ബിന്നിയച്ചന്‍
മിക്കവരുടെയും ജീവിതത്തില്‍ എല്ലാ പുതുവര്‍ഷ ആരംഭത്തിലും മുടങ്ങാതെ നടക്കുന്ന ഒന്നാണ് പുതുവര്‍ഷത്തില്‍ ജീവിതത്തെക്കുറിച്ച് വലിയ തീരുമാനങ്ങള്‍ എടുക്കുകയെന്നത്. അത് ചിലപ്പോള്‍ പുതുതായി ചെയ്യാനുള്ള കാര്യങ്ങളാകാം, ചിലപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് നിര്‍ത്താന്‍ ആകാം, ചിലപ്പോള്‍ പുതിയ ജീവിത ലക്ഷ്യങ്ങളിലേക്കുള്ള യാത്രയാകാം. പലപ്പോഴും പലരുടെയും ജീവിതത്തില്‍ പുതുവര്‍ഷത്തില്‍ എടുക്കുന്ന ഈ തീരുമാനങ്ങള്‍ക്ക് കുറഞ്ഞ ദിവസത്തെ ആയുസേ ഉണ്ടാവാറുള്ളു. എങ്കിലും പുതുവര്‍ഷ തീരുമാനങ്ങള്‍ക്ക് ഒരു വര്‍ഷം പോലും കുറവ് ഉണ്ടാകാറില്ല.
ജീവിതത്തില്‍ മാറ്റങ്ങള്‍ക്കായി എടുക്കുന്ന തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇന്ന് നമ്മുടെ ചിന്ത. പുതുവര്‍ഷം തുടങ്ങി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞുവെങ്കിലും, ഈ ചിന്തകളുടെ വെളിച്ചത്തില്‍ എടുത്ത തീരുമാനങ്ങളെ പുനര്‍വിചിന്തനം ചെയ്യുന്നതും ആവശ്യമെങ്കില്‍ പുനര്‍നിര്‍വചിക്കുന്നതും നന്നായിരിക്കും.
1. റിയലിസ്റ്റിക് ആവണം
നമ്മുടെ തീരുമാനങ്ങള്‍ തീര്‍ച്ചയായും നമ്മുടെ പരിധിയില്‍ നില്ക്കുന്നതാവണം. സ്വന്തം സാദ്ധ്യതകള്‍ അറിഞ്ഞുവേണം തീരുമാനമെടുക്കാന്‍. പണ്ടുള്ളവര്‍ പറയും ‘കൊക്കില്‍ ഒതുങ്ങുന്നതേ കൊത്താവൂ’. നമ്മുടെ നിയന്ത്രണത്തില്‍ ഇല്ലാത്ത കാര്യങ്ങളാവരുത് നമ്മുടെ തീരുമാനങ്ങള്‍. അതുപോലെതന്നെ ഒരുപാട് വലിയ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യരുത്. വലിയ ലക്ഷ്യങ്ങള്‍ ആവാം, പക്ഷേ അതിലേക്കു നയിക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങളാവണം നമ്മള്‍ നടപ്പില്‍ വരുത്താന്‍ വേണ്ടി എടുക്കുന്ന തീരുമാനങ്ങള്‍. ഈ കൊച്ചുകാര്യങ്ങളിലെ മാറ്റങ്ങള്‍ വഴി വലിയ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ കഴിയണം.
2. പ്ലാന്‍ ചെയ്യുക
തീരുമാനം എടുക്കാന്‍ എളുപ്പമാണ്. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കാനാണ് ബുദ്ധിമുട്ട്. അത് പ്രാവര്‍ത്തികമാകണമെങ്കില്‍ കൃത്യമായ പ്ലാന്‍ ഉണ്ടാവണം. ഒരു ലക്ഷ്യം പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ അതിന്‍റെ ഗുണങ്ങളും ദോഷങ്ങളും കൃത്യമായി മനസിലാക്കണം. എന്നിട്ട് അവിടെയെത്താനുള്ള വഴി പ്ലാന്‍ ചെയ്യുക. ലക്ഷ്യത്തിലേക്കുള്ള കുഞ്ഞു പടികള്‍ തിരഞ്ഞെടുക്കുന്നതിലാണ് വിജയം ഇരിക്കുന്നത്. വണ്ണം കുറയ്ക്കാന്‍ പ്ലാന്‍ ചെയ്താല്‍ അത് പ്രാവര്‍ത്തികമാക്കാനുള്ള കുറെ അധികം കുഞ്ഞു കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. എന്തൊക്കെ കഴിക്കണം, എന്തൊക്കെ കഴിക്കാതെ ഇരിക്കണം, വ്യായാമം എങ്ങനെ ആകണം, ഉറക്കം എങ്ങനെ ആവണം… അങ്ങനെ ഒരുപാട് കാര്യങ്ങളാണ് വലിയ ലക്ഷ്യത്തിലേക്കുള്ള കുഞ്ഞു പടികള്‍.
3. ലക്ഷ്യം വ്യക്തം ആവണം
ഒരു ലക്ഷ്യം മനസ്സിലുണ്ടാവണമെന്ന് നമ്മള്‍ കണ്ടുകഴിഞ്ഞു. അത് നല്ല വ്യക്തത ഉള്ളതാവണം. ഒരിക്കലും പടപ്പില്‍ തല്ലുന്നത് പോലെ ആവരുത്. ഒരു ജോലി നേടണമെന്ന് തീരുമാനിച്ചു എന്ന് കരുതുക, കേള്‍ക്കുമ്പോള്‍ നല്ല വ്യക്തത തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ അതിനു വ്യക്തത ഇല്ല. എന്ത് ജോലി എന്ന് അറിഞ്ഞാല്‍ അല്ലേ അതിന് അനുസരിച്ച് പ്ലാന്‍ ചെയ്യാന്‍ കഴിയൂ, അതിനനുസരിച്ചു പഠിക്കാന്‍ കഴിയൂ. അപ്പോള്‍ ‘ഒരു ജോലി’ എന്നതിനെ കുറച്ചു കൂടി വ്യക്തമായി എന്ത് ജോലി, എവിടെ, എങ്ങനെ എന്ന് കുറച്ചു കൂടി വ്യക്തതയോടെ മനസ്സില്‍ കുറിക്കണം. ഏത് തീരുമാനം ആയാലുമത് വ്യക്തത ഉണ്ടെങ്കില്‍ മാത്രമേ അതിലേക്ക് നടക്കാനുള്ള വഴിയും, അത് നേടി എടുക്കാനുള്ള രീതികളും പ്ലാന്‍ ചെയ്യാന്‍ പറ്റുകയുള്ളു.
4. തീരുമാനം പുതിയത് ആവട്ടെ
ഒരിക്കല്‍ പ്ലാന്‍ ചെയ്തു പരാജയപ്പെട്ടത് വീണ്ടും പുതിയ തീരുമാനം ആയി എടുക്കാതെ ഇരിക്കുന്നതാണ് നല്ലത്. വീണ്ടും അത് തന്നെ എടുക്കുമ്പോള്‍ നമ്മുടെ മനസ് അതിന്‍റെ അവബോധ തലത്തില്‍ ആ തീരുമാനത്തോട് തോറ്റു കൊടുക്കാന്‍ സാധ്യത ഉണ്ട്. ഒരു വര്‍ഷത്തേക്ക് ഒരു തീരുമാനം എടുത്തിട്ട് ഇടയ്ക്ക് പരാജയം ഉണ്ടായാല്‍ അത് ഉപേക്ഷിക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. അങ്ങനെ പരാജയം ഉണ്ടായാല്‍ ആ പരാജയത്തെ അംഗീകരിച്ചു വീണ്ടും അവിടെ നിന്ന് തുടങ്ങണം. പക്ഷേ വര്‍ഷത്തിന്‍റെ ആരംഭത്തില്‍ എടുക്കുന്ന തീരുമാനം പല വര്‍ഷങ്ങളായി പരിശ്രമിച്ചു പരാജയപ്പെട്ടത് ആവരുത്. നമ്മള്‍ അത്രമാത്രം ആഗ്രഹിക്കുന്ന ഒന്നാണ് ആ കാര്യമെങ്കില്‍ നമുക്ക് ഈ വര്‍ഷം വേറെ ഒരു കാര്യം പ്ലാന്‍ ചെയ്ത് വിജയിപ്പിച്ചിട്ട് അടുത്ത വര്‍ഷം പഴയത് വീണ്ടും പ്ലാന്‍ ചെയ്യാം.
5. ഒരാള്‍ കൂടി അറിയട്ടെ
നമ്മുടെ പുതുവര്‍ഷ തീരുമാനം മറ്റൊരാളെ അറിയിക്കുന്നത് നല്ലതാണ്. ഒരു രീതിയില്‍ അത് നമ്മെ സഹായിക്കും. നമ്മള്‍ ആ തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് ആ ആളോട് ഇടയ്ക്കിടയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് നല്ലതാണ്. ആ ആള്‍ നമ്മുടെ വളര്‍ച്ച അടയാളപ്പെടുത്താന്‍ തീര്‍ച്ചയായും സഹായിക്കും. വളര്‍ച്ചയ്ക്ക് അനുസരിച്ച് നമ്മള്‍ നമുക്കുതന്നെ കൊച്ചുസമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയുമാവാം. എവിടെ എങ്കിലും വീഴ്ച ഉണ്ടായാല്‍ അവിടെ അവസാനിപ്പിക്കാതെ കൂടുതല്‍ തീക്ഷ്ണതയോടെ മുന്നോട്ടുപോകാനും കൂടെ നില്‍ക്കുന്ന ഈ ആള്‍ക്ക് സഹായിക്കാന്‍ കഴിഞ്ഞേക്കാം. മറ്റൊരാളോട് പറയുന്നത് സഹായിക്കും എന്നതുപോലെ തന്നെ ഒരുപാട് പേരോട് പറയുന്നതും നമുക്ക് ദോഷവും ആകും. നമ്മുടെ തീരുമാനത്തെ പ്രാവര്‍ത്തികമാക്കാന്‍ നമ്മളെ സഹായിക്കുമെന്ന് ഉറപ്പുള്ള ഒരാളോട് മാത്രം പറയാം. ബാക്കി ഉള്ളവര്‍ നമ്മുടെ പ്രവര്‍ത്തിയുടെ ഫലം കണ്ട് മനസിലാക്കട്ടെ.
6. പുതിയ തീരുമാനം ശീലമാകട്ടെ
പുതിയ തീരുമാനം എന്തായാലും അതിലേക്ക് നമ്മള്‍ ചെയ്യുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ എല്ലാം നമ്മുടെ ജീവിതത്തില്‍ ശീലമാകുവോളം അത് ചെയ്തുകൊണ്ടേ ഇരിക്കണം. ജോലിക്കുവേണ്ടി പഠിക്കുന്നു, ആ പഠനം എന്നും പുതിയത് പഠിക്കാനുള്ള ശീലം ആകുവോളം തുടരണം. വണ്ണം കുറയ്ക്കാന്‍ ഭക്ഷണം നിയന്ത്രിച്ചാല്‍, അത് ആരോഗ്യകരമായ ഭക്ഷണ ശീലത്തിലേക്ക് നയിക്കണം. ശാസ്ത്രം പറയുന്നത് ഒരു കാര്യം 21 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ അത് നമ്മുടെ ശീലമായി തീരുമെന്നാണ്. ചിലര്‍ 66 ദിവസം എന്നും പറയാറുണ്ട്. എന്തുതന്നെ ആയാലും, നല്ലത് നമ്മുടെ ശീലം ആകട്ടെ
വാല്‍കഷ്ണം
തീരുമാനങ്ങള്‍ക്ക് ഒരിക്കലും ഒരു കുറവും ഉള്ളവരല്ല നമ്മള്‍. നമ്മളൊക്കെ എടുത്ത തീരുമാനങ്ങള്‍ എല്ലാം യാഥാര്‍ഥ്യം ആക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നു എങ്കില്‍ നമ്മള്‍ ഒന്നും ഇപ്പോള്‍ നമ്മള്‍ ആയിരിക്കുന്ന സ്ഥലത്തോ സാഹചര്യത്തിലോ ആയിരിക്കാന്‍ സാധ്യത ഇല്ല. നമ്മുടെ തീരുമാനങ്ങള്‍ നേടിയെടുക്കാന്‍ തടസ്സമാകുന്നത് എന്താണ് എന്ന് തിരിച്ചറിയുന്നത് വിജയത്തിലേക്കുള്ള ഏറ്റവും പ്രധാന പടിയാണ്.

