എന്തിനീ അബദ്ധപ്രചാരണങ്ങള്‍?

എന്തിനീ അബദ്ധപ്രചാരണങ്ങള്‍?

എന്‍റെ ക്രൈസ്തവസഹോദരങ്ങളോട് ഒരു വാക്ക്. വാര്‍ത്താവിനിമയ മാധ്യമങ്ങളിലെ അന്തിച്ചര്‍ച്ചകളില്‍ ക്രൈസ്തവ സന്ന്യാസത്തെ വിലതാഴ്ത്തി കാണിക്കുന്ന ഇതരമതസ്ഥര്‍ക്കുവേണ്ടിയല്ല, പരിശുദ്ധ കത്തോലിക്കാസഭയില്‍ സത്യവിശ്വാസം സ്വീകരിച്ച് ക്രിസ്തുവിന്‍റെ അനുയായി എന്ന് സ്വയം അഭിമാനിക്കുന്ന, എന്നാല്‍ സഭയ്ക്കുള്ളിലെ സത്യങ്ങളെയും ക്രൈസ്തവസന്ന്യാസത്തെക്കുറിച്ചും അറിവില്ലാത്ത, എന്‍റെ പ്രിയക്രൈസ്തവ സഹോദരങ്ങള്‍ക്കുവേണ്ടിമാത്രമാണ് ഞാനിതെഴുതുന്നത്.

 പഠിക്കാന്‍ ബുദ്ധിയില്ലാത്തതുകൊണ്ടോ, വിവാഹം കഴിക്കാന്‍ കഴിയില്ലാത്തതുകൊണ്ടോ, അതിനു വീട്ടില്‍ പണമില്ലാത്തതുകൊണ്ടോ, അപ്പനോ, അമ്മയോ അടിച്ചേല്പിച്ചതുകൊണ്ടോ, അല്ല ഞങ്ങളാരും സന്ന്യാസം സ്വീകരിച്ചത്. ഇതെല്ലാം വേണ്ടുവോളം ഉണ്ടായിട്ടും ലോകവും അത് തരുന്ന നശ്വരമായ സന്തോഷങ്ങളും ഞങ്ങള്‍ വേണ്ടെന്ന് വച്ചിട്ടുണ്ടെങ്കില്‍, അത് ഞങ്ങള്‍ വിഡ്ഢികളായതുകൊണ്ടല്ല. അതിനെയെല്ലാം അതിശയിപ്പിക്കുന്ന ദൈവമെന്ന മഹാസത്യത്തെ അനുധാവനം ചെയ്യാനുള്ള ഞങ്ങളുടെ മനസ്സിന്‍റെ തീരുമാനമാണിത്. അതിലുപരി ദൈവം നല്കുന്ന ഏറ്റവും മഹത്തായ ദാനവുമാണിത്.

ലോകത്തോട് ബനഡിക്ട് പാപ്പ ചോദിച്ച ഒരു ചോദ്യമുണ്ട്. “കര്‍ത്താവിനെ അനുധാവനം ചെയ്യുന്നവന് അവന്‍റെ സന്തോഷങ്ങളെ ബലികഴിക്കേണ്ടി വരുമെന്ന് ആരാണ് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചത്” എന്ന്. ഇതുതന്നെയാണ് ഞങ്ങള്‍ക്കും ലോകത്തോട് ചോദിക്കാനുള്ളത്. അതെ, ആനന്ദത്തിന്‍റെ, സന്തോഷത്തിന്‍റെ സാധ്യതയാണ് സന്ന്യാസമെന്നത്.

 ഇക്കാലയളവില്‍ ഒരു സഹതാപപ്രകടനം കേള്‍ക്കാനിടയായി, “പാവം സന്ന്യാസികള്‍, അവരുടെ കഴിവുകളും സാധ്യതകളും കുഴിച്ച് മൂടപ്പെടുകയാണ്. സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍പോലും അവര്‍ക്കു സ്വാതന്ത്ര്യമില്ല എന്ന്.” സഭയേയോ സന്ന്യാസികളേയോ അടുത്തറിയാവുന്നവരില്‍ ആരും  ഇങ്ങനെ അഭിപ്രായപ്പെടുമെന്ന് തോന്നുന്നില്ല. കാരണം കഴിവും പ്രാപ്തിയും ഉള്ളവരെ അവരുടെ അഭിരുചിക്കും സന്ന്യാസസമൂഹത്തിന്‍റെ കാരിസത്തിനും ചേര്‍ന്നവിധത്തില്‍ ഇഷ്ടമുള്ള മേഖലകള്‍ തിരഞ്ഞെടുക്കാന്‍ എല്ലാ സന്ന്യാസസമൂഹങ്ങളും പ്രോത്സാഹിപ്പിക്കാറുണ്ട്. എത്ര സന്ന്യാസികളാണ് വചനപ്രഘോഷകരും, അധ്യാപകരും, നഴ്സുമാരും, ഡോക്ടര്‍മാരും, എന്‍ജിനീയര്‍മാരും ഒക്കെയായി ശുശ്രൂഷ ചെയ്യുന്നത്. ആരും ആരെയും അടിച്ചമര്‍ത്തുന്നില്ല. അങ്ങനെ അടിച്ചമര്‍ത്തപ്പെട്ടിരുന്നുവെങ്കില്‍ ഞാനിന്ന് എന്‍ജിനീയറിങ്ങിന് പഠിക്കുമായിരുന്നോ! എന്‍റെ അധികാരികളാണ് എന്നെ എന്‍ജിനീയറിങ്ങ് പഠിക്കാന്‍ അയച്ചത്. പിന്നെ എല്ലാവരും അറിഞ്ഞിരിക്കണമെന്ന് ഞങ്ങളാഗ്രഹിക്കുന്ന ഒരു കാര്യം ഉന്നതമായ വിദ്യാഭ്യാസമോ ജോലികളോ ഒന്നുമല്ല ഞങ്ങളുടെ പ്രഥമലക്ഷ്യം. ഈശോമിശിഹായ്ക്ക് ഇക്കാലയളവില്‍ ഈ ലോകത്തോട് സംസാരിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള ഉപകരണങ്ങളായി മാറുക എന്നതാണ്. ഇതിനു ഞങ്ങളെ സഹായിക്കുന്ന ഉപാധികള്‍ മാത്രമാണ്, പഠനവും ശുശ്രൂഷാമേഖലകളുമൊക്കെ. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ല എന്ന് വാദിക്കുന്നവര്‍ സത്യത്തില്‍ ഞങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയല്ലേ ചെയ്യുന്നത് എന്ത് ചിന്തിക്കണം, എന്ത് തെരഞ്ഞെടുക്കണം, ഏതു വസ്ത്രം ധരിക്കണം എന്നു തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിയുടേതും അല്ലേ?

അറിവില്ലാത്ത പ്രായത്തില്‍ ഞങ്ങളെടുക്കുന്ന അപക്വമായ തീരുമാനമല്ലിത്. ഏതാണ്ട് 5 വര്‍ഷത്തെ തുടര്‍ച്ചയായ പരിശീലനത്തിനുശേഷം മാത്രമാണ് ഞങ്ങള്‍ താത്കാലികമായി വ്രതമെടുക്കുന്നത്. ഇക്കാലയളവില്‍ ആരും ഞങ്ങളെ സന്ന്യാസജീവിതം മാത്രമേ ആശ്ലേഷിക്കാവൂ എന്ന് നിര്‍ബന്ധിക്കാറില്ല, എന്നുമാത്രമല്ല, ഈ ജീവിതം തങ്ങള്‍ക്കു പറ്റിയതല്ല എന്ന്  തോന്നിയാല്‍ തിരികെപോകാന്‍ എല്ലാ സാഹചര്യങ്ങളും ഒരുക്കിത്തരാറുമുണ്ട് എന്നതാണ് വാസ്തവം. താത്ക്കാലികവ്രതാനുഷ്ഠാനത്തിനുശേഷമാണ് ഞങ്ങള്‍ സാധാരണ പഠനത്തിനായി പോകുന്നത്. സന്ന്യാസികള്‍ക്കുവേണ്ടി  മാത്രം നടത്തപ്പെടുന്ന കോളേജുകളില്‍ ലോകം കാണാതെ വളരുന്നവരല്ല സന്ന്യസ്തര്‍. നല്ല കോളേജുകളില്‍ എല്ലാ സാധ്യതകളും അറിഞ്ഞുതന്നെയാണ് ഞങ്ങളും ജീവിക്കുന്നത്.  ഈ സാധ്യതകളെല്ലാം കണ്ടിട്ടും ഞങ്ങളിതിനോടൊക്കെ ‘ചീ’ പറയുന്നുവെങ്കില്‍ അതിലും വലിയ സംതൃപ്തിയും സന്തോഷവും ഞങ്ങള്‍ അനുഭവിക്കുന്നതുകൊണ്ടല്ലേ? താത്ക്കാലിക വ്രതാനുഷ്ഠാനത്തിനുശേഷം 6 മുതല്‍ 9 വരെ വര്‍ഷങ്ങള്‍ക്കിടയിലാണ് ഞങ്ങള്‍ നിത്യവ്രതം ചെയ്യുന്നത്.

 സന്ന്യാസത്തില്‍ നിയമങ്ങള്‍ ഉണ്ട്, അനുഷ്ഠാനങ്ങളുണ്ട്. ഇതൊന്നും അറിയാതെയല്ല ഞങ്ങള്‍ സന്ന്യാസികളാകുന്നത്. കൃത്യമായും വ്യക്തമായും നിയമങ്ങളെക്കുറിച്ച് പഠിച്ചിട്ട് ഞങ്ങളെടുക്കുന്ന സ്വതന്ത്രതീരുമാനമാണ് സന്ന്യാസം. സന്ന്യാസത്തിന്‍റെ അകത്തളങ്ങളിലെ അനുഷ്ഠാനങ്ങളും നിയമങ്ങളും ഞങ്ങള്‍ക്ക് ഭാരമല്ല, അത് ആനന്ദമാണ്. സന്ന്യസ്ത-വൈദിക ജീവിതത്തിലെ ചില കുറവുകള്‍ കണ്ടിട്ട് അതുയര്‍ത്തിപ്പിടിച്ച് അതുപോലെയാണ് സന്ന്യാസികളെല്ലാവരും എന്നു പറഞ്ഞാല്‍ അത് ശരിയാണോ? ഞങ്ങള്‍ എല്ലാവരും പൂര്‍ണ്ണരാണെന്ന് ഞങ്ങള്‍ പറയില്ല. സാധാരണ കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്ന സാധാരണ മനുഷ്യര്‍തന്നെയാണ് ഞങ്ങള്‍. എങ്കിലും ദൈവകാരുണ്യംമാത്രമാണ് ഞങ്ങളെ ദൈവത്തിന്‍റേതു മാത്രമാക്കുന്നത്. കുടുംബജീവിതത്തിലെ കുറവുകള്‍ കണ്ടിട്ട് എല്ലാ കുടുംബജീവിതവും പരാജയമാണെന്നു പറഞ്ഞാല്‍ നമ്മള്‍ സമ്മതിക്കുമോ. ഇല്ല, തീര്‍ച്ചയായും ഇല്ല.

സന്ന്യാസം-അത് ധൈര്യമുളളവര്‍ക്കുള്ളതാണ്. കാലത്തിന്‍റെ പ്രവാചകശബ്ദമാകാന്‍, കാലികനൂറ്റാണ്ടില്‍ കര്‍ത്താവിനുവേണ്ടി ധീരതയോടെ ശുശ്രൂഷചെയ്യാന്‍ സ്നേഹം മരവിക്കുന്നിടത്ത് സ്നേഹമാകാന്‍, കാരുണ്യമാകാന്‍, നന്മയ്ക്ക് പ്രോത്സാഹനമാകുവാനുള്ള വിളിയാണ്. ഒന്നും നഷ്ടപ്പെടുത്താതെ ആരും ആരേയും ഇന്നുവരെ സ്നേഹിച്ചിട്ടില്ല. മാറോട് ചേര്‍ത്തുവച്ച ഒരുപാട് സൗകര്യങ്ങളെ ഉപേക്ഷിക്കാതെ ശിഷ്യത്വം പൂര്‍ണ്ണമാവില്ല.  ആ ഉപേക്ഷകളൊന്നും ജീവിതത്തിന്‍റെ കുറവുകളാവുകയല്ല, സന്ന്യാസത്തില്‍ അത് നിറവിന്‍റെ വാതായനങ്ങള്‍ തുറന്നു തരികയാണ്. ലോകത്തിലായിരുന്നുകൊണ്ട് ലോകത്തിന്‍റേതല്ലാതെ കര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ ചങ്കൂറ്റവും, മനക്കരുത്തും ഉള്ളവര്‍ക്കായി സന്ന്യാസത്തിന്‍റെ വാതിലുകള്‍ ഇന്നും തുറന്നു കിടക്കുന്നു… സ്വാഗതം……..

സി. സിയന്ന പുല്ലാന്തനാൽ സി.എം.സി

പൊടിമറ്റം

Leave a Reply