ഓര്‍ത്തഡോക്സ് സഭയില്‍ സംഭവിച്ചെന്നു പറയപ്പെടുന്ന സംഭവത്തെ കൂട്ടിവച്ച് കത്തോലിക്കാസഭയില്‍ അഭിഷേകത്തോടെ ശുശ്രൂഷ ചെയ്യുന്ന വൈദികരെക്കുറിച്ച് അപവാദം പരത്തുമ്പോള്‍, സോഷ്യല്‍ മീഡിയവഴി മാധ്യമവിചാരണ ചെയ്ത് മനഃപൂര്‍വ്വം സമൂഹത്തിനു മുമ്പില്‍ അവഹേളിക്കണം എന്ന വിചാരത്തോടെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞ്, നുണ പ്രചാരണങ്ങള്‍ നടത്തി, ദൈവീകശുശ്രൂഷകളെ വികലമായി ചിത്രീകരിക്കുമ്പോള്‍ അറിയണം ഇത്തരക്കാരുടെ നെറികെട്ട ദുരാരോപണങ്ങളാല്‍ തകര്‍ക്കപ്പെട്ട ഒരു വൈദികന്‍റെ ഈ ലോകജീവിതത്തെ.
കേരളചരിത്രത്തില്‍ ഇന്നുവരെ സമാനതകളില്ലാത്ത കേസാണ് മാടത്തരുവി കൊലക്കേസ്. 1966, സ്ഥലം: പത്തനംതിട്ട. റാന്നിക്കടുത്ത് മന്ദമരുതി എന്ന കൊച്ചുഗ്രാമം. ഞെട്ടിക്കുന്ന വാര്‍ത്തയുമായിട്ടാണ് ഗ്രാമവാസികള്‍ ഉറക്കമുണര്‍ന്നത്. മന്ദമരുതിക്കടുത്ത് മാടത്തരുവിയിലെ തേയിലത്തോട്ടത്തില്‍ കുത്തേറ്റു മരിച്ച നിലയില്‍ ഒരു സ്ത്രീയുടെ ജഡം. വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവസ്ഥലം ജനസമുദ്രമായി. വൈകാതെ പോലീസും സംഭവസ്ഥലത്തെത്തി. 5 കുട്ടികളുടെ അമ്മയും വിധവയുമായ മറിയക്കുട്ടി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. കൂടാതെ അവള്‍ ഗര്‍ഭിണിയായിരുന്നുവെന്നും കണ്ടെത്തി. സംഭവം നടന്നതിന്‍റെ തലേന്ന് ഒരു വൈദികനെ ആ പരിസരത്ത് കണ്ടതായി നാട്ടുകാര്‍ പലരും പോലീസില്‍ മൊഴി നല്കി. അന്വേഷണം ഫാ. ബനഡിക്ട് ഓണംകുളം എന്ന വൈദികനിലേക്കു നീണ്ടു.
ഇനി മറിയക്കുട്ടിയെക്കുറിച്ച് ചില കാര്യങ്ങള്‍. മുഴുക്കുടിയനായ ഭര്‍ത്താവ് മരിച്ചതോടെ മറിയക്കുട്ടി കടുത്ത ദാരിദ്ര്യത്തിലായി. വീട്ടുപണി ചെയ്തും കൂലിപ്പണി ചെയ്തും അവള്‍ കുടുംബം പോറ്റി. അവരുടെ ഇടവക വികാരിയായിരുന്ന ഫാ. ബെനഡിക്ട് അനാഥാശ്രമത്തിലെ മാനേജര്‍കൂടിയായിരുന്നു. ദരിദ്രര്‍ക്ക് നല്കാനുള്ള അരി, ഗോതമ്പ്, പാല്‍പ്പൊടി എന്നിവയുടെ വിതരണവും അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തിലായിരുന്നു. മറിയക്കുട്ടിയുടെ ദാരിദ്ര്യവും കഷ്ടപ്പാടുകളും കണ്ട് അദ്ദേഹം അവരെ കയ്യയച്ച് സഹായിച്ചു. മറ്റൊരിടവകയിലേക്കു സ്ഥലം മാറിയിട്ടും അദ്ദേഹം ഈ സഹായങ്ങള്‍ തുടര്‍ന്നു. മറിയക്കുട്ടി കൊല്ലപ്പെട്ടതിന്‍റെ തലേദിവസം താന്‍ അവരുടെ വീട്ടില്‍ ചെന്നിരുന്നുവെന്ന് ഫാ. ബനഡിക്ട് പോലീസില്‍ സമ്മതിച്ചു. പതിവുപോലെ അവര്‍ക്ക് സഹായം നല്കാനാണ് താന്‍ അവരുടെ വീട്ടില്‍ ചെന്നതെന്ന് അദ്ദേഹം അവര്‍ക്ക് മൊഴി നല്കി. ഈ മൊഴി അദ്ദേഹത്തിനെതിരായ ശക്തമായ തെളിവായി. അദ്ദേഹത്തിന്‍റെ താമസസ്ഥലത്തുനിന്ന് മറിയക്കുട്ടിയുടെ ചോരപറ്റിയ ളോഹ കണ്ടെടുത്തു. അതോടെ വൈദികനെതിരായ കുരുക്ക് മുറുകി. ഫാ. ബനഡിക്ട് അറസ്റ്റു ചെയ്യപ്പെട്ടു.
ഈ വാര്‍ത്ത കേരളത്തെ പിടിച്ചു കുലുക്കി. രാജ്യമെങ്ങും അതിന്‍റെ അലയടികള്‍ ഉണ്ടായി. വൈദികന്‍റെ മൊഴി, സാക്ഷിമൊഴികള്‍, സാഹചര്യത്തെളിവുകള്‍, രക്തം പുരണ്ട ളോഹ. കുറ്റമറ്റ രീതിയില്‍ ഈ തെളിവുകള്‍ കൂട്ടിയിണക്കുന്നതിന് പ്രോസിക്യൂഷന്‍ വിജയിച്ചു. സെഷന്‍സ് കോടതി അദ്ദേഹത്തിന് 5 വര്‍ഷം കഠിനതടവും വധശിക്ഷയും വിധിച്ചു. അടുത്ത ദിവസത്തെ പത്രങ്ങളെല്ലാം അതാഘോഷമാക്കി. “കത്തോലിക്കാ വൈദികന് വധശിക്ഷ” പാതയോരത്തും ചായക്കടയിലും കള്ളുഷാപ്പിലുമെല്ലാം വൈദികര്‍ക്കുനേരെ അസഭ്യവര്‍ഷം.
എന്നാല്‍ ഹൈക്കോടതി അപ്പീല്‍ സ്വീകരിച്ച് അദ്ദേഹത്തിന്‍റെ ശിക്ഷ റദ്ദാക്കി. ജയില്‍ മോചിതനായെങ്കിലും അദ്ദേഹം നേരിട്ട അപമാനവും മാനസിക പീഡനങ്ങളും കഠിനമായിരുന്നു. മറിയക്കുട്ടിയുടെ ഘാതകന്‍ എന്ന ദുഷ്പേര് അദ്ദേഹത്തെ മരണംവരെ പിന്തുടര്‍ന്നു. വിധവയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയവന്‍ എന്ന് നാട്ടിലെല്ലാം പാട്ടായി. ചിലരെല്ലാം കാര്‍ക്കിച്ചു തുപ്പി. ഇന്നലെ വരെ കൂടെ നടന്നവര്‍പോലും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. കേട്ടവരെല്ലാം ഒരു നികൃഷ്ടജീവിയെപ്പോലെ അദ്ദേഹത്തെ ആട്ടിയോടിച്ചു.
- കാരുണ്യത്തിന്റെ അമ്മയെ വേട്ടയാടുന്നതെന്തിന്?
- കുമ്പസാരവും – രഹസ്യവും പരസ്യവും