ദൈവവും ദൈവവിശ്വാസവും മാത്രം എല്ലാറ്റിനും ഉത്തരവും പരിഹാരവും

ഫാ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍
വികാരി ജനറാള്‍

Every suicide is a cry for help എന്നൊരു ചൊല്ലുണ്ട്.
ദൈവത്തിന്റെ നാടെന്നും സാക്ഷര കേരളമെന്നും നമ്പര്‍വണ്‍ എന്നുമൊക്കെ നാം അഭിമാനിക്കുന്ന നമ്മുടെ നാട്ടില്‍ ഓരോ പ്രഭാതവും ഉണരുന്നത് ആത്മഹത്യയുടെയും അരക്ഷിതാവസ്ഥകളുടെയും കൊലപാതകങ്ങളുടെയും സ്ത്രീ പീഡനങ്ങളുടെയും വാര്‍ത്തകള്‍ കേട്ടുകൊണ്ടാണ്. വളരെ പ്രത്യേകമായി കുട്ടികളുടെയും യുവജനങ്ങളുടെയുമിടയില്‍ ആത്മഹത്യകളുടെ എണ്ണം ഭയാനകമായി വര്‍ദ്ധിക്കുന്നുവെന്നത് ആശങ്കാജനകമാണ്. ഇതിന്റെ കാരണങ്ങളിലേയ്ക്കും പരിഹാരങ്ങളിലേയ്ക്കും വായനക്കാരുമൊന്നിച്ചുള്ള ഒരു യാത്രയാണിത്. ഞാന്‍ കുറിക്കുന്നതും കുറിക്കാത്തതുമായ നിരവധി കാരണങ്ങളും പരിഹാരങ്ങളും വായനക്കാരായ നിങ്ങളുടെ മനോമുകരങ്ങളിലുമുണ്ടാകും. അതുകൊണ്ടാണ് വായനക്കാരുമൊന്നിച്ചുള്ള ഒരു യാത്ര എന്ന് ഈ കുറിപ്പിന് ഞാന്‍ വിശേഷിപ്പിച്ചത്.
തലമുറ മാറ്റം
കുട്ടികളിലും യുവജനങ്ങളിലും വളര്‍ന്നുവരുന്ന ആത്മഹത്യാപ്രവണതയ്ക്ക് അവരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വ്യക്തികളും കുടുംബങ്ങളും മതസാമൂഹിക വ്യവസ്ഥകളും പൊതുസമൂഹവും ഈ പ്രതിസന്ധിക്ക് ഉത്തരവാദികളാണ്. വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും എന്ത് ചെയ്യാനാവും? പ്രഥമവും പ്രധാനവുമായ കാര്യം നമ്മുടെ യുവജനങ്ങളോടും കുട്ടികളോടും വളരെ ആരോഗ്യകരവും വ്യക്തിപരവുമായ ബന്ധം സ്ഥാപിക്കുകയും സൂക്ഷിക്കുകയും ചെയ്യുക എന്നതാണ്. അതിന് നാം തലമുറ മാറ്റത്തിന്റെ വേഗവും വ്യത്യസ്തതയും തിരിച്ചറിഞ്ഞ് അവരെ മനസ്സിലാക്കാന്‍ ശ്രമിക്കണം. കുട്ടിത്വവും യുവത്വവും കാലത്തിനും കാലിക സംസ്‌കാരത്തിനുമനുസൃതം മാറ്റത്തിന് വിധേയമായിട്ടുണ്ടെന്ന വസ്തുത അംഗീകരിക്കണം. നമ്മള്‍ കുട്ടികളും യുവാക്കളും ആയിരുന്ന കാലത്ത് സംഭവിച്ച വീഴ്ചകളും കുറവുകളും ഇന്നത്തെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഉണ്ടാവാം. പ്രത്യേകിച്ച് ഇന്നത്തെ മാധ്യമ സംസ്‌കാരത്തിന്റെയും ഉപരിപ്ലവമായ ബന്ധങ്ങളുടെയും ലഹരിയുടെ അപരിമേയമായ അപകടങ്ങളുടെയും ചതിയുടെയും ചുറ്റുപാടില്‍ എന്ന യാഥാര്‍ത്ഥ്യം നമ്മുടെ കണ്ണുകള്‍ തുറപ്പിക്കണം. ദീര്‍ഘക്ഷമയോടെയുള്ള സ്‌നേഹമാണ് ഇതിനുള്ള പരിഹാരം. അനുകമ്പയോടെ മുറിവേറ്റ കുട്ടികളെയും യുവജനങ്ങളെയും സഗമിക്കുക (Accompany). നമ്മള്‍ മാത്രമാണ് ശരിയെന്നും ഇന്നത്തെ യുവതയും കുഞ്ഞുങ്ങളും വഴിതെറ്റി നടക്കുകയാണ് എന്ന ചിന്തയ്ക്കുപകരം ക്രിയാത്മകതയോടെ അവര്‍ക്കൊപ്പം നില്ക്കുക. അങ്ങനെ അവരെ നേടുക. അവരെ ഉപദേശിക്കുന്നതിനുപകരം അവരോട് താദാത്മ്യപ്പെട്ട് അവരെ മനസ്സിലാക്കി നയിക്കാം. അല്ലെങ്കില്‍ നമുക്കു ചുറ്റുമുള്ള കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മഹത്യകള്‍ക്ക് നാമും കാരണക്കാരാവാം.
ആലോചനാശീലം ഇല്ലായ്മ
സമകാലീന തലമുറയുടെ ഏറ്റവും അപകടകരമായ ശീലം ആലോചനയില്ലായ്മയാണ്. മുതിര്‍ന്ന തലമുറ എപ്പോഴും ചോദിക്കുന്ന ചോദ്യമാണ് ‘എന്താ ഇപ്പോഴത്തെ പിള്ളാരിങ്ങനെ?’. ഉത്തരമിതാണ്: ഇന്നത്തെ തലമുറ ഒത്തിരി ആലോചിക്കാറില്ല.
INSTANT (ഇന്‍സ്റ്റന്റ് – ഉടനടിയുള്ള, ക്ഷണത്തിലുള്ള) സംസ്‌കാരത്തില്‍ ജീവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ‘വര്‍ത്തമാനം’ മാത്രമാണ് പ്രസക്തമായത്. ഭൂതമോ ഭാവിയോ അവരെ കാര്യമായി ബാധിക്കാറില്ല എന്ന് ലോറന്‍സ് കോക്കറേ പോലുള്ള തത്വശാസ്ത്രജ്ഞരും മന:ശാസ്ത്രജ്ഞ വിദഗ്ധരും പറയുന്നു. ഈ ചിന്താധാര ഇന്ന് യുവജനങ്ങളുടെയും കുട്ടികളുടെയും ജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു പ്രവൃത്തിയുടെ, തീരുമാനത്തിന്റെ, ജീവന്റെ, ജീവിതത്തിന്റെ, സമയത്തിന്റെ, സമ്പത്തിന്റെ, ആരോഗ്യത്തിന്റെ, സൗഹൃദത്തിന്റെ, ബന്ധത്തിന്റെ, കുടുംബത്തിന്റെ, വിശ്വാസജീവിതത്തിന്റെ, കടമകളുടെ, കടപ്പാടുകളുടെ വില അവര്‍ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കുന്നെങ്കില്‍തന്നെ അവയെ, അതിനെ അത്ര ഗൗരവമായി എടുക്കുന്നില്ല. ഇന്‍സ്റ്റന്റ് (Instant) അവര്‍ ആയി എന്താണ് ചിന്തിക്കുന്നത് അതാണ് അവര്‍ക്ക് ജീവിതം. അതിന് അവരെ കുറ്റം പറഞ്ഞിട്ട് മാത്രം കാര്യമില്ല. ഇന്നത്തെ സംഗീതവും സംസ്‌കാരവും ഭക്ഷണവും സാമ്പത്തിക ഇടപാടുകളുമെല്ലാം Instant ആണ്. തൊഴിലിനെക്കുറിച്ചും പഠനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമെല്ലാം അവര്‍ അങ്ങനെ ചിന്തിക്കുന്നു. ആത്മീയതപോലും അവര്‍ക്ക് ആവര്‍ത്തനമാണ്. Use and throw culture ഉപയോഗിക്കുക വലിച്ചെറിയുക. ഇതാണ് ഇന്നിന്റെ ശൈലി. ഇന്നലെകള്‍ക്കോ നാളെകള്‍ക്കോ വിലയില്ലയെന്നു ചിന്തിച്ചാല്‍ ജീവിതത്തിനെന്തര്‍ത്ഥം. നമ്മുടെ കുട്ടികളും യുവതയും ഇന്നില്‍ അല്ല -ഇപ്പോളില്‍- (just now) മാത്രം ജീവിക്കുന്നവരാണെന്ന തിരിച്ചറിവോടെ അവരെ സമീപിച്ചാല്‍ മാത്രമേ അവര്‍ക്കൊപ്പം നടക്കാനും അവരെ മനസ്സിലാക്കാനും അവരെ നയിക്കാനും നമുക്കാവൂ.
ആലോചന ഇല്ലാത്തതിനാല്‍ ധാര്‍മികതയും ആത്മീയതയും കൈമോശം വരുന്നു. തെറ്റിന്റെയും ശരിയുടെയും ഗൗരവം അവനവന്റെ സുഖത്തിനനുസരിച്ച് വിലയിരുത്തപ്പെടുന്നു. ആയതിനാല്‍ പൊതുസമൂഹത്തിന്റെ ധാര്‍മികതയും സ്വന്തം തെറ്റും ശരിയും ചേരാതെ വരുന്നു. അപ്പോള്‍ പുതുതലമുറ പ്രതിസന്ധിയില്‍ എത്തപ്പെടുന്നു. ഇങ്ങനെയുള്ള ധാര്‍മിക ചിന്തയും ജീവിതശൈലിയും ആണ് ആത്മഹത്യകളുടെ എണ്ണം കൂടാനുള്ള മറ്റൊരു കാരണം. എന്താണ് പരിഹാരം? ഇന്നത്തെ തലമുറയെ connected thinking (പാരസ്പര്യ ചിന്തകളിലും ബന്ധങ്ങളിലും) വളര്‍ത്തുക, പരിശീലിപ്പിക്കുക. അങ്ങനെ ചരിത്രത്തിലും ശാസ്ത്രത്തിലും മനുഷ്യജീവിതത്തിലും വിശ്വാസജീവിതത്തിലും ഭൂതത്തിനും ഭാവിയ്ക്കുമുള്ള പ്രസക്തി അവരെ ബോധ്യപ്പെടുത്താനായാല്‍ ആലോചനയില്ലായ്മ എന്ന ശീലത്തില്‍ നിന്ന് അവരെ കരകയറ്റി നാളെയുടെ വാഗ്ദാനങ്ങളാക്കി മാറ്റാന്‍ നമുക്കാവും.
വിശ്വാസവും ആത്മീയതയും മിഥ്യയാണെന്ന ചിന്ത
എന്തുകൊണ്ട് ആത്മഹത്യകളുടെ എണ്ണം വര്‍ധിക്കുന്നു എന്ന ചോദ്യത്തിനുള്ള യഥാര്‍ത്ഥ ഉത്തരം ഇതാണ്. വിശ്വാസവും ആത്മീയതയും മിഥ്യയാണെന്നും കാലഹരണപ്പെട്ടതാണെന്നു (outdated) മുള്ള ചിന്ത ഇന്നിന്റെ ജീവിതശൈലിയും ചിന്താധാരയുമായി മാറിക്കഴിഞ്ഞു. ഇവിടെയാണ് സഭയും അജപാലകരും സമര്‍പ്പിതരും വിശ്വാസജീവിതപരിശീലകരും വളരെ പ്രത്യേകിച്ച് മാതാപിതാക്കളും തങ്ങളുടെ പങ്ക് തിരിച്ചറിഞ്ഞ് ഇടപെടേണ്ടത്.
കേരളത്തില്‍ ജനിച്ച തങ്ങള്‍ അമേരിക്കയിലോ ഓസ്‌ട്രേലിയായിലോ യൂറോപ്യന്‍ രാജ്യങ്ങളിലോ ജീവിക്കേണ്ടവരാണെന്ന് ചിന്തിക്കുന്ന നമ്മുടെ കുട്ടികളും യുവജനങ്ങളും ഇന്ന് തെറ്റായ മാധ്യമ സ്വാധീനങ്ങള്‍ക്കും മയക്കുമരുന്നിനും മദ്യത്തിനും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകളിലെ ബന്ധങ്ങള്‍ക്കും അബദ്ധജഡിലമായ വെബ് സീരിയലുകള്‍ക്കും സിനിമകള്‍ക്കും അടിമകളായിട്ടുണ്ടാവാം. അവിടെ കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും അനുഭവിക്കുന്നതുമാണ് ശരി എന്ന് അവര്‍ ധരിക്കുന്നു. ഇവിടെ കുടുംബമഹിമകളുടെ ദുരഭിമാനം മാറ്റിവച്ച് അവരെ യാഥാര്‍ത്ഥ്യത്തിലേക്കും സാധാരണ ജീവിതത്തിലേക്കും തിരിച്ചുകൊണ്ടുവരാന്‍ ഡി അഡിക്ഷന്‍ സെന്ററുകളുടെയോ മാനസികാരോഗ്യ കേന്ദ്രങ്ങളുടെയോ സഹായം തേടേണ്ടതുണ്ടെങ്കില്‍ തേടണം. എന്റെ മക്കള്‍, എന്റെ കുടുംബത്തിലുള്ളവര്‍ പെടില്ല എന്ന് ചിന്തിച്ച് മൂഢ സ്വര്‍ഗ്ഗത്തില്‍ കഴിയുന്ന കുടുംബങ്ങളിലാണ് മിക്കവാറും ആത്മഹത്യ പോലുള്ള അതിഗൗരവമായ ആപത്തുകള്‍ സംഭവിക്കുകയെന്ന് സമകാലീന ചരിത്രം സാക്ഷിക്കുന്നു. ഇത്തരം ആസക്തികളില്‍ (Addictions) നമ്മുടെ കുട്ടികളും യുവജനങ്ങളും എത്തിപ്പെടുന്നതില്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല നൂറില്‍ 80 കേസുകളും ചതിയില്‍പ്പെട്ട് പോകുന്നവരാണ്.
മാതാപിതാക്കളും സര്‍ക്കാര്‍ സംവിധാനങ്ങളും സഭയും പൊതുസമൂഹവും കൈകോര്‍ത്തു നിന്ന് ഈ മേഖലകളില്‍ ശുശ്രൂഷിക്കുന്നവരുടെ സഹകരണത്തോടെ ജാഗ്രതയോടെ നിയമസംവിധാനങ്ങള്‍ ഉപയോഗിച്ച് പോരാടിയാല്‍ ഈ തിന്മകളെ തച്ചുടയ്ക്കാന്‍ നമുക്കാവും. വിശുദ്ധ ഗ്രന്ഥത്തിന്റെയും കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന്റെയും വത്തിക്കാന്‍ കൗണ്‍സില്‍ രേഖകളുടെയും YOUCAT ന്റെയും ഉറവിടങ്ങളില്‍നിന്നുകൊണ്ട് വിശ്വാസത്തിന്റെയും യുക്തിയുടെയും വെളിച്ചത്തില്‍ ആരോഗ്യകരവും ആഴമേറിയതുമായ വ്യക്തിബന്ധത്തില്‍, ആധുനികമാധ്യമങ്ങളുടെ സഹായത്തോടെ ഇന്നത്തെ യുവജനങ്ങളെയും കുട്ടികളെയും സമീപിക്കുന്ന അജപാലനശൈലിയും അജപാലകരുടെയും സമര്‍പ്പിതരുടെയും മാതാപിതാക്കളുടെയും മാതൃകാപരമായ ജീവിതവും മാത്രമാണ് വിശ്വാസവും ആത്മീയതയും മിഥ്യയാണ് എന്ന ചിന്തയില്‍നിന്ന് അവരെ കൈപിടിച്ച് ഉയര്‍ത്താനുള്ള മാര്‍ഗം. നമ്മുടെ തോന്നലുകളും ചിന്തകളും ഉപദേശങ്ങളും അവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടത്. ഇന്ന് പലപ്പോഴും ഇതാണ് നടക്കുന്നത് അത് അവര്‍ക്ക് ആകര്‍ഷകമല്ല. അത് അവരില്‍ ബോധ്യങ്ങള്‍ വളര്‍ത്തില്ല. ഉദാഹരണത്തിന് ‘വിശുദ്ധ കാര്‍ലോ അക്യൂട്ടീസി’ന്റെ പേരില്‍ ഇടവകകള്‍തോറും കുട്ടികളെയും യുവജനങ്ങളെയും ഒരുമിച്ചുകൂട്ടി വിശുദ്ധന്റെ ജീവിതശൈലിയുടെ സാധ്യതകള്‍ അവരെ പരിശീലിപ്പിക്കുന്നതൊക്കെ ആലോചിക്കാവുന്ന അജപാലനപ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെയെല്ലാം ലക്ഷ്യം ഒന്നുമാത്രമാണ് ദൈവവും ദൈവവിശ്വാസവുമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമെന്നും ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്നുമുള്ള നമ്മുടെ ബോധ്യങ്ങളിലേക്ക് ഇന്നത്തെ കുട്ടികളെയും യുവജനങ്ങളെയും എത്തിക്കുക.
ചുരുക്കത്തില്‍ ‘Gen Z’ എന്നറിയപ്പെടുന്ന ഇന്നത്തെ യുവതയാണ് നാളെയുടെ നമ്മുടെ പ്രതീക്ഷയും പ്രത്യാശയും. നാളെയുടെ മദര്‍ തെരേസായും ചാവറയച്ചനും റാണി മരിയയും എബ്രഹാം ലിങ്കണും നെല്‍സണ്‍ മണ്ടേലയും മഹാത്മാഗാന്ധിയും ശാസ്ത്രജ്ഞരും തൊഴില്‍വിദഗ്ധരും കലാകായിക താരങ്ങളും രാഷ്ട്രീയ സാഹിത്യപ്രവര്‍ത്തകരും ‘Gen Z’ ല്‍ നിന്നും ജന്മമെടുക്കണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ സത്യത്തിനും നീതിക്കും സമത്വത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും വേണ്ടി അമേരിക്കന്‍ ഐക്യനാടുകളിലും ബ്രിട്ടനിലും ഇന്തോനേഷ്യയിലും കെനിയയിലും എന്തിനേറെ 2022-ല്‍ ശ്രീലങ്കയിലും 2024-ല്‍ ബംഗ്ലാദേശിലും 2025 ഓഗസ്റ്റ് അവസാനം നേപ്പാളിലും നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ഊര്‍ജ്ജം പകര്‍ന്നതും യുവജനങ്ങളാണ്. ഇതൊരു സൂചനയാണ് നമ്മുടെ യുവതയെയും കുട്ടികളെയും സഭയോടും സമുദായത്തോടും പൊതുസമൂഹത്തോടും ചേര്‍ത്തു നിര്‍ത്താന്‍ നമുക്കായാല്‍ – ഇന്നത്തെ തലമുറയ്ക്കായാല്‍ – നാളത്തെ ലോകവും സഭയും സമുദായവും ഭാസുരമാകും. വിപരീതമായാല്‍ ഫലവും വിപരീതം എന്ന യാഥാര്‍ത്ഥ്യം നമുക്കും നമ്മുടെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വെളിച്ചമാകട്ടെ.
എല്ലാറ്റിനും ഉത്തരവും പരിഹാരവും ദൈവവും ദൈവവിശ്വാസവും മാത്രം.