നാനോ ബനാന എഐ ട്രെന്‍ഡ്‌

കമ്പ്യൂട്ടര്‍ മേശയ്ക്ക് മുന്നിലായി ആരെയും ആകര്‍ഷിക്കുന്ന ഒരു പ്രതിമ, ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ നമ്മെ നോക്കി നില്‍ക്കുന്നു. ഇത് ഗ്ലാസുകൊണ്ട് ഉണ്ടാക്കിയ ഒരു വൃത്തത്തിലാണ് നില്‍ക്കുന്നത്. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ഈ പ്രതിമയുടെ ത്രീ ഡി മോഡലിംഗ് കാണാം. സ്‌ക്രീനിന് തൊട്ടടുത്തായി ഒരു കളിപ്പാട്ടത്തിന്റെ പാക്കേജിങ് ബോക്‌സ് ഉണ്ട്. പ്രതിമയുടെ നിറം നല്‍കി ഭംഗിയാക്കിയ ഒരു ചിത്രം ആ ബോക്‌സിനു പുറത്തുമുണ്ട്. നമ്മള്‍ ഇഷ്ടപ്പെടുന്ന സിനിമാതാരങ്ങളുടെയും സ്‌പോര്‍ട്‌സ് താരങ്ങളുടെയുമെല്ലാം ചിത്രങ്ങള്‍ ഇത്തരത്തില്‍ കണ്ടിരിക്കും. ഇന്ന് സോഷ്യല്‍ മീഡിയായിലെ ട്രെന്‍ഡിങ്, ഗൂഗിള്‍ ജെമിനി അവതരിപ്പിച്ച നാനോ ബനാന എന്ന ഹൈപ്പര്‍ റിയലിസ്റ്റിക് ത്രീ ഡി ഫീച്ചറാണ്. യഥാര്‍ത്ഥത്തില്‍ ഒരു പുതിയ സാങ്കേതികവിദ്യക്ക് ഇന്റര്‍നെറ്റ് സമൂഹം നല്‍കിയ ഒരു വിളിപ്പേരാണിത്.
ഈ ട്രെന്‍ഡ് വളരെ വേഗത്തില്‍ വ്യാപിക്കാന്‍ കാരണം, ഇതിന്റെ ലളിതമായ ഉപയോഗവും ആകര്‍ഷകമായ ഫോട്ടോയുമാണ്. ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍, സാധാരണ ഉപയോക്താക്കള്‍ എന്നിവരെല്ലാം നാനോ ബനാനകള്‍ ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, എക്സ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചതോടെ ഈ ട്രെന്‍ഡ് നിമിഷ നേരം കൊണ്ട് പ്രചാരം നേടി. ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ ടൂളായ ജെമിനി 2.5 ഫ്‌ളാഷ് ഇമേജ് ഉപയോഗിച്ച് സൃഷ്ടിച്ച അതിമനോഹരമായ ഡിജിറ്റല്‍ ഫിഗറൈനുകള്‍ക്കാണ് ‘നാനോ ബനാന’ എന്ന് പേരിട്ടിരിക്കുന്നത്. ഏതാനും ക്ലിക്കുകളിലൂടെ വളരെ എളുപ്പത്തില്‍ നിര്‍മ്മിച്ചെടുക്കാവുന്ന ഈ ഫിഗറൈനുകള്‍ ആരെയും ആകര്‍ഷിക്കും. ഒരു ഫോട്ടോയും ചെറിയൊരു ടെക്സ്റ്റ് പ്രോംപ്റ്റും ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഹൈപ്പര്‍-റിയലിസ്റ്റിക് ത്രീ ഡി രൂപങ്ങള്‍ നിര്‍മ്മിക്കാന്‍ അവസരമൊരുക്കുന്നു എന്നതാണ് ഈ ട്രെന്‍ഡിന്റെ പ്രത്യേകത.
ഉപയോഗിക്കാനുള്ള എളുപ്പം, മികച്ച റിസള്‍ട്ട് എന്നീ കാരണങ്ങളാല്‍ വളരെ വേഗത്തില്‍ തന്നെ ഈ ട്രെന്‍ഡ് പ്രചാരം നേടി. സാങ്കേതിക പരിജ്ഞാനമോ പണമോ ഇവ നിര്‍മിക്കാന്‍ ആവശ്യമില്ല എന്നത് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. യാഥാര്‍ഥ്യമെന്ന് തോന്നുന്ന പശ്ചാത്തലങ്ങളില്‍ ചെറുതും ജീവസ്സുറ്റതുമായ രൂപങ്ങള്‍ ഉപയോക്താക്കള്‍ക്ക് ജെമിനിയുടെ സഹായത്താല്‍ നിര്‍മിക്കാനാകും.
ത്രീ ഡി രൂപങ്ങള്‍ എങ്ങിനെ നിര്‍മിക്കാം?
സ്റ്റെപ്പ് 1: ഗൂഗിള്‍ ജെമിനി തുറക്കുക.(http://gemini.google.com/app)
സ്റ്റെപ്പ് 2: രൂപമാറ്റം വരുത്താനാഗ്രഹിക്കുന്ന, മുഴുവന്‍ ഫോട്ടോ അപ്ലോഡ് ചെയ്യുക.
സ്റ്റെപ്പ് 3: ഈ പ്രോംപ്റ്റ് കൊടുക്കുക : ‘Create a 1/7 scale commercialised figurine characters in the picture, in a real in a realistic environment. The figurine is placed on a computer desk. The figurine has a round transparent acrylic base, with no text on the base. The content on the computer screen is a 3D modelling process of this figurine. Next to the computer screen is a toy packaging box, designed in a style reminiscent of high quality collectible figures, printed with original artwork. The packaging features two-dimensional flat illustrations.’
സ്റ്റെപ്പ് 4: ‘Generate’ ക്ലിക്ക് ചെയ്യുക. ത്രീ ഡി രൂപത്തിന്റെ ചിത്രം ദൃശ്യമാകുന്നതുവരെ കാത്തിരിക്കാം..
സ്റ്റെപ്പ് 5: ലഭിച്ച ചിത്രം പരിശോധിക്കുക. ആവശ്യമെങ്കില്‍, പ്രോംപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തുകയോ പുതിയൊരെണ്ണം നിര്‍മിക്കുന്നതിനായി മറ്റൊരു ഫോട്ടോ ഉപയോഗിക്കുകയോ ചെയ്യാം.
16-ബിറ്റ് ആര്‍ട്ട് പ്രോംപ്റ്റ്:
ചിത്രങ്ങള്‍ 16-ബിറ്റ് വീഡിയോ ഗെയിം കഥാപാത്രങ്ങളാക്കി മാറ്റാന്‍ താഴെ കൊടുത്തിരിക്കുന്ന പ്രോംപ്റ്റ് കൊടുക്കുക
‘Reimagine me as a 16-Bit Video Game character and put me in a 2D 16 – bit platform video game’
ബനാന എഐ സാരി ട്രെന്‍ഡ് പ്രോംപ്റ്റ്:
പഴയകാലത്തിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്ത മോഡലുകളിലുള്ള സാരികളണിഞ്ഞുള്ള ചിത്രങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്ന മറ്റൊരു ട്രെന്‍ഡാണ് ‘ബനാന എഐ സാരി ട്രെന്‍ഡ്’.
“Transform the subject into a village Bollywood heroine in a flowing red chiffon saree, hair styled in soft waves. The background should have a romantic, dramatic feel with warm tones, a minimalist design, and golden sunset light”
മികച്ച ഫലങ്ങള്‍ക്കായി നല്ല തെളിമയുള്ളതും ഉയര്‍ന്ന നിലവാരമുള്ളതുമായ ചിത്രങ്ങള്‍ വേണം ഉപയോഗിക്കാന്‍. ചാറ്റ് ജിപിടിയുടെ ഗിബ്ലി ഇമേജ് ട്രെന്റിനു ശേഷം മറ്റൊരു തരംഗമായിരിക്കുകയാണ് ജെമിനിയുടെ നാനോ ബനാന റിയലസ്റ്റിക് ഫിഗറൈന്‍ ഇമേജുകള്‍. ഇതിനകം 300 ദശലക്ഷത്തിലധികം ഇമേജുകള്‍ എഡിറ്റ് ചെയ്തു കഴിഞ്ഞു. ഇന്‍സ്റ്റഗ്രാം പോലെയുള്ള സമൂഹ മാധ്യമങ്ങളിലെല്ലാം ഇപ്പോള്‍ നാനോ ബനാന ഇമേജുകളാണ് ട്രെന്റ്. ഹൈപ്പര്‍ റിയലിസ്റ്റിക് ദൃശ്യങ്ങള്‍ സൃഷ്ടിച്ച് പലരും രസകരമായി ഈ ട്രെന്‍ഡുകള്‍ക്കൊപ്പം ചേരുന്നുണ്ടെങ്കിലും, വ്യാജ വെബ്സൈറ്റുകളുടെയോ അംഗീകാരമില്ലാത്ത ആപ്ലിക്കേഷനുകളുടെയോ കെണിയില്‍ അകപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷിച്ചു വേണം ഉപയോഗിക്കാന്‍.

ഡോ. ജൂബി മാത്യു
HOD കംപ്യൂട്ടര്‍ സയന്‍സ് &
എന്‍ജിനിയറിംഗ്,
അമല്‍ജ്യോതി കോളേജ്‌