ട്രെയ്‌നില്‍ തീയിട്ട സംഭവം ആസൂത്രിതമെന്ന് പൊലീസ്; അക്രമി ബൈക്കില്‍ കയറിപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു

എലത്തൂരില്‍ യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച്‌ തീയിട്ട സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

പ്രതിയെന്ന് സംശയിക്കുന്നയാള്‍ മറ്റൊരാളുടെ ബൈക്കിന് പിന്നില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. അക്രമി കൈ കാണിക്കാതെ തന്നെ ബൈക്ക് നിര്‍ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. നടന്നത് ആസൂത്രിത ആക്രമണമാണെന്നും ദുരൂഹതയുണ്ടെന്നും പൊലീസ് പറഞ്ഞു. അതേസമയം എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ നിന്ന് ഒരു ബാഗ് പൊലീസിന് കിട്ടിയിട്ടുണ്ട്. ബാഗില്‍ രണ്ട് മൊബൈല്‍ ഫോണുകളും ഹിന്ദിയിലുളള പുസ്തകങ്ങളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉള്‍പ്പെടെ വിവരശേഖരണം തുടങ്ങി. ഫോറന്‍സിക് സംഘം ഇന്ന് തന്നെ പരിശോധന നടത്തുമെന്നാണ് വിവരം.

ഞായറാഴ്ച രാത്രി 9 മണിക്ക് കണ്ണൂര്‍ ഭാഗത്തേക്ക് പോയ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിന്‍ എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോള്‍ ആയിരുന്നു അക്രമം. ആക്രമണത്തില്‍ ഒമ്ബത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ പുലര്‍ച്ചെ റെയില്‍വേ ട്രാക്കില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി നൗഫിക്, റഹ്മത്ത് (48), ഇവരുടെ സഹോദരിയുടെ മകള്‍ സഹറ(2) എന്നിവരുടെ മൃതദേഹമാണ് ട്രാക്കില്‍ നിന്ന് ലഭിച്ചത്. ഇവര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ട്രെയ്‌നില്‍ നിന്ന് ചാടിയതാകാമെന്നാണ് നിഗമനം.