‘ഒരു നിമിഷം തകർക്കുന്നത് ജീവിതമാണ്’

വൈദികപരിശീലനസമയത്ത് കേരളത്തിലെ ജയിലുകള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കണ്ടുമുട്ടിയ ഒരു സഹോദരന്‍റെ വാക്കുകളാണ്. നിസ്സാരമായ എന്തോ കാര്യത്തിന്, മുന്‍ കോപത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ പോയപ്പോള്‍ നഷ്ടപ്പെട്ടത് അല്ലെങ്കില്‍ നഷ്ടപ്പെടുത്തിയത് സ്വന്തം ഭാര്യയെയാണ്. ഒരു കുഞ്ഞും മാതാപിതാക്കളും എല്ലാമുള്ള കുടുംബത്തിലെ ഒരു അംഗമാണ് ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് തടവറയില്‍ കഴിയുന്നത്. പല കുറ്റങ്ങള്‍ ചെയ്തു തടവറയില്‍ കഴിയുന്ന പലരുടെയും അനുഭവങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഭൂരിഭാഗം പേരുടെയും ആഗ്രഹങ്ങളുടെയും, നഷ്ടപ്പെടുത്തിയ, കഴിഞ്ഞുപോയ ദിനങ്ങളുടെയും ഇന്നനുഭവിക്കുന്ന നിരാശയുടെയും തലങ്ങള്‍ ഏറെക്കുറെ സമാനമാണ്.
അല്‍പ്പനേരത്തെ സംഭാഷണത്തിനുശേഷം അവരോട് വിട പറയുന്നതിനുമുമ്പ് അപേക്ഷയുടെയും പ്രതീക്ഷയുടെയും ശബ്ദത്തില്‍ ഏറെക്കുറെ എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്; ‘എങ്ങനെയെങ്കിലും ഞങ്ങള്‍ക്ക് ഞങ്ങളുടെ വീട്ടില്‍ എത്താന്‍ കഴിയുമോ?’
ഇന്ന് പല ബന്ധങ്ങളും തകരാനും തളരാനും കാരണം ചില സമയങ്ങളില്‍ ചില വികാരങ്ങളെ നിയന്ത്രിക്കാനും വഴിതിരിച്ചു വിടാനും സാധിക്കാതെ പോകുന്നതുകൊണ്ടാണ്. കുടുംബങ്ങളില്‍മാത്രമല്ല മത- രാഷ്ട്രീയ രംഗങ്ങളിലും സംഭവിക്കുന്നതും വ്യത്യസ്തമല്ല. അല്‍പ്പനേരത്തെ സുഖത്തിനു വേണ്ടിയും, അധികാരത്തിനുവേണ്ടിയും, കാലം പടിയിറക്കുന്ന കസേരയ്ക്ക് വേണ്ടിയുമൊക്കെ നഷ്ടപ്പെടുത്തുന്നതും മുറിപ്പെടുത്തുന്നതും ഒരു കുടുംബത്തിന്‍റെയോ, സമൂഹത്തിന്‍റെയോ പ്രസ്ഥാനത്തിന്‍റെയോ ഒക്കെ പാരമ്പര്യമുള്ള, നന്മയുള്ള അടിത്തറയെയാണ്. കടിഞ്ഞാണില്ലാത്ത വികാരങ്ങളും ചില തീരുമാനങ്ങളുമാണ് പലരെയും ഈയൊരു അവസ്ഥയില്‍ കൊണ്ടു ചെന്നെത്തിക്കുന്നതും. അപരനെ നിയന്ത്രിക്കുന്നതിനും കടിഞ്ഞാണ്‍ ഇടുന്നതിനും മുമ്പ് നിയന്ത്രണം വേണ്ടത് സ്വന്തം തീരുമാനങ്ങളിലും മുന്‍കോപങ്ങളിലുമാണ്.
അങ്ങനെ വരുമ്പോള്‍ കാലം ഓരോരുത്തരുടെയും സ്വപ്നത്തിന് പിന്തുണയേകും, ലോകം അവരെ അനുസ്മരിക്കും…
ഫാ. ആന്‍റോ പുതുവ

Leave a Reply