എസ്.എസ്.സി : കേന്ദ്രസർവീസിലെത്താനുള്ള വഴി

കേന്ദ്രസർവീസിലെത്താനുള്ള പി.എസ്.സിയാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി). ഓരോ വർഷവും പതിനായിരത്തിലധികം വേക്കൻസികളിൽ എസ്.എസ്.സിയുടെ വിവിധ പരീക്ഷകൾ വഴി നിയമനം നടക്കുന്നുണ്ട്. സംസ്ഥാന സർവീസിനെക്കാൾ കൂടുതൽ അവസരങ്ങൾ കേന്ദ്ര സർവീസിലാണുള്ളത്. പി.എസ്.സി പരീക്ഷ പാസാകുന്നതിനെക്കാൾ എളുപ്പമാണ് എസ്.എസ്.സി പരീക്ഷ എന്നതാണ് വിജയികളുടെ അനുഭവസാക്ഷ്യം. അതു കൊണ്ടുതന്നെ സർക്കാർ സർവീസ് ആഗ്രഹിക്കുന്നവർ പി.എസ്.സിയോടൊപ്പം എസ്.എസ്.സിയും ഒന്ന് ശ്രമി ക്കുന്നത് നല്ലതുതന്നെ.ഉയർന്ന ശമ്പള സ്കെയിലും, കേന്ദ്രസർക്കാർ ആനുകൂല്യങ്ങളും, സ്ഥാനമാനങ്ങളും എസ്.എസ്.സി. പരീക്ഷയെ കൂടുതൽ ആകർഷകമാക്കുന്നു. പൂർണമായും ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്‌ഠിത ഒബ്‌ജക്ടീവ് മാതൃകയിലാണ് മിക്കവാറും എല്ലാ എസ്.എസ്.സി പരീക്ഷകളും. പരീക്ഷകൾക്ക് ടയർ- I, ടയർ-II എന്നീ രണ്ട് സ്റ്റേജുകൾ ഉണ്ട്. ടയർ- II പാസാകുന്നവരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് ടയർ-1നും തുടർന്ന് അഭിമുഖത്തിനും വിളിക്കും. കംബെൻഡ് ഗ്രാജുവേറ്റ് ലെവൽ, കംബെൻഡ് ഹയർ സെക്കൻ്ററി ലെവൽ, മൾട്ടി ടാസ്കിങ് സ്റ്റാഫ്, ജൂണിയർ എൻജിനീയർ, ജൂണിയർ ട്രാൻസലേറ്റർ, സ്റ്റെനോഗ്രാഫർ, ജി.ഡി. കോസ്റ്റബിൾ തുടങ്ങിയവയാണ് എസ്.എസ്.സിയുടെ പ്രധാന പരീക്ഷകൾ. പരീക്ഷകൾ എല്ലാം പല സമയങ്ങളിലായി വെവ്വേറെ നടത്തുന്നു. ഓരോ പരീക്ഷയ്ക്കും വെവ്വേറെ അപേക്ഷിക്കണം. മിക്കവാറും പരീക്ഷകളുടെ അപേക്ഷാ ഫീസ് നൂറ് രൂപ മാത്രമാണ്. എസ്.എസ്.സിയുടെ സി.ജി.എൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വളരെ എളുപ്പത്തിൽ എസ്‌.എസ്.സിയുടെ മറ്റ് പരീക്ഷകളും എഴുതി വിജയിക്കാൻ സാധിക്കും.പി.എസ്.സിയ്ക്ക് രജിസ്റ്റർ ചെയ്യുന്നതു പോലെ എസ്.എസ്.സി യ്ക്കും ആദ്യം ഒറ്റത്തവണ രജിസ്റ്റർ ചെയ്യണം. ഒരിക്കൽ രജിസ്റ്റർ ചെയ്താൽ പിന്നീട് എപ്പോൾ വേണമെങ്കിലും എസ്. എസ്. സിയുടെ സൈറ്റിൽ കയറാനും എസ്.എസ്‌.സിയുടെ പരീക്ഷകൾ അടക്കമുള്ള നോട്ടിഫിക്കേഷനുകൾ കാണാനും കഴിയും. കൂടുതൽ വിവരങ്ങൾ sss.gov.in ൽ ലഭ്യമാണ്.

കംബെൻഡ് ഗ്രാജുവേറ്റ് ലെവൽ (സി.ജി.എൽ)

കേന്ദ്രസർക്കാരിൻ്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റൻഡ് ഓഡിറ്റ് ഓഫീസർ, അക്കൗണ്ട് ഓഫീസർ, സെക്ഷൻ ഓഫീസർ, ഇൻകം ടാക്സ‌് ഇൻസ്പെക്ടർ, സെൻട്രൽ എക്സൈസ് ഇൻസ്പെക്ടർ, എൻഫോഴ്സസ്മെന്റ് ഓഫീസർ, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, ഡിവിഷണൽ അക്കൗണ്ടന്റ്, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തുടങ്ങിയ തസ്‌തികകളിലേക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത.

പരീക്ഷ : 2026 വർഷത്തെ പരീക്ഷയ്ക്ക് ഈ മാസം 22 ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കണം. ടയർ- I, ടയർ- II എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടത്തുന്നത്. ടയർ- I ൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് മാത്രമേ ടയർ- II എഴുതാനാകൂ. രണ്ടും ഓൺലൈൻ കംപ്യൂട്ടർ ബേസ്‌ഡ് പരീക്ഷയാ ണ്. ടയർ- I പരീക്ഷയിൽ ഇംഗ്ലീഷ് കോംപ്രിഹെൻഷൻ, ജനറൽ അവയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇന്റലിജൻസ് ആൻ്റ് റീസണിങ് എന്നീ വിഭാഗങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങൾ ഉണ്ടാകും. ആകെ 200 മാർക്ക്, ടയർ- II ൽ ക്വാണ്ടിറ്റേറ്റീവ് അപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ്റ് കോംപ്രിഹെൻഷൻ എന്നിവയാണ് ഉള്ളത്. ചില പോസ്റ്റുകൾക്ക് ഫിനാൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ നോളഡ്‌ജ് എന്നിവയിൽ അഡീഷണൽ പേപ്പറുകൾ ഉണ്ടാകും.

കംബൈൻഡ് ഹയർ സെക്കൻ്ററി ലെവൽ (SSC CHCL)

അടിസ്ഥാനയോഗ്യത ഹയർസെക്കന്ററി ആണ്. ഉയർന്ന യോഗ്യതയുള്ളവർക്കും എഴുതാവുന്നതാണ്. പോസ്റ്റൽ അസിസ്റ്റൻ്റ്, സോർട്ടിങ് അസിസ്റ്റൻ്റ്, എൽ. ഡി. ക്ലാർക്ക്, ഡേറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലേയ്ക്കാണ് നിയമനം. 27 വയസാണ് ഉയർന്ന പ്രായപരിധി. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന ഓൺലൈൻ ഒബ്‌ജക്ടീവ് പരീക്ഷയാണിത്. സാധാരണ ഏപ്രിൽ – മെയ് മാസങ്ങളിൽ അപേക്ഷ ക്ഷണിക്കുകയും ഓഗസ്റ്റ് – സെപ്റ്റംബറിൽ പരീക്ഷ നടക്കുകയും ചെയ്യും.

ജൂണിയർ എൻജിനീയർ

ഇന്ത്യയിലെ എൻജിനിയറിങ് ബിരുദ/ഡിപ്ലോമക്കാരുടെ സ്വപ്ന പരീക്ഷയാണ് എസ്.എസ്.സി. ജൂണിയർ എൻജിനീയർ പരീക്ഷ. ഏതെങ്കിലും വിഷയത്തിൽ എൻജിനീയറിങ് ബിരുദം / ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസാണ്. രണ്ട് ഘട്ടം എഴുത്തു പരീക്ഷയും തുടർന്ന് അഭിമുഖവും ഉണ്ടായിരിക്കും. മെയ് – ജൂൺ മാസങ്ങളിലാണ് എല്ലാ വർഷവും പരീക്ഷ നടത്താറുള്ളത്.ജൂണിയർ ട്രാൻസ്‌ലേറ്റർഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യമുള്ളവർക്ക് കിട്ടാവുന്ന കേന്ദ്ര സർക്കാർ ജോലികളിൽ മികച്ച ഒന്നാണ് ജൂണിയർ ട്രാൻസ്‌ലേറ്റർ തസ്‌തിക. ജൂണിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ഹിന്ദി ട്രാൻസ്‌ലേറ്റർ, ഹിന്ദി പ്രാധ്യാപക് തുടങ്ങിയ തസ്‌തികകളിലാണ് നിയമനം. 30 വയസാണ് ഉയർന്ന പ്രായപരിധി. ഇംഗ്ലീഷ് / ഹിന്ദിയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്കാണ് അവസരം. ഇംഗ്ലീഷ് പി.ജിക്കാർ ഡിഗ്രി തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. അതുപോലെ തിരിച്ചും.പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക. ആദ്യ ഘട്ട ഒബ്ജക്ടീവ് പരീക്ഷയിൽ ജനറൽ ഇംഗ്ലീഷ്, ജനറൽ ഹിന്ദി എന്നിവ ഉണ്ടാകും. രണ്ടാം ഘട്ട പരീക്ഷയിൽ തർജിമയും, ഉപന്യാസരചനയും ഉൾപ്പെടുന്നു. രണ്ട് പരീക്ഷയും 200 മാർക്കിൻ്റേതാണ്. പരീക്ഷയ്ക്ക് ഏപ്രിൽ മാസത്തിൽ അപേക്ഷിക്കണം.

മൾട്ടി ടാസ്കിങ് സ്റ്റാഫ് (എം.ടി.എസ്)

പി.എസ്.സിയിലെ പ്യൂൺ, ക്ലാർക്ക് തസ്തകകൾക്ക് സമാനമായ തസ്‌തികയാണ് എസ്.എസ്‌.സിയുടെ മൾട്ടി ടാസ്കിങ് സ്റ്റാഫ്. കേന്ദ്രസർവീസിലെ ഗ്രൂപ്പ് സി. നോൺ ഗസ്റ്റഡ്, വിവിധ മന്ത്രാലയങ്ങളിലെ നോൺ മിനി – സ്റ്റിരിയൽ പോസ്റ്റുകളിലേക്കുള്ള പരീക്ഷയാണിത്. പത്താം ക്ലാസ് മിനിമം യോഗ്യതയുള്ള 18 മുതൽ 25 വയസ് വരെ പ്രായപരിധി ഉള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ ഈ പരീക്ഷ നടക്കുന്നുണ്ട്. അതിനാൽ പി.എസ്.സിയ്ക്ക് ഒരുങ്ങുന്നവർക്കും ഇത് എഴുതുക എളുപ്പമാണ്. പരീക്ഷയ്ക്ക് രണ്ട് വിഭാഗങ്ങൾ ഉണ്ട്. സെഷൻ -1 ൽ ന്യൂമരിക്കൽ എബിലിറ്റി, റീസണിങ് എന്നിവയിൽ നിന്നായി മൂന്ന് മാർക്കിൻ്റെയും ചോദ്യങ്ങൾ ഉണ്ടാകും. ഇതിന് 30 ശതമാനം മാർക്ക് നേടി ക്വാളിഫൈ ചെയ്‌താൽ മതി. സെഷൻ II ൽ ജനറൽ അവയർനസ്, ഇംഗ്ലീഷ് എന്നിവയിൽനിന്ന് മൂന്ന് മാർക്കിന്റെ 50 ചോദ്യങ്ങൾ. നെഗറ്റീവ് മാർക്ക് ഈ സെഷനിൽ ഉണ്ട്. ഈ സെഷന്റെ മാർക്കാണ് ഇന്റർവ്യൂവിന് വിളിക്കാൻ പരിഗണിക്കുക. കമ്പ്യൂട്ടർ ബേസ്‌ഡ് ഓൺലൈൻ പരീക്ഷയാണിത്. കസ്റ്റംസ്, എക്സൈസ് തുടങ്ങിയ വകുപ്പുകളിലെ മൾട്ടിടാസ്ക‌് സ്റ്റാഫായ ഹവീൽദാർ പോസ്റ്റിലേക്കും എം.ടി.എസിനൊപ്പം പരീക്ഷ നടക്കുന്നുണ്ട്. ഈ വിഭാഗക്കാർക്ക് ശാരീരിക – യോഗ്യതാ പരീക്ഷയും ഉണ്ടാകും. 2026 ലെ പരീക്ഷയ്ക്ക് ജൂലൈ 1 മുതൽ 30 വരെ അപേക്ഷിക്കാം. സെപ്റ്റംബറിലാണ് പരീക്ഷ.