ഫാ. ഡോ. തോമസ് പൂവത്താനിക്കുന്നേല്‍
വികാരി,
ഹോളി ഫാമിലി ഫൊറോന ചര്‍ച്ച്, പൊന്‍കുന്നം
ഇന്നത്തെ യുവജനങ്ങള്‍ക്ക് വിശ്വാസവും സഭയും സഭാകാര്യങ്ങളും അന്യമാണെന്നോ അതില്‍ താല്പര്യക്കുറവുണ്ടെന്നോ അവയൊക്കെയും അവരുടെ ദൃഷ്ടിയില്‍ ഉപയോഗശൂന്യമോ ആഘോഷത്തിനുള്ള അവസരമോ മാത്രമായി തീരുന്നുവെന്നും ആക്ഷേപങ്ങള്‍ കേള്‍ക്കാറുണ്ട്. ചില ഒറ്റപ്പെട്ട അനുഭവങ്ങള്‍ നമുക്ക് ഉണ്ടാവാം. യുവജന മതബോധനഗ്രന്ഥത്തിന്റെ മുഖവുരയില്‍ ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ പാപ്പ കുറിയ്ക്കുന്നതുപോലെ പപ്പായോടൊപ്പം ഞാനും പറയട്ടെ, ‘ഞാന്‍ അതിനോട് വിയോജിക്കുന്നു. എന്റെ അഭിപ്രായം ശരിയാണെന്ന് എനിക്കുറപ്പുണ്ട് ചിലര്‍ വിചാരിക്കുന്നതുപോലെ ഇന്നത്തെ യുവജനം ഉപരിപ്ലവചിന്താഗതിക്കാരല്ല ജീവിതം അവര്‍ക്ക് ആവേശം പകരുന്നതാണ്’ തങ്ങളുടെ ഭാഗധേയത്തെപ്പറ്റി അവര്‍ സ്വപ്‌നം കാണുന്നവരാണ്. ഇന്നത്തെ യുവജനങ്ങള്‍ അറിവുള്ളവരാണ്. തങ്ങളുടെ ജീവിതത്തെ ധന്യമാക്കുവാന്‍ തങ്ങള്‍ക്കു താത്പര്യമുള്ള അറിവിന്റെ മേഖലകള്‍ അവര്‍ തെരഞ്ഞെടുക്കുന്നുമുണ്ട്.
ജീവിതം നല്കുന്ന വെല്ലുവിളി
എന്നാല്‍ കാലഘട്ടത്തിന്റെ മാറ്റങ്ങളില്‍ എന്തെല്ലാം സംഭവിച്ചാലും ഒരുവന്റെ ജീവിതം ഒരു തുരുത്തായി കണ്ട് സമൂഹത്തില്‍ നിന്നും വേറിട്ട ഏകാന്തവാസിയായി കെട്ടിപ്പടുക്കുവാന്‍ കഴിയുന്ന ഒന്നല്ല. നമ്മുടെ വിശ്വാസതലത്തില്‍ ചിന്തിക്കുമ്പോള്‍ ‘മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല’ (ഉല്‍പ 2:18) എന്ന് ദൈവം തന്നെ കണ്ടതാണ്. ആകയാല്‍ മനുഷ്യന്‍ ബന്ധങ്ങളില്‍ നിന്ന് അകറ്റുന്ന യന്ത്രങ്ങളോ, തങ്ങളുടെ ജീവിതസാഫല്യത്തിന് ഉതകുന്നവയോ മാത്രം തങ്ങളുടെ സൗഹൃദ വലയത്തില്‍പ്പെടുത്തുമ്പോള്‍ അടുത്ത് നില്‍ക്കുന്ന ജീവിതപങ്കാളിയും ജീവന്‍ പകര്‍ന്ന് പോറ്റിവളര്‍ത്തിയ മാതാപിതാക്കന്മാരും വിജ്ഞാനത്തിന്റെ ഭാണ്ഡം അവര്‍ക്കായി തുറന്നുകൊടുത്ത ഗുരുക്കന്മാരും ജീവിതയാത്രയില്‍ കുറെ സമയം ഒന്നിച്ചിരുന്നു യാത്ര ചെയ്ത ശേഷം വഴിപിരിയേണ്ട സഹയാത്രികര്‍ മാത്രം. സഹോദരങ്ങളും അയല്‍വാസികളും ഇവിടെയില്ല. ആരാധകരും, കാഴ്ചക്കാരും ലൈക്കടിക്കുന്നവരും ജീവതത്തിന് ഊര്‍ജ്ജം പകരുന്നു, ആവേശം നല്കുന്നു.
ദൈവവും ദൈവവിശ്വാസവും വെറുമൊരു ആര്‍ഭാടം. ആഘോഷത്തിന് അവസരം ഒരുക്കുന്ന, പ്രത്യേക അവസരങ്ങളില്‍ അനുസ്മരിക്കേണ്ട, ജീവിതകഥയിലെ ഒരു രൂപം മാത്രം. വിശാലമെന്നും പുരോഗമനപരം എന്നും വിശേഷിപ്പിക്കപ്പെടുന്ന ഇന്നത്തെ ചിന്താഗതിയില്‍ സ്‌നേഹിതര്‍ക്ക് സ്‌നേഹത്തിന് പരിധികളില്ല പരിമിതികളില്ല ഒപ്പം നിര്‍ബന്ധങ്ങള്‍, ബന്ധങ്ങള്‍, ബന്ധനങ്ങള്‍, ഇവയൊന്നുമില്ല. ‘അചഞ്ചല സ്‌നേഹത്തിനും’ വിശ്വസ്ത ഉടമ്പടികള്‍ക്കും സ്ഥാനമില്ല. ഉപയോഗിക്കുക വലിച്ചെറിയുക, ഉപരി നല്ലത് തേടി പോവുക, ആസ്വദിക്കുക. ഇങ്ങനെയുള്ള ചിന്താഗതികളും കടന്നുവരാം. അതുകൊണ്ടുതന്നെ മരണം വരെ നിലനില്ക്കുന്ന സമര്‍പ്പണം ആവശ്യപ്പെടുന്ന വിവാഹം അനാവശ്യം.
ചോദ്യങ്ങളുടെ പുതുതലമുറ
മുകളില്‍ വിവരിച്ച ജീവിതസാഹചര്യങ്ങളാണ് ഇന്നത്തെ വിശ്വാസപരിശീലനം നേരിടുന്ന വെല്ലുവിളി. പരമ്പരാഗത വിശ്വാസപ്രബോധനവും, ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസവും, അര്‍ത്ഥമറിയാത്ത അനുഷ്ഠാനങ്ങളും പകര്‍ന്നു നല്‍കുന്നതും അത് സ്വീകരിക്കുന്നതുമാണ് വിശ്വാസപരിശീലനം എന്നത് ശരിയല്ല.
പരിശുദ്ധ മറിയത്തെപോലെ ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ’ (ലൂക്കാ 1:34) എന്ന് ചോദ്യം ചെയ്യുവാന്‍ വിശ്വാസത്തില്‍ അവസരമുണ്ട്. അപ്രകാരം ചോദിക്കുന്നവന് ഉത്തരം നല്‍കാന്‍ വിശ്വാസപരിശീലനത്തിന് സാധിക്കണം. ”ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക?” (മത്തായി 19: 27) എന്ന പത്രോസിന്റെ ചോദ്യം ഇന്നത്തെ സമൂഹം ചോദിക്കുമ്പോള്‍ വ്യക്തമായി ഉത്തരം കൊടുക്കാന്‍ കഴിയണം.
”നിന്റെ ശിഷ്യന്‍മാര്‍ പൂര്‍വികരുടെ പാരമ്പര്യം ലംഘിക്കുന്നതെന്തുകൊണ്ട്?” (മത്തായി 15:2) എന്ന് ചോദിക്കുമ്പോള്‍ അതിനു ഉത്തരം നല്കാന്‍ കഴിയുക മാത്രമല്ല, മാറേണ്ടവയെ മാറ്റാനും പുതിയ നിയമത്തെ സ്ഥാപിക്കാനും സാബത്തുകള്‍ ലംഘിക്കുന്നതിനുള്ള ദൈവഹിതം മനസിലാക്കാനും പരിശീലകര്‍ക്ക് ആവണം.
തര്‍ക്കിക്കാനും വാക്കുകളില്‍ കുരുക്കാനും കര്‍ത്താവിനെ സമീപിച്ചവരോട് ഈശോയുടെ സമീപനം വ്യത്യസ്തമായിരുന്നു. ചോദിച്ചവരെ മറുചോദ്യങ്ങള്‍ കൊണ്ട് ഉത്തരം പറയിച്ച ഈശോയുടെ ശൈലിയില്‍ വിശ്വാസപരിശീലകര്‍ രൂപപ്പെടണം.
ജീവിതം പരിശീലനോപാധി
”ഇവന്‍ അധികാരത്തോടും ശക്തിയോടും സംസാരിക്കുന്നുവല്ലോ” (ലൂക്കാ 4:36) എന്ന് ഈശോയുടെ പ്രബോധനത്തെ കുറിച്ച് വിമര്‍ശകര്‍ പോലും അത്ഭുതപ്പെട്ടതുപോലെ ആധികാരികതയുടെ ശക്തിയുണ്ടാവണം.
വചനത്തോടൊപ്പം അപ്പവും കൊടുത്ത് വഴിത്താരയില്‍ തളര്‍ന്നുവീണുപോകാതെ നയിച്ചതുപോലെ ആവണം വിശ്വാസപരിശീലനം. ജീവിതപ്രയാണത്തില്‍ പാതിവഴിയില്‍ തളര്‍ന്നു പോകാതിരിക്കാന്‍ പ്രത്യാശ പ്രദാനം ചെയ്യുന്ന സുവിശേഷമാവണം വിശ്വാസ പരിശീലനത്തിന്റെ കാതല്‍. അതിരുകളുടെയും ധാര്‍മിക നിയമങ്ങളുടെയും ജീവിതഉത്തരവാദിത്വങ്ങളുടെ പട്ടികകളുടെയും പഠനം മാത്രമാവരുത് വിശ്വാസപരിശീലനം. ജീവിതലക്ഷ്യം വ്യക്തമാകുമ്പോള്‍ യാത്രയുടെ അനിശ്ചിതത്വം അകലും. ബേത്‌ലെഹെമില്‍ സംലഭ്യമാകുന്ന സന്തോഷത്തിന്റെ സദ്വാര്‍ത്ത വ്യക്തമാകുമ്പോള്‍ അവിടേക്കുള്ള വഴി അന്വേഷിച്ചിറങ്ങാനും പ്രയാണത്തില്‍ വഴിതെറ്റാതിരിക്കാനും ഇന്നത്തെ യുവജനങ്ങളും തയ്യാറാവും. ഉപേക്ഷിക്കേണ്ട ആട്ടിന്‍കൂട്ടങ്ങളെയും വിട പറയേണ്ട നാടുകളെയും വിലമതിക്കാതെ, കിഴക്കുദിച്ച നക്ഷത്രത്തിനു പിന്നാലെ പോകാനും ദൂതന്‍ അറിയിച്ച രക്ഷകനെ തേടാനും അവിടത്തെ പക്കലേക്ക് പലായനം ചെയ്യാനും പ്രചോദിപ്പിക്കാന്‍ രക്ഷകന്റെ സാന്നിധ്യസന്ദേശം അറിയിക്കുന്ന വിശ്വാസപരിശീലനത്തിന് സാധിക്കണം. ഇതൊക്കെ നല്‍കിയത് ദൈവത്തിന്റെ ദൂതന്മാരും അവിടുത്തെ പ്രവാചകന്മാരും ആയിരുന്നു. ഇതുപോലെ സുവിശേഷപ്രഘോഷകര്‍ – വിശ്വാസ പരിശീലനത്തില്‍ ആയിരിക്കുന്ന അധ്യാപകര്‍, മാതാപിതാക്കന്മാര്‍, സമര്‍പ്പിതര്‍ ഏവരും – ദൈവത്തിന്റെ ദൂതന്മാരും അവിടുത്തെ പ്രവാചകന്മാരുടെ ധീരതയുള്ളവരുമാകണം.
ദാഹജലം തേടി വന്നവള്‍ ജലവും ജലംസംഭരിക്കാനുള്ള പാത്രവും ഉപേക്ഷിച്ച് സാക്ഷിയായി അനേകരെ അവിടുത്തെ പക്കലേക്ക് കൊണ്ടുവന്നെങ്കില്‍ അത് അവള്‍ക്ക് കര്‍ത്താവ് ആത്മീയ ദാഹം തീര്‍ക്കുന്നതിനുള്ള അരുവിയായി തീര്‍ന്നതുകൊണ്ടാണ്. ഇന്നത്തെ യുവജനത ജീവിതം അസ്വദിക്കന്നവരാണ്. സന്തോഷം, സമാധാനം, ജീവിതത്തിന്റെ സര്‍ഗാത്മകപൂര്‍ണ്ണത, ആരാധ്യവിഗ്രഹങ്ങള്‍ക്ക് പകരം ജീവിക്കുന്ന ആരാധനാപാത്രങ്ങള്‍, ജീവിത സുരക്ഷയ്ക്കായുള്ള ബാരിക്കേടുകളും വേലിക്കെട്ടുകള്‍ക്കും പകരം സുരക്ഷിത ജീവിതയാത്രയ്ക്കായുള്ള വിശാല വഴിത്താരകളും അവര്‍ തേടുന്നു. അത് നല്‍കാന്‍ വിശ്വാസപരിശീലനത്തിന് സാധ്യമാവണം.
ഇന്നത്തെ ജനതയുടെ ഭാഷയിലും ശൈലിയിലും വിശ്വാസം പകരാനും ഗൂഗിള്‍ മാപ്പുപോലെ അവരുടെ ജീവിതവഴികാട്ടിയായി, പഴയ നിയമത്തിലെ മേഘസ്തംഭം പോലെ വിശ്വാസവും തിരുവചനവും തീരണം.
പ്രായോഗിക
നിര്‍ദ്ദേശങ്ങള്‍
ഞാനിവിടെ കുറിച്ചത് ഒക്കെയും ഈശോയുടെ വിശ്വാസ പരിശീലന ശൈലിയുടെ പ്രത്യേകതകളാണ്. ഒരുപക്ഷേ ഇത് വെറും താത്വികം മാത്രമായി അനുഭവപ്പെട്ടേക്കാം. എന്നാല്‍ സൂക്ഷ്മവായനയില്‍ വിശ്വാസ പരിശീലനത്തിന്റെ ഇന്നത്തെ പ്രായോഗിക തലങ്ങള്‍ വ്യക്തമാകും.
- വാക്കുകളുടെ പഠനമല്ല ജീവിതത്തിന്റെ സാക്ഷ്യമാണ് ഒന്നാമതായി വിശ്വാസപരിശീലനത്തിന് ആവശ്യം.
- കുറവുകളെ ഓര്‍ത്ത് വിലപിക്കുകയല്ല പാപിനിയില്‍ ഉത്ഥാനത്തിന്റെ സാക്ഷിയെ കണ്ടതുപോലെ, സമറിയക്കാരിയില്‍ സുവിശേഷപ്രഘോഷകയെ കണ്ടതുപോലെ വിശ്വാസപരിശീലനത്തില്‍ ആയിരിക്കുന്ന കുട്ടികളെ അറിഞ്ഞ്, അവരുടെ സാഹചര്യത്തെ അറിഞ്ഞ് സാധ്യതകളെ കണ്ടെത്തണം. അതായത് വിശ്വാസപരിശീലനം വ്യക്തി കേന്ദ്രീകൃതമാവണം.
- ആരാധനയും കൂദാശകളും ആഘോഷപൂര്‍വ്വവും അനുഭവവേദ്യവും ആവണം.
- ഇന്നത്തെ തലമുറ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുവാന്‍ വിശ്വാസപരിശീലകര്‍ കഴിവുള്ളവര്‍ ആകണം.
- ക്ലാസുകള്‍ കുട്ടികളിലേക്ക് പ്രബോധനം നല്‍കുക എന്ന വണ്‍വേ പരിപാടി എന്നതിനേക്കാള്‍ ഡയലോഗ് ശൈലിയും യുവജന മതബോധനത്തില്‍ കാണുന്ന ചോദ്യ- ഉത്തര രീതിയും അഭികാമ്യമാകും.
- ഇന്നത്തെ രീതി വാട്‌സപ്പ് മെസേജുകളുടെ ഹൃസ്വവാക്കുകളും റീലുകളുമാണ്. അവിടെ വിവരണരീതികള്‍ ആരോചകമാകും. അഷ്ടഭാഗ്യങ്ങളുടെ രീതികളും വ്യക്തമായി ശ്രോതാവിന്റെ ഉള്ളില്‍ അതു ഞാനോ, ഞങ്ങളെപ്പറ്റിയോ എന്ന് ചോദ്യമുതിപ്പിക്കുന്ന പഠനരീതികളും ഉണ്ടാവണം.
- അന്ധമായ വിശ്വാസം എന്നതിനേക്കാള്‍, ചോദ്യം ചെയ്യപ്പെടുന്ന വിശ്വാസവും തൊട്ടറിഞ്ഞു മാത്രം വിശ്വസിക്കുമെന്ന് ശഠിച്ച മാര്‍ത്തോമായുടെ ശൈലിയുമുള്ളവരോട് തൊട്ടു വിശ്വസിക്കുക എന്ന മറുപടി നല്‍കാനും കഴിയണം.

