റൂഹാദ്‌കുദ്‌ശാ : സ്വർഗാരോഹിതനീശോയുടെ അനുപമ സമ്മാനം

സി. റോസ്‌ലിൻ അറവാക്കൽ MTS

ബേസ് തോമാ ദയറാ, പാലമറ്റം

പൗരസ്ത്യ-പാശ്ചാത്യ പാരമ്പര്യങ്ങളിൽപ്പെട്ട എല്ലാ സഭകളും പെന്തക്കുസ്‌താ തിരുനാൾ ആഘോഷിക്കുന്ന ഈ നാളുകളിൽ പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമാളായ റൂഹാദ്ക്കുദ്ശാ തമ്പുരാൻ നമ്മുടെ ധ്യാന മനനങ്ങളിൽ നിറയുന്നത് സ്വാഭാവികമാണ്. നമുക്കുവേണ്ടി പീഡകൾ സഹിച്ച്, സ്ലീവായിൽ മരിച്ച്, ഉത്ഥാനം ചെയ്തു സ്വർഗത്തിലേക്ക് ആരോഹണം ചെയ്ത്‌ത്‌, പിതാവിൻ്റെ വലത്തു ഭാഗത്ത് ഉപവിഷ്ഠനായിരിക്കുന്ന പുത്രൻ തമ്പുരാന്റെ അപേക്ഷ സ്വീകരിച്ച് എന്നേക്കും നമ്മോടുകൂടെയായിരിക്കുവാൻവേണ്ടി അവന്റെ നാമത്തിൽ ബാവാതമ്പുരാൻ മനുഷ്യവംശത്തിനു നൽകിയ സഹായകനാണ് (പാറഖ്‌ലേഥാ) റൂഹാദ്‌ക്കുദ്‌ശാ (യോഹ 14:26). ബാവായ്ക്കും പുത്രനും സമനായ പരിശുദ്ധ റൂഹായുടെ തനതാത്മകതയെ ഏറ്റവും മനോഹരമായി ചിത്രീകരിക്കുന്ന പാരമ്പര്യമാണ് സുറിയാനി സഭകൾക്കുള്ളത്. നമ്മുടെ പ്രാർത്ഥനകളിലും ഉന്നത ദൈവശാസ്ത്രജ്ഞന്മാരായ പിതാക്കന്മാരുടെ പ്രബോധനങ്ങളിലുമെല്ലാം റൂഹാദ്ക്കുദ്ശാ തമ്പുരാന്റെ സവിശേഷതകളെക്കുറിച്ചുള്ള വർണനകൾ നിറഞ്ഞുനിൽക്കുന്നുണ്ട്.

പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ത്രിത്വത്തിലെ മൂന്നാമത്തെ ആൾ അറിയപ്പെടുന്നത് റൂഹാദ്ക്കുദ്ശാ (Spirit of Holiness) എന്നാണ്. പരിശുദ്ധ റൂഹാ, റൂഹാതമ്പുരാൻ, റൂഹാ ദൈവം, റൂഹാദ്‌ക്കുദ്ശാ തുടങ്ങിയ സംജ്ഞകൾ നാം പരമ്പരാഗതമായി മലയാളത്തിൽ ഉപയോഗിച്ചു പോരുന്നവയാണ്. എന്നാൽ ആധുനികകാലത്ത് ആരാധനാഗ്രന്ഥങ്ങളിലും, വിശുദ്ധഗ്രന്ഥപരിഭാഷകളിലും പൊതുപ്രയോഗങ്ങളിലുമെല്ലാം റൂഹാദ്ക്കുദ്ശാ എന്ന പദം പരിശുദ്ധാത്മാവ് എന്നു തർജ്ജമ ചെയ്‌തു വ്യാപകമായി ഉപയോഗത്തിലായിരിക്കുന്നു. എന്നാൽ ത്രിത്വത്തിലെ മൂന്നാം ആളിനെ സൂചിപ്പിക്കാൻ റൂഹാദ്ക്കുദ്ശായെന്ന സുറിയാനി പദം അതേപടി പരിഭാഷ ചെയ്യാതെ ഉപയോഗിച്ചിരുന്ന പാരമ്പര്യത്തിനുപിന്നിലുള്ള ഉന്നതമായ ദൈവശാസ്ത്രം മനസ്സിലാകാതെ പോകുന്നതാണ് ഈ ആധുനികപ്രവണതയ്ക്കു പ്രചാരം ലഭിക്കാൻ കാരണം. ആമ്മേൻ, ഹല്ലേലുയ്യാ, ഓശാന തുടങ്ങിയ പല പദങ്ങളും പരിഭാഷ ചെയ്യാതെ അതേപടി നാം ഉപയോഗിക്കുന്നത് അവയുടെ ഗഹനമായ അർത്ഥമുൾക്കൊള്ളുന്ന അനുയോജ്യമായ പ്രയോഗങ്ങൾ പകരം നൽകാനും മാത്രം നമ്മുടെ മലയാളഭാഷ സമ്പന്നമല്ലാത്തതിനാലാണ്. റൂഹാദ്ക്കുദ്ശായും മലയാളപരിഭാഷയ്ക്കു വഴങ്ങുന്നില്ല എന്നതാണ് യാഥാർത്ഥ്യം. റൂഹാ എന്ന സുറിയാനി പദത്തിന് കാറ്റ്, ശ്വാസം, എന്നൊക്കെയാണ് അർത്ഥം. ഈ വാക്കിന് spirit എന്നും അർത്ഥമുണ്ട്. ഈ അർത്ഥമാണ് മലയാളത്തിൽ ആത്മാവ് എന്നു പരിഭാഷ ചെയ്തതിരിക്കുന്നത്. പക്ഷേ soul എന്ന പദവും മലയാളത്തിൽ ആത്മാവാണ്. എന്നാൽ body, soul, spirit എന്നിവ സുറിയാനിയിൽ പഗ്റാ, നവ്ശാ, റൂഹാ എന്നും ഗ്രീക്കിൽ soma, psyche, pneuma എന്നും പരിഭാഷ ചെയ്യാം. എന്നാൽ മലയാളത്തിൽ soul ആത്മാവാണ്, spirit ഉം സാമാന്യഗതിയിൽ ആത്മാവ് എന്നാണ് പരിഭാഷ ചെയ്യുന്നത്. soul എന്നാൽ മനുഷ്യാത്മാവാണ്. ശരീരത്തിൽനിന്ന് ആത്മാവ് പിരിയുമ്പോൾ വ്യക്തി ഭൗമിക മരണം അനുഭവിക്കുന്നു. എന്നാൽ റൂഹാ ഒരുവനിലുള്ള ദൈ വികസാന്നിധ്യമാണ്, ദൈവത്തിൻ്റെ ശ്വാസം അഥവാ ദൈവികജീവനാണ്. അത് മറ്റാരുമല്ല ത്രിത്വത്തിലെ മൂന്നാം ആളായ റൂഹാദ്ക്കുദ്‌ശായാണ്. ഈ വാക്ക് പരിശുദ്ധാത്മാവ് എന്ന് തർജ്ജമ ചെയ്യുമ്പോൾ റൂഹാ എന്ന വാക്കിൻ്റെ ആഴം ആത്മാവ് എന്ന വാക്കിന് ഉൾക്കൊള്ളാനാകുന്നില്ല. അതുകൊണ്ടാണ് പരിഭാഷയ്ക്കു വഴങ്ങാത്ത ഈ അതുല്യനാമം അതേപടി നിലനിർത്താൻ നമ്മുടെ പൂർവികർ ശ്രമിച്ചത്. പരിശുദ്ധ റൂഹാ എന്ന പ്രയോഗവും ഉപയോഗത്തിലുണ്ട്. അപ്പോഴും റൂഹാ പരിഭാഷപ്പെടുത്താതെ നിലനിറുത്തുന്നു. റൂഹാദ്‌ക്കുദ്‌ശാ എന്ന പരമ്പരാഗത നാമത്തിൻ്റെ ഗഹനമായ അർത്ഥം ഉൾക്കൊള്ളാൻ കഴിയാത്ത പരിശുദ്ധാത്മാവ് എന്ന പ്രയോഗത്തിൻ്റെ പരിമിതി മനസ്സിലാക്കി നമ്മുടെ പ്രാർത്ഥനകളിലും, പ്രഭാഷണങ്ങളിലും, രചനകളിലുമാക്കെ റൂഹാദ്‌ക്കുദ്‌ശാ എന്ന പ്രയോഗം ഉപയോഗിക്കാൻ നമുക്ക് ശ്രമിക്കാം. ഇത്ര സമ്പന്നമായ ഈ ദൈവനാമം നഷ്ടമാകാതെ അടുത്ത തലമുറയ്ക്കു കൈമാറേണ്ട നമ്മുടെ ഉത്തരവാദിത്വം നമുക്ക് മറക്കാതിരിക്കാം.