
പീരുമേട് : ഹൈറേഞ്ചിൻ്റെ പെരുമ ലോകത്തെ അറിയിച്ച പി.ഡി.എസ് പുരസ്‌കാര തിളക്കത്തിൽ. കൃഷിയിലെ മികവിന് പീരുമേട് ഡെവലപ്മെൻ്റ് സൊസൈറ്റിക്ക് (പിഡിഎസ്) കൃഷി വകുപ്പുമായി ബന്ധമില്ലാത്ത കാർഷിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള 50,000 രൂപയുടെ അവാർഡാണ് ലഭിച്ചത്.മലയോര മേഖലയിലെ സാധാരണക്കാരായ കർഷകരുടെയും പീരുമേടിനു ചുറ്റുമുള്ള പ്രദേശങ്ങളുടെയും ആദിവാസി ജനവിഭാഗങ്ങളുടെയും വികസനം ലക്ഷ്യമാക്കി 1980ൽ കാഞ്ഞിരപ്പള്ളി രൂപതയിൽപ്പെട്ട പീരുമേട് സെന്റ് മേരീസ് പള്ളിയുടെ അന്നത്തെ വികാരിയായിരുന്ന ഫാ. മാത്യു അറയ്ക്കൽ ( മാർ മാത്യു അറയ്ക്കൽ) തുടങ്ങിയതാണ് പിഡിഎസ്. ഇന്ന് പശ്ചിമഘട്ട മേഖലയിലെ രണ്ടായിരം ചെറുകിട നാമമാത്ര കർഷകരെ ഉൾപ്പെടുത്തി കൃഷി, സംസ്‌കരണം, സർട്ടിഫിക്കേഷൻ, വിപണനം എന്നിങ്ങനെ സമഗ്രമായ ഫാം ടു ഫോർക്ക് മാതൃക നടപ്പാക്കി ലോകം അറിയപ്പെടുന്ന ബഹുമുഖ കാർഷിക സംസ്‌കാരമായി പിഡിഎസ് മാറിക്കഴിഞ്ഞു.1990 മുതൽ പിഡിഎസ് ജൈവകൃഷി നടപ്പിലാക്കി വരുന്നു. നിലവിൽ ജൈവ സർട്ടിഫിക്കേഷനുള്ള 1550 കർഷകരിലുടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂർണമായും ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന കുരുമുളക്, ജാതി, ഗ്രാമ്പു, മഞ്ഞൾ, ഇഞ്ചി, ഏലക്കായ മുതലായ ഉത്പന്നങ്ങൾ കർഷകരിൽനിന്ന് വിപണി വിലയേക്കാൾ ഉയർന്ന വിലയ്ക്ക് ശേഖരിച്ച് കുട്ടിക്കാനത്തിനു സമീപമുള്ള വളഞ്ഞങ്ങാനത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക ഫാക്ടറിയിൽ സംസ്‌കരിച്ച് വിപണനം നടത്തിവരുന്നു.ട്രൂ ബയോ ബ്രാൻഡിൽ ഉത്പാദിപ്പിക്കുന്ന ജൈവ ഉത്പന്നങ്ങൾ ഇരുപതിലധികം രാജ്യങ്ങളിലേക്ക് ഇന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. കുട്ടിക്കാനത്തുള്ള സഹ്യാദി എക്കോ ഷോപ്പിലും കേരളത്തിലെ വിവിധ സൂപ്പർമാർക്കറ്റുകളിലും ആമസോണിലും ഉത്പന്നങ്ങൾ ലഭ്യമാണ്.കർഷകർ ഉത്പാദിപ്പിക്കുന്ന ജൈവ തേയില പിഡിഎസിൻ്റെ നേതൃത്വത്തിൽ കുട്ടിക്കാനത്തെ ജൈവ തേയില ഫാക്ടറിയിൽ സംസ്‌കരിച്ച് വിപണനം നടത്തുന്നു.ഔഷധ സസ്യങ്ങളും മറ്റ് ഉത്പന്നങ്ങളും ഉപയോഗിച്ച് ഗുണനിലവാരമുള്ള ആയുർവേദ മരുന്നുകളും ചികിത്സാ സേവനങ്ങളും സഹ്യശ്രീ എന്ന ബ്രാൻഡിൽ നൽകിവരുന്നു. കുട്ടിക്കാനത്തിനടുത്ത് പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന ജിഎംപി സർട്ടിഫിക്കേഷനുള്ള ആയുർവേദ ഫാക്ടറിയിൽ 250ൽപരം മരുന്നുകൾ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നുണ്ട്.പന്ത്രണ്ടിൽപരം കറിപ്പൊടികൾ, മില്ലറ്റ് ഉത്പന്നങ്ങൾ, പ്രാദേശികമായി ലഭ്യമായ സുഗന്ധവ്യഞ്ജനങ്ങളും മറ്റുത്പന്നങ്ങളും ചേർത്തുള്ള ഉത്പന്നങ്ങൾ മുതലായവ വിപണിയിൽ ലഭ്യമാണ്.കേരള ഹോർട്ടികൾച്ചർ മിഷനുമായി സഹകരിച്ച് ആധുനിക രീതിയിലുള്ള ഫാക്ടറിയുടെ നിർമാണം കുട്ടക്കാനത്തിനടുത്ത് വളഞ്ഞങ്ങാനത്ത് പുരോഗമിക്കുന്നു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിനോട് ചേർന്നു പിഡിഎസിൻ്റെ നേതൃത്വത്തിലുള്ള ടിഷ്യു കൾച്ചർ ലാബിൽ അത്യുത്പാദന ശേഷിയുള്ളതും രോഗപ്രതിരോധശേഷിയുള്ളതുമായ വിവിധയിനം ഏത്തവാഴ തൈകൾ ഉത്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്‌തുവരുന്നു. കുട്ടിക്കാനത്തിനടുത്തുള്ള തട്ടാത്തിക്കാനത്ത് പ്രവർത്തിക്കുന്ന പിഡിഎസ് കാർഷിക നഴ്‌സറിയിൽ വിവിധയിനം ഫലവൃക്ഷത്തൈകൾ, കാപ്പി, കുരുമുളക്, അലങ്കാര ചെടികൾ മുതലായവയും ലഭ്യമാണ്.കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ പിഡിഎസ് ഇന്ന് പ്രതിരോധ ശേഷിയുള്ള കാർഷിക സമുഹത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക ഇടപെടലുകളാണ് നടത്തുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പനച്ചിക്കൽ പറഞ്ഞു.
