ന്യൂഡൽഹി: രാജ്യത്ത് മോദി സർക്കാരിന്റെ ജനദ്രോഹ നടപടികൾ തുടരുന്നു. ഇന്ധനവില നൂറു കടന്ന് റോക്കറ്റുപോലെ കുതിച്ചിട്ടും കേന്ദ്ര സർക്കാർ മിണ്ടാട്ടമില്ലാതെ മുന്നോട്ട് പോകുകയാണ്. എല്ലാ ദുരിതവും സാധാരണക്കാരന്റെ തലയിൽ കെട്ടിവച്ചിരിക്കുകയാണ് കേന്ദ്രം.
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തികത്തകർച്ച കാരണം വരുമാനം ഇല്ലാതാകുകയോ നാമമാത്രമാകുകയോ ചെയ്ത പാവപ്പെട്ടർക്കും സാധാരണക്കാർക്കും നേരെ നടത്തുന്ന കടന്നാക്രമണമാണ് പെട്രോളിന്റെയും ഡീസലിന്റെയും നിത്യേന ഉയരുന്ന വില.
ഇന്ധനവില വർധനക്ക് കാരണം ഉപയോഗം കൂടിയതാണെന്ന വിചിത്ര വാദമാണ് കേന്ദ്ര സർക്കാർ ഉന്നയിക്കുന്നത്. കോവിഡിനുശേഷം പെട്രോൾ ഉപയോഗം 10-15 ശതമാനവും ഡീസൽ ഉപയോഗം 6-10 ശതമാനവും വർധിച്ചെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ ന്യായീകരണം.
ഡീസൽ വിലവർധനയിൽ വലിയ ഉത്കണ്ഠ പ്രകടിപ്പിക്കുന്ന പ്രതിപക്ഷത്തിനും കേന്ദ്രത്തിനെതിരേ കാര്യമായ ആക്ഷേപമൊന്നും ഉന്നയിക്കാനില്ല. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാത്രമാണ് പുട്ടിന് പീരപോലെ ഇടയ്ക്കിടെ ട്വിറ്ററിൽ വിമർശനം ഉന്നയിക്കുന്നത്.
ഇന്ധന വില വര്‍ധനയ്ക്കെതിരെ വലിയ തോതില്‍ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ ഭരണത്തിലുള്ളത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഉണ്ടായ ഇന്ധന വില വര്‍ധനയുടെ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്നത് 2014 ല്‍ ആയിരുന്നു. തുടര്‍ച്ചയായി രണ്ട് ടേം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചതിന് ശേഷമായിരുന്നു ഇത്. ഇന്ധന വില നിയന്ത്രണാധികാരം സര്‍ക്കാരില്‍ നിന്ന് മാറ്റിയത് യുപിഎ സര്‍ക്കാര്‍ ആയിരുന്നു.
എന്തായാലും 2014 ല്‍അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില 108 ഡോളര്‍ ആയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 108 ഡോളർ ഉണ്ടായിരുന്ന അക്കാലത്ത് ഇന്ത്യയിലെ പെട്രോള്‍ ഡൽഹിയില്‍ 71.41 രൂപ ആയിരുന്നു. അക്കാലത്ത് ഡീസല്‍ വില 48 നും 49 നും ഇടയില്‍ ആയിരുന്നു.
എന്നാല്‍ ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില 80 ഡോളറിലാണ്. തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 108.79 രൂപയും ഡീസല്‍ വില ലിറ്ററിന് 102.40 രൂപയും ആണ്.

