ദില്ലി: പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുളള കൂടിക്കാഴ്ച ഇന്ന്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം കര്‍ണാടകം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. ഈ അവസരത്തില്‍ രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് ഉച്ചയ്ക്കാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ചേരുന്നത്. മൂന്നാം ഘട്ട വാക്സിന്‍ വിതരണവും യോഗത്തില്‍ ചര്‍ച്ചയാകും.
ഒരാഴ്ചയ്ക്കിടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ആദ്യത്തോടെ രാജ്യത്തെ പ്രതിദിന കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടായെങ്കിലും ഇപ്പോള്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണ്. കഴിഞ്ഞ 85 ദിവസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ജനുവരിയോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000-ല്‍ താഴെ വന്നിരുന്നു. അതേസമയം രോഗവ്യാപനം കുറഞ്ഞ് വന്നതോടെ ആളുകള്‍ സ്വമേധയാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതാണ് കൊവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുംബൈ നഗരത്തിലടക്കം ഭാഗിക ലോക്ക്ഡൗണ്‍ പരിഗണനയിലെത്തിയിരുന്നു.
എന്നാലിപ്പോള്‍ കര്‍ണാടകയിലാണ് ഇപ്പോള്‍ കൊവിഡ് രോഗവ്യാപനം വലിയ പ്രതിസന്ധിയും ആശങ്കയും സൃഷ്ടിക്കുന്നത്. അതേസമയം രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇനി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതിരിക്കണമെങ്കില്‍ ജനങ്ങള്‍ കര്‍ശനമായി സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്നും മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പറഞ്ഞു.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കുറവാണ്. സംസ്ഥാനത്ത് ഇന്നലെ 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10,63,444 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും സംസ്താനത്ത് മുക്തി നേടിയത്. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യം തന്നെയാണ് കേരളത്തിലും ഇപ്പോഴുളളത്.

