കൊറോണക്കാലത്തെ ദൈവവിചാരങ്ങള്‍

ദൈവം അത്ര പ്രസക്തനല്ലെന്ന തോന്നല്‍ നമ്മില്‍ ജനിപ്പിക്കുംവിധമാണ് കൊറോണക്കാലത്തെ ദൈവവിചാരങ്ങള്‍ കടന്നുപോകുന്നത്. ലോകരാഷ്ട്രങ്ങളിലെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 മരണം നമ്മുടെ അയല്പക്കത്ത് എത്തിച്ചേര്‍ന്നുവെന്ന ഭീതിയുണര്‍ത്തിക്കൊണ്ട് കേരളത്തിലും പടരുന്നുവെന്നതാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പ്രസ്തുത പകര്‍ച്ചവ്യാധിയുടെ വ്യാപനം ഫലപ്രദമായി തടയുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശക്തിയുക്തം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പഠനം, ജോലി, കൂട്ടംചേരല്‍, വിനോദങ്ങള്‍, യാത്രകള്‍ എന്നിങ്ങനെ പലതും വേണ്ടെന്നും വെച്ചും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നുമാണ് കൊറോണയെന്ന അപൂര്‍വ്വമായ വിപത്തിനെ നേരിടാന്‍ ഭരണകൂടങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, ഈ സാഹചര്യങ്ങളെ മുതലെടുത്തുകൊണ്ട് സമൂഹത്തില്‍ അരാജകത്വം വിതക്കുകയും അധാര്‍മ്മികത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന യുക്തിവാദ, നിരീശ്വരവാദപ്രസ്ഥാനങ്ങളും വ്യക്തികളും ദൈവവിശ്വാസത്തെയും ആത്മീയനേതൃത്വത്തെയും പലവിധത്തില്‍ ആക്രമിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. യുക്തിപരമെന്ന് വാദിച്ചുകൊണ്ടാണ് പല വിമര്‍ശനങ്ങളും ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്. കത്തോലിക്കാസഭയുടെ പ്രബോധനങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ട് ഈ ലക്കം സത്യാന്വേഷി ചര്‍ച്ച ചെയ്യുന്നതും ഈ വിഷയമാണ്. പ്രതിസന്ധികളില്‍ പേടിക്കുകയാണോ ദൈവവിശ്വാസം . . . ഏവര്‍ക്കും സ്വാഗതം.

1. ദൈവത്തെപ്പറ്റിയുള്ള സംസാരത്തിലെ പിഴവുകള്‍

എന്താണ് ദൈവവിശ്വാസമെന്നത് തന്നെ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. മനുഷ്യന്‍ ആവശ്യപ്പെടുന്നതെല്ലാം ചെയ്തുകൊടുക്കുന്ന കുപ്പിയിലടച്ച ഒരു ഭൂതത്തെപ്പോലെയാണ് പലരും ദൈവത്തെ മനസ്സിലാക്കിയിരിക്കുന്നത്. ചിലര്‍ ദൈവത്തെ ഒരു മാജിക്കുകാരനെപ്പോലെയോ യന്ത്രമനുഷ്യനെപ്പോലെയോ കാണുന്നു. ദൈവവിശ്വാസികളാണെന്ന് അവകാശപ്പെടുന്നവരുടെയും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ ദൈവം ഇങ്ങനെയൊക്കെയാണോ എന്നത് ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ്. ദൈവവുമായുള്ള ബന്ധത്തിലൂടെയാണ് ഈയൊരവബോധത്തെ ഓരോരുത്തരും ആഴപ്പെടുത്തിയെടുക്കേണ്ടത്. ദൈവം മനുഷ്യനായി അവതരിച്ച ഈശോമിശിഹാ സ്ഥാപിച്ച തിരുസ്സഭയെ സംബന്ധിച്ചിടത്തോളം ഈ വിഷയത്തില്‍ ദൈവികവെളിപാടിന്‍റെയും നൂറ്റാണ്ടുകളുടെ അനുഭവങ്ങളുടെയും പഠനങ്ങളുടെയും പിന്‍ബലമുണ്ട്. എങ്കില്‍പ്പോലും തിരുസ്സഭയുടെ മതബോധനഗ്രന്ഥം പറയുന്നത് ദൈവത്തെപ്പറ്റിയുള്ള നമ്മുടെ അറിവ് പരിമിതമാണ് എന്നാണ്. ലോകത്തലേറ്റവും സംശുദ്ധവും യുക്ത്യധിഷ്ഠിതവുമായ കത്തോലിക്കാദൈവശാസ്ത്രം ദൈവത്തെപ്പറ്റിയുള്ള നമ്മുടെ ഭാഷയും പരിമിതമാണ് എന്നാണ് പഠിപ്പിക്കുന്നത്. അതിനാല്‍ പരിമിതമായ മാനുഷികമാര്‍ഗ്ഗങ്ങളുപയോഗിച്ചുകൊണ്ടു മാത്രമേ നമുക്ക് ദൈവത്തെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുകയുള്ളത്രേ.

അതിനാല്‍ സഭയുടെ പ്രബോധനമനുസരിച്ച് മനുഷ്യന്‍ ദൈവത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സര്‍വ്വസൃഷ്ടികള്‍ക്കും അതീതനായ ദൈവത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മാനുഷികമായ എല്ലാ പരിമിതികളും അപൂര്‍ണതകളും ഭാവനാബദ്ധമായ കാര്യങ്ങളും നിരന്തരം നാം ശുദ്ധീകരിച്ചുകൊണ്ടിരിക്കണം. അപ്രകാരം ശുദ്ധീകരിക്കാത്ത പക്ഷം നമ്മുടെ മാനുഷികമായ അവതരണങ്ങളെ അവര്‍ണനീയനും അഗ്രാഹ്യനും അദൃശ്യനും ബുദ്ധിക്കതീതനുമായ ദൈവവുമായി കൂട്ടിക്കുഴക്കാന്‍ ഇടയുണ്ട് എന്നാണ് മതബോധനഗ്രന്ഥം പറയുന്നത്. മനുഷ്യന്‍റെ വാക്കുകള്‍ ദൈവരഹസ്യത്തെ ഫലപ്രദമായി വ്യക്തമാക്കുന്നതിന് അപര്യാപ്തമാണ് എന്നും കൂട്ടിച്ചേര്‍ക്കുന്നു.

മനുഷ്യന്‍റെ പ്രശ്നം അവന്‍ ദൈവത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. സ്വാഭാവികബുദ്ധിയില്‍ വെളിപ്പെടുന്ന ദൈവത്തെ യാതൊരു ബുദ്ധിയുമുപയോഗിക്കാതെ വിശദീകരിക്കാന്‍ സാധാരണക്കാരായ നിരവധി പേര്‍ നടത്തുന്ന ശ്രമങ്ങളാണ് ദൈവവിശ്വാസത്തെ യുക്തിയില്ലാത്തതായി ചിത്രീകരിക്കാന്‍ പലപ്പോഴും യുക്തിവാദികളെയും നിരീശ്വരവാദികളെയും സഹായിക്കുന്നത്. എന്നാല്‍ കത്തോലിക്കാദൈവശാസ്ത്രമനുസരിച്ച് ദൈവത്തിലെത്തിനില്‍ക്കുന്ന രീതിയില്‍ മാനുഷികമായി നാം ദൈവത്തെക്കുറിച്ച് സംസാരിക്കുന്നുവെങ്കിലും പൂര്‍ണമായും ദൈവത്തെ വിശദീകരിക്കാന്‍ മാനുഷികശ്രമങ്ങള്‍ അപര്യാപ്തങ്ങളും ബലഹീനങ്ങളുമാണ്. ആയതിനാല്‍ത്തന്നെ ഇത്തരം ആവിഷ്കാരങ്ങളെച്ചൊല്ലിയുള്ള യുക്തിവാദവിമര്‍ശനങ്ങള്‍ക്കും അത്ര വില കൊടുത്താല്‍ മതി.

2. മനുഷ്യന്‍റെ ജീവിതത്തിലെ ദൈവിക ഇടപെടലുകള്‍

പ്രാര്‍ത്ഥന എന്താണ് എന്ന ചോദ്യത്തിന് ലിസ്യൂവിലെ വി. തെരേസ നല്കുന്ന ഉത്തരം ഇങ്ങനെയാണ് . . . ‘എന്നെ സംബന്ധിച്ചിടത്തോളം ഹൃദയത്തിന്‍റെ അലയടിയാണ് പ്രാര്‍ത്ഥന. സ്വര്‍ഗ്ഗത്തിലേക്കുള്ള ലളിതമായ ഒരു നോട്ടം. പരീക്ഷണത്തിന്‍റെയും സന്തോഷത്തിന്‍റെയുമിടയില്‍ നന്ദിയുടെയും സ്നേഹത്തിന്‍റെയും നിലവിളിയാണത്.’ പ്രാര്‍ത്ഥനയെ ആഴത്തില്‍ മനസ്സിലാക്കുക എന്നത് പ്രാര്‍ത്ഥിക്കുന്നവരുടെ ശ്രമകരമായ ഉത്തരവാദിത്വം കൂടിയാണ്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന്‍റെ നാലാം ഭാഗം ക്രൈസ്തവപ്രാര്‍ത്ഥനയെക്കുറിച്ച് മാത്രമായിട്ടാണ് പ്രതിപാദിക്കുന്നത്.

പ്രാര്‍ത്ഥനയെ കേവലം ആവശ്യങ്ങളുണര്‍ത്തിക്കല്‍ മാത്രമായിട്ടല്ല മനസ്സിലാക്കേണ്ടത്. മനുഷ്യന്‍റെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടുന്നതിന് പ്രാര്‍ത്ഥിച്ചാല്‍ മതി എന്ന ചിന്ത വളരെ ചപലമാണ്. പ്രാര്‍ത്ഥിച്ചിട്ടും നിനക്ക് ദൈവം അനുഗ്രഹിക്കാത്തതെന്താണ്, പ്രാര്‍ത്ഥിച്ചിട്ടും നിനക്ക് സഹനം വരുന്നതെന്തുകൊണ്ടാണ് എന്നിങ്ങനെയുള്ള നിരവധിയായ ചോദ്യങ്ങള്‍ക്ക് പിന്നില്‍ കിടക്കുന്ന ചിന്ത ഇതാണ്. പ്രാര്‍ത്ഥനക്ക് മാന്ത്രികമായ ഫലസിദ്ധിയുണ്ട് എന്ന് കത്തോലിക്കാവിശ്വാസം അവകാശപ്പെടുന്നില്ല. അതേസമയം അത്ഭുതകരമായ ദൈവികഇടപെടലുകള്‍ പ്രാര്‍ത്ഥനകളില്‍ സംഭവിക്കുന്നുണ്ട് താനും.

പ്രാര്‍ത്ഥനക്ക് വിവിധങ്ങളായ നിര്‍വ്വചനങ്ങളും പ്രാര്‍ത്ഥനയിലുള്ള വളര്‍ച്ചക്ക് വ്യത്യസ്ഥങ്ങളായ തലങ്ങളും ഉണ്ട്. ഈശോയുടെ പുത്രസഹജമായ പ്രാര്‍ത്ഥന പുതിയ നിയമത്തിലെ പ്രാര്‍ത്ഥനയുടെ ഉത്തമമാതൃകയാണ്. പലപ്പോഴും ഏകാന്തതയിലും രഹസ്യമായും അര്‍പ്പിക്കപ്പെടുന്ന ഈശോയുടെ പ്രാര്‍ത്ഥന പിതാവിന്‍റെ തിരുമനസ്സിനോടുള്ള സ്നേഹനിര്‍ഭരവും കുരിശുമരണത്തോടുള്ള വിധേയത്വവും പിതാവ് തന്നെ ശ്രവിക്കുന്നുണ്ടെന്ന് പൂര്‍ണ്ണബോദ്ധ്യവുമുള്ള പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥിക്കുന്നതെല്ലാം അതേപടി ലഭിക്കണമെന്ന വാശിയൊന്നും അവിടെയില്ല. ദൈവപുത്രനായ ഈശോയുടെ രക്തം വിയര്‍ത്തുള്ള പ്രാര്‍ത്ഥനക്ക് സ്വര്‍ഗ്ഗസ്ഥനായ പിതാവ് യാതൊരുത്തരവും നല്കിയില്ല എന്ന് സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്. അവിടുത്തെ ഹിതം നിറവേറട്ടെയെന്ന് നെടുവീര്‍പ്പിട്ടുകൊണ്ട് ഈശോ ഗത്സമനില്‍ നിന്ന് മടങ്ങി. ദൈവഹിതത്തെ – അതെത്ര വേദനിപ്പിക്കുന്നതായാലും – തിരിച്ചറിയാനും സ്വീകരിക്കാനുമുള്ള കൃപയാണ് പ്രാര്‍ത്ഥനയുടെ പ്രധാനപ്പെട്ട ഫലങ്ങളില്‍ ഒന്ന്.

3. സഹനങ്ങള്‍ ദൈവഹിതമോ

ദൈവവിശ്വാസവും പ്രാര്‍ത്ഥനകളും ആത്മീയതയുമെല്ലാം സഹനങ്ങളെയും പ്രതികൂലസാഹചര്യങ്ങളെയും ജീവിതത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള എളുപ്പമാര്‍ഗ്ഗമാണെന്ന ചിന്ത തികച്ചും അക്രൈസ്തവമാണ്. ക്രൈസ്തവബോദ്ധ്യത്തില്‍ സഹനങ്ങളും പ്രതിസന്ധികളും ദൈവം അനുഗ്രഹിച്ചുതരുന്ന ജീവിതത്തിലെ സ്വാഭാവികസന്ദര്‍ഭങ്ങളാണ്. സഹനങ്ങള്‍ക്കുള്ള കാരണവും ഉത്തരവും തേടുന്ന ആത്മീയാന്വേഷണങ്ങള്‍ വിശുദ്ധ ബൈബിളില്‍ സുലഭമാണ്. പലവിധ ഉത്തരങ്ങള്‍ സഹനത്തിന് ദൈവികമനുഷ്യര്‍ കണ്ടെത്തിയിട്ടുമുണ്ട്. പക്ഷേ, സഹനം ദൈവസാന്നിദ്ധ്യത്തിന്‍റെ അഭാവമാണെന്നും രോഗവും പകര്‍ച്ചവ്യാധിയും ദൈവമില്ലാത്തതിന്‍റെ തെളിവാണെന്നും വാദിക്കുന്നവര്‍ മറന്നുപോകുന്ന ക്രൈസ്തവവിശ്വാസത്തിന്‍റെ ഒരു അടിസ്ഥാനബോദ്ധ്യമുണ്ട്. ദൈവപുത്രനായ ഈശോമിശിഹായുടെ സഹനം. സഹനം രക്ഷാകരമാണെന്ന് സകല പാടുപീഡകളും സഹിച്ച് കുരിശിലെ മരണത്തിലൂടെ കാണിച്ചുതന്ന ഈശോമിശിഹായാണ് ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ല്. സഹനങ്ങളെ രക്ഷാകരമായിക്കണ്ട് സ്വീകരിക്കാന്‍ സാധിക്കുന്നത് ദൈവവിശ്വാസത്തിലുള്ള വളര്‍ച്ചയില്‍ സംഭവിക്കുന്ന അത്ഭുതമാണ്.

4. ദൈവം ആപത്തുകളില്‍ മനുഷ്യനെ കൈവിടുകയല്ലേ

മനുഷ്യന്‍റെ വിളിപ്പുറത്തുള്ള ഒരു സേവനദാതാവായിട്ടാണ് പലരുടെയും ദൈവസങ്കല്പം. അതുകൊണ്ടാണ് ഒരു ആപത് സന്ധിയില്‍ സഹായിക്കാത്ത ദൈവം എന്തു ദൈവമാണ് എന്ന ചോദ്യം ഉയരുന്നത്. ഓരോ മനുഷ്യരുടെയും ഏറ്റവും ചെറിയ പ്രതിസന്ധിഘട്ടത്തില്‍പ്പോലും ഇടപെടുന്ന ഒരു ദൈവമുണ്ടായിരുന്നുവെങ്കില്‍ ജീവിതം എത്ര വിരസമായിപ്പോകുമായിരുന്നുവെന്ന് ചിന്തിക്കുക. ആഗ്രഹിക്കുന്നതു പോലെയെല്ലാം സംഭവിക്കുന്ന ഒരു സാഹചര്യം. എന്നാല്‍ ദൈവം മനുഷ്യജീവിതത്തിന്‍റെ സ്വാഭാവിക ഗതിവിഗതികളെ അനുനിമിഷം നിയന്ത്രിക്കുന്ന ഒരു ശക്തിയല്ല. പ്രപഞ്ചവും മനുഷ്യനുമെല്ലാം ദൈവത്തിന്‍റെ സൃഷ്ടിയാണ്. മനുഷ്യന് ദൈവം എല്ലാം നന്മക്കായിട്ടാണ് ഒരുക്കിയിരിക്കുന്നതും. മാത്രവുമല്ല, മനുഷ്യന് ജീവിതത്തിന്‍റെ സ്വാതന്ത്ര്യവും ദൈവം നല്കിയിട്ടുണ്ട്. മനുഷ്യജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും ഇടപെടുന്ന ദൈവം മനുഷ്യനെ ഒരു യന്ത്രതുല്യനാക്കിത്തീര്‍ക്കും. ആയതിനാല്‍ ദൈവത്തിന്‍റെ സൃഷ്ടിയായ പ്രപഞ്ചത്തില്‍ ദൈവസൃഷ്ടി തന്നെയായ മനുഷ്യനും ദൈവം ഒരുക്കിയിരിക്കുന്നതും അനുവദിച്ചിരിക്കുന്നതുമായ ജീവിതം – അതിന്‍റെ എല്ലാ സ്വാഭാവികതകളോടും കൂടെ – അനുഭവിക്കുക എന്നതാണ് പ്രധാനം. ഈ ജീവിതത്തില്‍ ദൈവം മനുഷ്യനെ വിട്ട് എവിടെയും പോകുന്നില്ല. അവന്‍റെ രോഗങ്ങളിലും സഹനങ്ങളിലും പ്രതിസന്ധികളിലും ദുഖങ്ങളിലും സര്‍വ്വവ്യാപിയും എല്ലാം അറിയുന്നവനുമായ ദൈവം അവനെ ചേര്‍ത്ത് തന്നെ പിടിച്ചിട്ടുണ്ട്.

5. ദേവാലയങ്ങളിലെ നിയന്ത്രണങ്ങള്‍ ദൈവമില്ലായെന്നതിന്‍റെ തെളിവല്ലേ

കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുന്ന സാഹചര്യങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ദേവാലയത്തിലെ കൂദാശാപരികര്‍മ്മങ്ങളില്‍ പൊതുജനപങ്കാളിത്തം വേണ്ടെന്ന് പറയുകയോ നിയന്ത്രിക്കുകയോ ചെയ്തുവെങ്കിലും ലോകമെമ്പാടും ആയിരക്കണക്കിന് ബലിവേദികളില്‍ നടക്കുന്ന ബലിയര്‍പ്പണങ്ങള്‍ക്ക് ഒരു മുടക്കവും സംഭവിക്കില്ല. എല്ലാ കത്തോലിക്കാപുരോഹിതരും എല്ലാ ദിവസവും ദൈവജനത്തിനും ലോകത്തിനും വേണ്ടി ബലിയര്‍പ്പിക്കുക തന്നെ ചെയ്യും. സാഹചര്യങ്ങളുടെ ഗൗരവം പരിഗണിച്ച് പ്രസ്തുത ബലിയര്‍പ്പണങ്ങളില്‍ ആത്മനാ പങ്കുചേരുവാനുള്ള ആഹ്വാനമാണ് മെത്രാന്മാര്‍ തങ്ങളുടെ ദൈവജനത്തിന് നല്കിയിരിക്കുന്നത്. ഇതില്‍ പ്രായോഗികവും സാമാന്യബുദ്ധിക്ക് നിരക്കുന്നതുമായ നിര്‍ദ്ദേശങ്ങള്‍ മാത്രമേയുള്ളൂ. മുന്‍കരുതലുകളിലൂടെ ഒഴിവാക്കാവുന്ന അപകടങ്ങളെ ദൈവം കാത്തുകൊള്ളുമെന്ന് പറഞ്ഞുകൊണ്ട് ജീവിതത്തിലേക്ക് വിളിച്ച് വരുത്തുന്നത് പക്വമായ ആത്മീയതയുടെ ഭാഗമല്ല. അപകടങ്ങളില്‍ അകലം പാലിക്കേണ്ടതുണ്ടെന്ന് ഈശോയുടെ തന്നെ ജീവിതം കാണിച്ചുതരുന്നുണ്ടെന്ന് ഫാ. ഡാനി കപ്പൂച്ചിന്‍ പറയുന്നു.

6. കുര്‍ബാന കൂടിയില്ലെങ്കിലും കുഴപ്പമില്ലല്ലേ

ഒരു യഥാര്‍ത്ഥ ക്രൈസ്തവവിശ്വാസിക്ക് ഒരിക്കലും ചോദിക്കാന്‍ പറ്റാത്ത ചോദ്യമാണിത്, അപ്പോള്‍ കുര്‍ബാനയില്‍ സംബന്ധിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ലല്ലേ… എന്നത്. ആരുടെയൊക്കെയോ നിര്‍ബന്ധത്തിന്‍റെയും ഭീഷണിയുടെയും ഫലമായിട്ടാണ് ഇത്തരക്കാര്‍ ബലിയര്‍പ്പണത്തില്‍ പങ്കെടുത്തിരുന്നത് എന്ന് തോന്നിപ്പോകും വിധമാണ് ചോദ്യങ്ങള്‍. വിശ്വാസികളോടൊപ്പം യുക്തിവാദികളും ചോദിക്കുന്ന ചോദ്യങ്ങളിങ്ങനൊക്കെയാണ്. ബലിയര്‍പ്പണമൊക്കെ വേണമെങ്കില്‍ വേണ്ടെന്ന് വെക്കാന്‍ സാധിക്കുമെന്ന് മനസ്സിലായില്ലേ… മതത്തിന്‍റെയൊന്നും ആവശ്യമില്ലെന്ന് മനസ്സിലാക്കിക്കൊള്ളൂ. ആചാരങ്ങളെല്ലാം തട്ടിപ്പായിരുന്നു. ഇവയൊക്കെ ഇത്രയൊക്കെയേ ഉള്ളൂ…
മലയാളത്തിലെ ഒരു പ്രമുഖചാനലിന്‍റെ പ്രോഗ്രാമില്‍ അവതാരിക ചോദിച്ച ചോദ്യവും ഏതാണ്ട് ഇതേ ശൈലിയിലാണ്. ആചാരങ്ങളെയും ആത്മീയതയെയുമൊക്കെ പരിഹസിക്കാന്‍ ലഭിക്കുന്ന യാതൊരവസരവും നഷ്ടപ്പെടുത്താത്തവര്‍ നമുക്ക് ചുറ്റിലും ധാരാളമായി പെരുകിക്കൊണ്ടിരിക്കുകയാണ്. ബലിയര്‍പ്പണത്തില്‍ നാം പങ്കെടുക്കുന്നത് എന്തിനാണെന്നും ബലിയര്‍പ്പണം എന്താണെന്നും ബലിയര്‍പ്പണത്തിലൂടെ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന ആത്മീയമായ അനുഗ്രഹങ്ങളെന്തെല്ലാമാണെന്നും തിരിച്ചറിവുള്ള ഒരു വിശ്വാസിക്ക് താത്കാലികമായ ഈ നിയന്ത്രണങ്ങള്‍ പോലും വേദനയുളവാക്കുന്നതാണ്. വിശുദ്ധ കുര്‍ബാനയടക്കമുള്ള കൂദാശകളെക്കുറിച്ച് പഠിക്കാനും അവയുടെ പ്രാധാന്യത്തെ വീണ്ടും ഓര്‍ത്തെടുക്കാനും ഈ നിരോധനകാലഘട്ടം ഓരോ വിശ്വാസിയെയും കൂടുതലായി സഹായിക്കട്ടെ

7. ദൈവത്തേക്കാള്‍ ശക്തി വൈറസിനല്ലേ

ദൈവത്തിനും മതത്തിനും സാധിക്കാത്തത് പലതും കൊറോണ വൈറസിന് സാധിച്ചുവെന്ന രീതിയിലുള്ള പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തികച്ചും ബാലിശവും യുക്തിയുടെ അടിസ്ഥാനമില്ലാത്തതുമായ പ്രചരണങ്ങളാണവ. ദൈവവും വൈറസും തമ്മില്‍ കാലാകാലങ്ങളായി എന്തോ വലിയ മത്സരം നടക്കുന്നുവെന്ന് തോന്നിപ്പോകും. അവസാനം ദൈവം തോക്കുകയും വൈറസ് ജയിക്കുകയും ചെയ്തുവത്രേ. ദൈവവിശ്വാസവും അതിലധിഷ്ഠിതമായ ധാര്‍മ്മികതയും മനുഷ്യജീവന് നല്കിയിരിക്കുന്ന വലിയ മഹത്വവും പ്രാധാന്യവും തിരിച്ചറിയാനുള്ള കാഴ്ചയും ക്ഷമയുമില്ലാത്തതാണ് ഇത്തരം ചപലമായ വാദങ്ങള്‍ക്ക് നിദാനം. വൈറസ് സമൂഹത്തില്‍ സൃഷ്ടിക്കുന്നുവെന്ന് പറയുന്ന പല ക്രമങ്ങളും മനുഷ്യന്‍റെ താത്കാലികമായ ഭയത്തില്‍ നിന്ന് രൂപംകൊള്ളുന്നതാണ്. എന്നാല്‍ ദൈവവിശ്വാസവും ധാര്‍മ്മികനിയമങ്ങളും മനുഷ്യന്‍റെ ആത്മീയതയും എത്രയോ നന്മയുള്ള ജീവിതസന്ദര്‍ഭങ്ങള്‍ മനുഷ്യര്‍ക്ക് പ്രദാനം ചെയ്യുന്നു. മനുഷ്യജീവിതത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.

8. ശാസ്ത്രമല്ലേ ജയിക്കുന്നത് ദൈവവിശ്വാസം തോറ്റുപോകുന്നു

കൊറോണക്ക് മുന്നില്‍ ദൈവം തോറ്റുവെന്ന പ്രചരണം ശക്തിപ്പെടുന്നുണ്ട്. അതിനാലാണത്രേ ആത്മീയകാര്യങ്ങളെല്ലാം വേണ്ടെന്നുവെക്കേണ്ടിവന്നത്. ശാസ്ത്രത്തെയും ദൈവവിശ്വാസത്തെയും രണ്ട് തട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ വാദം. എന്നാല്‍ ഇത് ശരിയല്ല. കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം ദൈവവിശ്വാസവും ശാസ്ത്രവും സൃഷ്ടിയുടെ സത്യത്തിലേക്ക് മനുഷ്യമനസ്സിന് പറന്നുകയറാനുള്ള രണ്ട് ചിറകുകളാണ്. അവ പരസ്പരപൂരകങ്ങളുമാണ്. കത്തോലിക്കാസഭ ശാസ്ത്രത്തെയോ ശാസ്ത്രനിരീക്ഷണങ്ങളെയോ അവഗണിക്കുകയോ വിലകുറച്ചുകാണുകയോ ചെയ്യുന്നില്ല. ശാസ്ത്രഗവേഷണങ്ങളിലൂടെയും മുന്നേറ്റങ്ങളിലൂടെയും വെളിപ്പെടുന്നത് ദൈവസൃഷ്ടിയുടെ സൗന്ദര്യം തന്നെയാണെന്ന് സഭ ഉറച്ച് വിശ്വസിക്കുന്നു. അതിനാലാണ് ലോകമെമ്പാടും മതേതരവിഷയങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും കഴിയും വിധം സര്‍വ്വകലാശാലകളും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളും ആരംഭിക്കാന്‍ സഭ മുന്‍കൈയ്യെടുത്തത്. സെക്കുലര്‍ വിദ്യാഭ്യാസംപോലും ഇത്രകണ്ട് പ്രോത്സാഹിപ്പിക്കാനും ശാസ്ത്രഗവേഷണങ്ങള്‍ക്ക് ഭൗതികവും സാമ്പത്തികവുമായ സഹായസഹകരണങ്ങള്‍ നല്കാനും സഭ പ്രകടിപ്പിക്കുന്ന വിശാലമനസ്സിന്‍റെ കാരണവും അതുതന്നെയാണ്. ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും എന്നുവേണ്ട പ്രപഞ്ചോത്പത്തിയെക്കുറിച്ച് പഠിക്കുന്ന വാനനിരീക്ഷണശാലപോലും കത്തോലിക്കാസഭക്ക് സ്വന്തമായുണ്ട് എന്നത് അഭിമാനത്തിന് വക നല്കുന്നവയാണ്. ശാസ്ത്രലോകത്തിന് അഭൂതപൂര്‍വ്വകമായ സംഭാവനകള്‍ നല്കിയ വിശ്വാസികളായ ശാസ്ത്രജ്ഞരില്‍ നിരവധി കത്തോലിക്കാ വൈദികരും സന്യസ്തരുമുണ്ട് എന്നത് ചരിത്രമാണ്. അതിനാല്‍ കത്തോലിക്കാസഭയുടെ വിശ്വാസത്തെയും ശാസ്ത്രത്തെയും രണ്ടു തട്ടിലാക്കാനുള്ള കുത്സിതശ്രമങ്ങള്‍ക്ക് നേരേ കാലം പരിഹസിച്ചുചിരിക്കും എന്നു മാത്രമേ സത്യാന്വേഷിക്ക് പറയാനുള്ളൂ.

9. ദേവാലയങ്ങളിലെ ശുശ്രൂഷകള്‍ വേണ്ടെന്ന് വെക്കുന്നത് ശരിയല്ല

ദേവാലയങ്ങളിലെ ശുശ്രൂഷകള്‍ വേണ്ടെന്നുവെക്കുന്നത് സഭാധികാരികളുടെ ആത്മീയപരാജയമാണെന്നും സഭ കൂടുതല്‍ തീക്ഷ്ണതയോടെ അത് തുടരുകയാണ് വേണ്ടതെന്നും വാദിക്കുന്നവരുണ്ട്. ഏതുവിധേനയും കത്തോലിക്കാസഭയുടെ ആത്മീയനേതൃത്വത്തിന്‍റെ വിശ്വാസ്യത പൊതുസമൂഹത്തില്‍ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ തന്നെയുണ്ട്. അത് ഒരു ആഗോള അജണ്ടയാണ്. സേദേ വേക്കന്‍റിസ്റ്റ് ഗ്രൂപ്പുകളും മറ്റും ചെയ്യുന്നതും ഇതുതന്നെയാണ്. കര്‍ദ്ദിനാള്‍മാരുടെ പോലും അഭിമുഖങ്ങളും ലേഖനങ്ങളുമായി ഇക്കൂട്ടര്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. യാഥാസ്ഥിതികമായ കത്തോലിക്കാവിശ്വാസികളുടെ സംഘങ്ങളായിട്ടാണ് അവ കാണപ്പെടുക എന്നതിനാല്‍ നല്ല വിശ്വാസികള്‍ പോലും അവരുടെ പ്രചരണങ്ങളില്‍ വീണുപോകാന്‍ സാദ്ധ്യതയുണ്ട്. കൊറോണയുടെ കാലത്ത് മാത്രമല്ല, സഭാസംബന്ധമായ ഏതൊരു വിഷയത്തിലും അഭിപ്രായങ്ങള്‍ രൂപപ്പെടുത്തേണ്ടത് അഭിവന്ദ്യ രൂപതാദ്ധ്യക്ഷന്മാരുടെ നിര്‍ദ്ദേശങ്ങളോട് ചേര്‍ന്ന് മാത്രമാണ്. മറ്റ് അഭിപ്രായപ്രകടനങ്ങളും വിഘടനചിന്തകളും അവഗണിക്കുകയെന്നതും സത്യവിശ്വാസത്തിന്‍റെ സംരക്ഷണത്തിന് അനിവാര്യമാണ്.

10. ആത്മീയത തകരുകയാണോ

ആത്മീയതക്ക് വലിയ തകര്‍ച്ച സംഭവിച്ചു അല്ലെങ്കില്‍ സംഭവിക്കുമെന്ന് വാദിക്കുന്ന സകലരും കൊറോണക്കാലം തരുന്ന ആത്മീയജീവിതത്തിന്‍റെ പുതിയ സാദ്ധ്യതകളെക്കൂടി പരിഗണിക്കേണ്ടതുണ്ട്. ദേവാലയങ്ങളിലേക്കും ധ്യാനകേന്ദ്രങ്ങളിലേക്കും പറിച്ചു നട്ട ആത്മീയജീവിതത്തെ ഒരിക്കല്‍ക്കൂട് ഓരോ വ്യക്തിയും ജീവിക്കുന്ന കുടുംബത്തിന്‍റെ ചുറ്റുപാടുകളിലേക്ക് കൊണ്ടുവരാനുള്ള അസുലഭ അവസരമായി വേണം ഈ നിയന്ത്രണങ്ങളെ ഓരോ വിശ്വാസിയും സ്വീകരിക്കാന്‍. സഭയുടെ അടിസ്ഥാനഘടകമായ കുടുംബം അഥവാ ഗാര്‍ഹികസഭ, ഈ നോമ്പുകാലത്ത് മിശിഹായുടെ പാടുപീഡകളെ അനുസ്മരിക്കുന്ന ആഗോളകത്തോലിക്കാസഭയുടെ ചെറുപതിപ്പുകളായിത്തീരേണ്ടതുണ്ട്. ഇക്കാലമത്രയും നാം അഭ്യസിച്ചതെല്ലാം നമ്മെ എത്രമാത്രം വളര്‍ത്തിയെന്ന് ആത്മശോധന ചെയ്യേണ്ട സമയമായി അത് മാറട്ടെ. വി. കുര്‍ബാനയും പ്രാര്‍ത്ഥനകളും ഓണ്‍ലൈനില്‍ പങ്കെടുക്കുക എന്നതിനേക്കാള്‍ കുടുംബമൊരുമിച്ച് യാമപ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതിനും ജപമാല എത്തിക്കുന്നതിനും വിയാസാക്ര ചൊല്ലുന്നതിനും വിശുദ്ധ ഗ്രന്ഥം വായിക്കുന്നതിനും സമയം കണ്ടെത്തുകയാണ് പ്രധാനം. കൂദാശകളുടെ സ്വീകരണത്തില്‍ നിന്ന് തങ്ങളുടെ ആത്മീയാധികാരം ഉപയോഗിച്ച് മെത്രാന്മാര്‍ ഒഴിവ് നല്കിയിട്ടുണ്ട് എന്നതിനാല്‍ മറ്റ് ആത്മീയകൃത്യങ്ങളുടെ ആചരണത്തിലേക്ക് പ്രാര്‍ത്ഥനാജീവിതത്തെ കേന്ദ്രീകരിക്കുക എന്നതിലാണ് വിശ്വാസികള്‍ ശ്രദ്ധപുലര്‍ത്തേണ്ടത്.

ക്വാറന്‍റൈന്‍ നമ്മുടെ ആത്മീയജീവിതത്തിന് അനിവാര്യമായ ചില പിന്‍വാങ്ങലുകളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഈശോ ജനക്കൂട്ടത്തില്‍ നിന്ന് പിന്‍വാങ്ങി വിജനപ്രദേശങ്ങളിലേക്ക് പോയി എന്ന് സുവിശേഷം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ടല്ലോ. ജനക്കൂട്ടങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്ന ഈ സമയം ആത്മീയമായ ബലപ്പെടലിന് ഉപയുക്തമാക്കാന്‍ പരിശ്രമിക്കുന്നവരാണ് വിവേകമുള്ളവര്‍.

സമാപനം

ബൈബിളില്‍ ഇങ്ങനെ പറയുന്നു: – മോശ അഹറോനോട് പറഞ്ഞു, ബലിപീഠത്തില്‍ നിന്ന് അഗ്നിയെടുത്ത് ധൂപകലശത്തിലിടുക. പരിമളദ്രവ്യം ചേര്‍ത്ത് ഉടനെ സമൂഹത്തിന്‍റെ മദ്ധ്യത്തിലേക്ക് കൊണ്ടുപോയി അവര്‍ക്ക് വേണ്ടി പാപപ്പരിഹാരം അനുഷ്ഠിക്കുക. കാരണം, കര്‍ത്താവിന്‍റെ കോപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. മഹാമാരി ആരംഭിച്ചുകഴിഞ്ഞു. മോശ പറഞ്ഞതുപോലെ അഹറോന്‍ ധൂപകലശമെടുത്ത് ജനത്തിന്‍റെ നടുവിലേക്ക് ഓടി. ജനത്തെ മഹാമാരി ബാധിച്ചു കഴിഞ്ഞിരുന്നു. അവന്‍ ധൂപാര്‍ച്ചന നടത്തി. ജനത്തിന് വേണ്ടി പാപപ്പരിഹാരം ചെയ്തു. അവന്‍ മരിച്ചുവീണവരുടെയും ജീവനോടിരിക്കുന്നവരുടെയും നടുവില്‍ നിന്നു. മഹാമാരി നിലച്ചു (സംഖ്യ 16,46-48).

ജീവനോടിരിക്കുന്നവരുടെയും മരിച്ചുവീണവരുടെയും നടുവില്‍ നിന്ന് ദൈവസന്നിധിയിലേക്ക് കരമുയര്‍ത്താന്‍ ഓരോ ക്രൈസ്തവനും മിശിഹായില്‍ കടപ്പെട്ടിരിക്കുന്നു. ക്വറന്‍റൈന്‍ ഏകാന്തതകള്‍ ലോകത്തിന്‍റെ വേദനക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാവട്ടെ. ഭവനങ്ങള്‍ ദേവാലയങ്ങളാവട്ടെ. അവിടെയുയരുന്ന പ്രാര്‍ത്ഥനകള്‍ അഹറോന്‍റെ ധൂപം പോലെ മഹാമാരിയില്‍ നിന്ന് ലോകത്തെ ശുദ്ധീകരിക്കട്ടെ.

Leave a Reply