വീടും പള്ളിയും തേടി കുട്ടികള്‍ വരാനുള്ള കുറുക്കുവഴികള്‍: യുവജനങ്ങളെ ദൈവാലയത്തിലേക്കും കുടുംബങ്ങളിലേക്കും തിരികെ എത്തിക്കണം

ബിന്നിയച്ചന്‍
മരിയന്‍ കോളജ്, കുട്ടിക്കാനം

കാലം മാറുന്നു, തലമുറയും മാറുന്നു. ഇന്നത്തെ യുവജനങ്ങളെ നോക്കി ‘സഭ വിട്ടു പോകുന്നവരും വീട്ടില്‍ നിന്ന് അകലുന്നവരും’ എന്ന് പറഞ്ഞു വിലപിക്കുന്ന ചുറ്റുപാടില്‍ ആണ് നമ്മളും ജീവിക്കുന്നത്. ആ വിലാപത്തില്‍ കുറച്ചധികം സത്യവുമുണ്ട്. എന്നാല്‍ ഈ വിലാപത്തിനും, കുറ്റപ്പെടുത്തലിനും അപ്പുറത്ത് അവരെ നമ്മോട് ചേര്‍ത്ത് നിര്‍ത്താന്‍ എത്ര മാത്രം ശ്രമം നമ്മുടെയൊക്കെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. നമ്മുടെകൂടെ നിര്‍ത്താനുള്ള വഴികള്‍ നമ്മള്‍ തേടേണ്ടി ഇരിക്കുന്നു. കുടുംബവും ദൈവാലയവും യുവജനങ്ങള്‍ക്ക് പ്രിയപ്പെട്ട ഇടമാകാന്‍ സഹായിക്കുമെന്ന് ഞാന്‍ കരുതുന്ന ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  1. ആദ്യം കേള്‍ക്കുക, പിന്നെ പറയുക
    പലപ്പോഴും യുവാക്കള്‍ കേള്‍ക്കപ്പെടുന്നില്ല എന്നതാണ് സത്യം. ഇനി കേട്ടാല്‍ തന്നെ മുന്‍വിധിയോടെയാണ് കേള്‍ക്കപ്പെടുന്നത്. അവര്‍ പറയുന്നതില്‍ നമുക്കുവേണ്ടത് മാത്രം കേള്‍ക്കുന്നതിനെ കേള്‍വി എന്ന് വിളിക്കാന്‍ പറ്റില്ലാലോ. അല്ലെങ്കില്‍ അവര്‍ പറയുന്നതിലെ കുറവുകളെ മാത്രം കേള്‍ക്കുന്നതും ശരിയായ കേള്‍വി അല്ലാലോ. ഉപദേശിക്കാനും കുറ്റപ്പെടുത്താനും വേണ്ടി അല്ലാതെ, അവരെ മനസ്സിലാക്കാന്‍ വേണ്ടി നമുക്ക് കേള്‍ക്കാം.
  2. വിധിക്കരുത്
    ഒരിക്കലും യുവജങ്ങളോടുള്ള ഇടപെടല്‍ മുന്‍വിധിയോടെ ആവരുത്. പലപ്പോഴും ‘വഴിതെറ്റിയവന്‍ ‘ ‘തിരുത്തപ്പെടേണ്ടവന്‍’ എന്ന മുന്‍വിധി യുവജനങ്ങളോടുള്ള ഇടപെടലില്‍ മുതിര്‍ന്നവരുടെ ചിന്തയില്‍ കടന്നുവരാറുണ്ട്. അതില്‍നിന്നും മാറി അവരുടെ ജീവിതത്തെ മനസ്സിലാക്കാനും അവരുടെ ജീവിതത്തിന്റെ വെല്ലുവിളികളെ അറിയാനും കഴിഞ്ഞാല്‍ അവരെ കുറച്ചു കൂടി നമ്മോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയും.
  3. ബഹുമാനിക്കുക
    ബഹുമാനിക്കുക എന്നത് ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ് എന്നാണ് ഞാന്‍ കരുതുന്നത്. ബഹുമാനിക്കുക എന്ന് പറഞ്ഞാല്‍ നമ്മുടെ മനസ്സില്‍ അറിയാതെ വരുന്ന ഒരു ചിത്രം എണീറ്റ് മുണ്ട് അഴിച്ചിട്ടു അപരന്റെ മുന്നില്‍ അല്പം നമ്മളെ ഒതുക്കി നിര്‍ത്തുന്നത് ആണ്. ആ ബഹുമാനം അല്ല യഥാര്‍ത്ഥ ബഹുമാനം, ബഹുമാനം എന്നത് നമ്മുടെ മുന്നിലുള്ള ആളെ, ആ ആള്‍ ആയിരിക്കുന്ന അവസ്ഥയില്‍ അംഗീകരിക്കുന്നതാണ്, അവിടെ നമ്മള്‍ അവര്‍ക്ക് താഴെ ആകുന്നില്ല, നമ്മുടെ വ്യക്തിത്വത്തിന് കുറവും ഉണ്ടാകുന്നില്ല.
    യുവജനങ്ങളെ ബഹുമാനിക്കുക എന്നാല്‍ അവരുടെ പ്രത്യേകതകളും, താത്പര്യങ്ങളും ദോഷകരമല്ലാത്ത അവരുടെ ജീവിതരീതികളും ആദരിക്കുക എന്നാണ്. അതില്‍ ബഹുമാനിക്കുന്നവന്‍ അവര്‍ക്ക് കീഴില്‍ ആകുന്നു എന്ന് അര്‍ത്ഥമില്ല. നമ്മുടെ മുന്നില്‍ നില്‍ക്കുന്ന ആളെ അംഗീകരിക്കാനും മനസ്സിലാക്കാനും കഴിഞ്ഞാല്‍ ബഹുമാനമായി, ബഹുമാനം കിട്ടുന്ന സ്ഥലങ്ങളില്‍ യുവാക്കള്‍ വന്നു കൂടുകയും ചെയ്യും.
  4. തലമുറ വ്യത്യാസം അംഗീകരിക്കുക
    മാതാപിതാക്കള്‍ വളര്‍ന്ന ലോകവും, ഇന്നത്തെ യുവാക്കള്‍ വളരുന്ന ലോകവും വ്യത്യസ്തമാണ്. അവരുടെ ചിന്തകളും, സ്വപ്‌നങ്ങളും, മൂല്യങ്ങളും, ചോദ്യങ്ങളും വ്യത്യസ്തമാണ്. എല്ലാത്തിനെയും അംഗീകരിക്കാന്‍ കഴിയണമെന്നില്ല, പക്ഷെ മനസ്സിലാക്കാന്‍ കഴിയണം. ഒരു കാര്യം പ്രത്യേകം ഓര്‍ക്കാം, നമ്മുടെ പ്രായത്തിന്റെ പക്വതയിലേക്ക് എത്താന്‍ നമ്മള്‍ കുറവുകളുടെയും വീഴ്ചകളുടെയും ചെറുപ്രായത്തിലൂടെ നടന്നിട്ടുണ്ട്. ആ വീഴ്ചകളുടെ പാഠങ്ങളാണ് നമ്മളെ നമ്മള്‍ ആക്കിയത്. നമ്മള്‍ വീണ് എണീറ്റ പ്രായത്തിലാണ് നമ്മുടെ കുട്ടികള്‍, അതുകൊണ്ട് തന്നെ ആ പ്രായത്തിന്റെതായ കുറവുകളെ മനസ്സിലാക്കാന്‍ നമുക്ക് മനസുണ്ടാകണം.
  5. അഭിപ്രായങ്ങള്‍ക്ക് വില കൊടുക്കണം
    നമ്മുടെ അഭിപ്രായങ്ങള്‍ മാനിക്കപ്പെടാത്ത ഒരു സ്ഥലത്തും നമ്മള്‍ നില്കാന്‍ ഇഷ്ടപ്പെടുന്നില്ല. അതുപോലെ തന്നെ നമ്മുടെ യുവജനങ്ങളും. അവരുടെ അഭിപ്രായങ്ങള്‍ക്ക് വിലയില്ലാത്ത പള്ളി പരിസരത്തോ വീടിന്റെ പരിസരത്തോ സമയം ചിലവഴിക്കില്ല. കുടുംബ തീരുമാനങ്ങളിലും പള്ളിയുടെ നടത്തിപ്പിലുമൊക്കെ അവരുടെ വാക്കിന് വിലയുണ്ടാവണം. അവരെ കേള്‍ക്കുന്നുണ്ട് എന്ന് അവര്‍ക്ക് മനസിലാക്കണം. അവര്‍ പറയുന്നത് എല്ലാം ചിലപ്പോള്‍ പ്രാവര്‍ത്തികമാവുന്നത് ആവില്ല. പക്ഷെ അവരെ കേള്‍ക്കാനും, കൊള്ളേണ്ടത് കൊള്ളാനും, തള്ളേണ്ടത് അവരെ പറഞ്ഞു മനസ്സിലാക്കി തള്ളാനുമുള്ള വിവേകം മുതിര്‍ന്നവര്‍ കാണിക്കണം.
  6. നിയന്ത്രിക്കാന്‍ ശ്രമിക്കാതെ കൂടെ ഉണ്ടാവുക
    യുവാക്കളെ ‘തിരുത്തപ്പെടേണ്ടവര്‍’ എന്ന രീതിയില്‍ കാണാതെ കുറച്ചുകൂടി കൂടെ നടത്തേണ്ടവര്‍ ആയി കാണാന്‍ കഴിയണം. നമ്മള്‍ മുതിര്‍ന്നവരുടെ മനസ്സില്‍ എവിടെയോ അറിയാതെ കയറികൂടിയ ഒരു ചിന്തയുണ്ട് യുവജനങ്ങള്‍ തിരുത്തപ്പെടേണ്ടവരും നമ്മള്‍ അവരെ തിരുത്താന്‍ ഉള്ളവരുമാണെന്ന്. അങ്ങനെ അല്ല, അവരെ ചേര്‍ത്ത് പിടിച്ചു നടക്കേണ്ടവരാണ് നമ്മള്‍. എമ്മാവുസിലേക്ക് ശിഷ്യന്മാരുടെ കൂടെ നടന്ന കര്‍ത്താവിനെ നമുക്ക് മറക്കാതെ ഇരിക്കാം. തിരുത്തുന്നതിനു മുന്നേ കര്‍ത്താവ് അവരെ ചേര്‍ത്ത് പിടിച്ചിരുന്നു.
  7. മാതൃക ആവുക
    പ്രസംഗത്തേക്കാളും ഉപദേശത്തേക്കാളും വലുത് മാതൃക തന്നെയാണ്. സന്തോഷത്തോടെ സത്യസന്ധമായി വിശ്വാസം ജീവിക്കുന്ന മാതാപിതാക്കളെയും മുതിര്‍ന്നവരെയും വൈദീകരെയും കണ്ടാല്‍ യുവാക്കള്‍ സ്വയം ആകര്‍ഷിക്കപ്പെടും. ആത്മാര്‍ത്ഥത ഇല്ലാത്ത വിശ്വാസങ്ങളെയും ഉപദേശങ്ങളെയും അവര്‍ വേഗം മനസിലാക്കുകയും അകറ്റി നിര്‍ത്തുകയും ചെയ്യും.
  8. ചോദ്യം ചോദിക്കാനും സംവദിക്കാനും ഇടം കൊടുക്കണം
    ദൈവത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും അവര്‍ക്ക് സംശയങ്ങളും ആകുലതകളും ഉണ്ടാകാം. അത് ചോദിക്കാനും കേള്‍ക്കപ്പെടാനുമുള്ള സാഹചര്യങ്ങള്‍ വീട്ടിലും ദൈവാലയ പരിസരത്തും ഉണ്ടാകണം. ചോദ്യം ചോദിക്കുന്ന എല്ലാവരും തെറ്റുകാര്‍ ആണെന്ന രീതിയില്‍ പെരുമാറരുത്. ചോദ്യങ്ങളാണ് കൂടുതല്‍ ഉറപ്പുള്ള വിശസത്തിലേക്ക് നയിക്കുന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും നമുക്ക് ഉത്തരം ഉണ്ടാകണമെന്നില്ല, പക്ഷെ അവരെ കേള്‍ക്കാന്‍ ഒരു ഇടം ഉണ്ടാകണം. തുറവിയോടെ ഉള്ള കേള്‍വിതന്നെ പലപ്പോഴും ഉത്തരമാകും.
  9. നിബന്ധനകള്‍ ഇല്ലാത്ത സ്‌നേഹം
    കര്‍ത്താവ് അവശേഷിപ്പിച്ചു പോയതിലെ വലിയൊരു മാതൃക നിബന്ധനകളില്ലാത്ത സ്‌നേഹം ആകുന്നു. ഒറ്റുകൊടുക്കാന്‍ ഒരുങ്ങിയ യൂദാസിനും തള്ളിപ്പറയാന്‍ തയ്യാറായ പത്രോസിനും കര്‍ത്താവ് കൊടുത്തത് ഒരേ സ്‌നേഹമായിരുന്നു. അതേ മാതൃകയില്‍ നമുക്ക് നമ്മുടെ യുവജനങ്ങളെ അവരുടെ പ്രവര്‍ത്തികള്‍ക്ക് അപ്പുറം സ്‌നേഹിക്കാന്‍ കഴിയണം. കുറവുകളും വീഴ്ചകളും ഉണ്ടാവാം. പക്ഷെ അതിനപ്പുറം അവരെ പരിഗണിക്കാനും സ്‌നേഹിക്കാനും കഴിയണം. അപ്പോള്‍ മാത്രമേ ഒരു വീഴ്ച്ച ഉണ്ടായാലും എന്റെ കുറവുകളോടെ എന്നെ മനസ്സിലാക്കുന്ന സ്ഥലമാണ് എന്റെ ദൈവാലയവും എന്റെ വീടും എന്ന് മനസ്സിലാക്കി, വീഴ്ചയില്‍ നിന്ന് എണീറ്റു നടക്കാന്‍ ആദ്യം പള്ളിയും വീടും തേടി അവര്‍ വരുകയുള്ളു.
    വാല്‍കഷ്ണം
    അറിയുക എന്നതാണ് ചേര്‍ത്ത് നിര്‍ത്തലിന്റെ തുടക്കം. അറിയുക, അംഗീകരിക്കുക എന്നൊക്കെ പറയുമ്പോള്‍ എല്ലാത്തിനുംകൂടെ കൂടുക എന്നര്‍ത്ഥമില്ല. അവരുടെ കുറവുകളെയും വീഴ്ചകള്‍ ആയി തന്നെ മനസ്സിലാക്കികൊണ്ട്, കൂടെ ചേര്‍ത്തുനിര്‍ത്തി തിരുത്താന്‍ സഹായിക്കുക എന്നതാണ് മുഖ്യം. കൂടെ നടക്കുക എന്നാല്‍ കുറവുകള്‍ ഉള്ളവരുടെകൂടെ അവരെക്കാള്‍ മോശമാവുക എന്നല്ല, അവരുടെ വീഴ്ചകളില്‍ ചേര്‍ത്തുപിടിക്കാന്‍ കഴിയുന്ന മാതൃകയാവുക എന്നാണ്.