന്നത്. പതിനെട്ട് വയസ്സ് തികയാത്തതുകൊണ്ട് വാക്‌സിനെടുക്കാന്‍ പറ്റാതെ പോയവരെയും ഒരു ഡോസ് വാക്‌സിനെടുത്ത് രണ്ടാം ഡോസിന് സമയമാകാത്തവരെയും ക്ളാസില്‍ പ്രവേശിപ്പിക്കണം. വിമുഖത മൂലം വാക്‌സിനെടുക്കാത്ത അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പ്രവേശിപ്പിക്കേണ്ടതില്ലെന്നും, എന്തെങ്കിലും രോഗമുള്ളവരും, ഭിന്നശേഷിക്കാരും ആദ്യ രണ്ടാഴ്‌ച ക്യാമ്ബസുകളില്‍ വരാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.