രണ്ടാം മോദി സര്‍ക്കാറിലെ മന്ത്രി സഭയിലെ 42 ശതമാനം മന്ത്രിമാര്‍ക്കുമെതിരെ ക്രിമിനല്‍ കേസുകളെന്ന് റിപ്പോര്‍ട്ട്. 90 ശതമാനം മന്ത്രിമാരും കോടിപതികളാണെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രിമിനല്‍ കേസുകള്‍ ഉള്ള മന്ത്രിമാരില്‍ നാലുപേരുടെ കേസ് കൊലപാതക ശ്രമവുമായി ബന്ധപ്പെട്ടുള്ളതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് രണ്ടാം മോദി സര്‍ക്കാരിലെ പുനസംഘടന നടന്നത്.
ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍, തൊഴില്‍മന്ത്രി സന്തോഷ് ഗംഗ്വാര്‍ തുടങ്ങിയ 14 പ്രമുഖരാണ് മന്ത്രിസഭയില്‍ നിന്ന് പുറത്തായത്. 43 പുതിയ മന്ത്രിമാരാണ് പുതിയതായി ചുമതലയേറ്റത്.
ഇവരില്‍ 36 പേര്‍ പുതുമുഖങ്ങളാണ്. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ മന്ത്രിസഭയിലെ 33 മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ട്. ഇതില്‍ തന്നെ 24 മന്ത്രിമാര്‍ക്കെതിരെയുള്ളത് ഗുരുതര സ്വഭാവമുള്ള ക്രിമിനല്‍ കുറ്റങ്ങളാണ്. കൊലപാതകം, കൊലപാതകം ശ്രമം, മോഷണം അടക്കമുള്ള കുറ്റങ്ങളാണ് ഇവ.
വോട്ട് സംബന്ധിയായ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഇത്തരം റിപ്പോര്‍ട്ട് പുറത്തുവിടാറുണ്ട്. കേന്ദ്ര മന്ത്രിസഭയിലെ 70 മന്ത്രിമാര്‍ കോടിപതികളാണ്. ജ്യോതിരാദിത്യ സിന്ധ്യ( 379 കോടി), പിയൂഷ് ഗോയല്‍(95 കോടി), നാരായണ്‍ റാനെ(87 കോടി), രാജീവ് ചന്ദ്രശേഖര്‍(64 കോടി) എന്നിവരാണ് മന്ത്രിസഭയിലെ കോടിപതികളില്‍ പ്രമുഖര്‍. ത്രിപുരയില്‍ നിന്നുള്ള പ്രതിമാ ഭൌമിക്(6ലക്ഷം), പശ്ചിമ ബംഗാളില്‍ നിന്നുള്ള ജോണ്‍ ബര്‍ല(14 ലക്ഷം), രാജസ്ഥാനില്‍ നിന്നുള്ള കൈലാഷ് ചൌധരി(24ലക്ഷം), ഒഡിഷയില്‍ നിന്നുള്ള ബിശ്വേശ്വര്‍ തുഡു(24 ലക്ഷം), വി മുരളീധരന്‍ (27ലക്ഷം) തുടങ്ങിയവരാണ് മന്ത്രിസഭയിലെ ഏറ്റവും കുറഞ്ഞ ആസ്തിയുള്ളവര്‍.


 
							 
							