മുല്ലപ്പെരിയാര്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് സുപ്രീംകോടതിയില്‍. മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കും

സുപ്രീംകോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ് 142 അടിയാണ്.

രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചാണ് മറ്റൊരു ഹര്‍ജി. എറണാകുളം സ്വദേശികളായ ഡോ. ജോ ജോസഫ്, ഷീല കൃഷ്ണന്‍ക്കുട്ടി, ജെസിമോള്‍ ജോസ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.