
“ഞാൻ ചില സമയങ്ങളിൽ ആകെ അസ്വസ്ഥതയാണ്. ശക്തമായ ഹൃദയമിടിപ്പ്, വിയർപ്പ്, വിറയൽ, ശ്വാസം കിട്ടുന്നില്ലെന്ന തോന്നൽ, ഉടൻ മരിച്ചുപോകുമോ എന്ന പേടി തുടങ്ങിയവ അനുഭവപ്പെടുന്നു. കാർഡിയോളജിസ്റ്റിൻ്റെ കീഴിലും മറ്റു ഡോക്ടേഴ്സിന്റെ കീഴിലും മെഡിക്കൻ പരിശോധനകൾ നടത്തി പരിശോധനകളിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇത് ഉത്കണ്ഠമൂലമുള്ള പാനിക് അറ്റാക്കാണെന്ന് പറഞ്ഞു.” ഇത്തരം പ്രശ്നനങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർ നമുക്കിടയിൽ അനവധിയാണ്.സമൂഹത്തിൽ 1.5 മുതൽ 3.5 ശതമാനം പേർക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും പാനിക് അറ്റാക്ക് ഡിസോർഡർമൂലമുള്ള പ്രശ്നങ്ങൾ ഉണ്ടാകാമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്ത്രീകളിൽ ഇതിന് സാധ്യത പുരുഷന്മാരെക്കാൾ രണ്ടിരട്ടിയാണ്. ഏകദേശം 25 വയസ്സിനോടടുത്താണ് മിക്കവരിലും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. എന്നാൽ, വിവാഹമോചനം, തൊഴിൽ നഷ്ടപ്പെടൽ, ഉറ്റവരുടെ മരണം തുടങ്ങിയ വിഷമഘട്ടങ്ങളെ തുടർന്നായിരിക്കും പലരിലും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. എന്നാൽ, ചെറുപ്പക്കാലത്ത് മാനസികസംഘർഷങ്ങൾ അനുഭവിച്ചവർക്ക് പാനിക് ഡിസോർഡർ വരാനുള്ള സാധ്യത കൂടുതലാണെന്നതിന് ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചുവരികയാണ്. പാനിക് ഡിസോർഡർ ഉള്ളവരിൽ മറ്റു മാനസികരോഗങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. ചിലരെങ്കിലും സ്വയം ചികിത്സയ്ക്കായി മദ്യവും ഉറക്കഗുളികകളും അമിതമായി ഉപയോഗിച്ച് അതിന് അടിമപ്പെടാറുണ്ട്.
കാരണങ്ങൾ
തലച്ചാറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് വ്യൂഹത്തിലെ നാഡികൾ പരസ്‌പര ആശയവിനിയത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങളുടെ അസന്തുലിതാവസ്ഥമൂലം രക്തത്തിലും തലച്ചോറിലും അഡ്രിനാലിൻ്റെ അളവ് അമിതമാകുന്നതാകാം അസുഖകാരണമെന്ന് ഗവേഷകർ അനുമാനിക്കുന്നു. തലച്ചോറിലെ ബ്രെയിൻസ്റ്റം, ലിംബിക് വ്യൂഹം, പ്രീ ഫ്രോണ്ടൽ കോർടക്സ് എന്നീ ഭാഗങ്ങളാണ് ഉത്കണ്ഠയെ നിയന്തിക്കുന്നത്.
ലക്ഷണങ്ങൾ
താഴെ പറയുന്ന ലക്ഷണങ്ങളിൽ ചുരുങ്ങിയത് നാലെണ്ണമെങ്കിലുമുള്ളവർക്ക് പാനിക് ഡിസോർഡറുണ്ടെന്ന്കാണാം.കാരണം കൂടാതെയുള്ള ശക്തമായ ഹൃദയമിടിപ്പ്, വിയർപ്പ്, വിറയൽ, ശ്വാസം കിട്ടുന്നില്ലെന്ന തോന്നൽ, നെഞ്ചിലെ അസ്വസ്ഥത, വയറ്റിൽ കാളിച്ച, മനംപിരട്ടിൽ, തലചുറ്റുന്നതുപോലെയുള്ള തോന്നൽ, ചുറ്റുപാടുകളെ കുറിച്ചുള്ള ബോധം നഷ്ടമാകൽ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നൽ, ഉടൻ മരിച്ചുപോകുമോയെന്ന പേടി, കൈകാലുകളിലും മറ്റു ശരീരഭാഗങ്ങളിലും മരവിപ്പും ചൂടും വ്യാപിക്കൽ.അസ്വസ്ഥമായ ചിന്തകളെക്കുറിച്ചും പാനിക് അറ്റാക്കിനോടൊപ്പം അനുഭവപ്പെടുന്ന ശാരീരികലക്ഷണങ്ങളെക്കുറിച്ചും വിശദമായി ആരായുക. പാനിക് അറ്റാക്ക് അനുഭവപ്പെടുമ്പൊൾ ഉണ്ടാകുന്ന രോഗിയുടെ പെരുമാറ്റരീതികളെക്കുറിച്ചുള്ള അന്വേഷണം, മറ്റു മാനസികരോഗങ്ങളുണ്ടായെന്ന് പരിശോധിച്ചറിയുക എന്നിവ ചെയ്യേണ്ടതാണ്. വിശദമായ ശാരീരിക-മാനസിക പരിശോധനയിലൂടെ രോഗം പാനിക് ഡിസോർഡറാണെന്നു തെളിഞ്ഞാൽ മാനസികാരോഗ്യവിദഗ്ധൻ്റെ ചികിത്സയായിരിക്കും അഭികാമ്യം. മറ്റേത് ശാരീരിക-മാനസിക രോഗങ്ങളെയും പോലെ പാനിക് ഡിസോർഡറും ഫലപ്രദമായി നിയന്ത്രിക്കാൻ നിരവധി ഔഷധങ്ങൾ ഇന്ന് ലഭ്യമാണ്.
കോഗ്‌നിറ്റീവ് – ബിഹേവിയർ തെറാപ്പി
മരുന്നിലുടെയല്ലാതെ മനഃശാസ്ത്രപരമായ സമീപനത്തിലുടെയും നിരന്തരമായ പെരുമാറ്റ പരിശീലനത്തിലൂടെയും രോഗികളെ അവരുടെ പ്രശ്നകാരണങ്ങളുമായി പൊരുത്തപ്പെടുത്തുകയും അവയെ എങ്ങനെ നിയന്ത്രിക്കാമെന്നു പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണിത്. പാനിക് അറ്റാക്ക് സ്വയം നിയന്ത്രിക്കാനുള്ള ശ്വസനവ്യായാമങ്ങളും മറ്റു വ്യായാമങ്ങളും വിശ്രമരീതികളും കൂടി ഇതിലുൾപ്പെടുന്നു. കോഗ്‌നിറ്റീവ് ബിഹേവിയർ തെറാപ്പി മിക്ക രോഗികളിലും കാര്യമായ പുരോഗതി ഉണ്ടാക്കാറുണ്ട്. കൃത്യമായ ചികിത്സ ദീർഘകാലം തുടർന്നാൽ 30-40 ശതമാനം പേർക്കും ഏകദേശം പൂർണ്ണമായ രോഗശമനം ലഭിക്കാറുണ്ട്. എന്നാൽ പകുതിയോളം പേരിൽ പൂർണമായ രോഗശാനം ലഭിച്ചില്ലെങ്കിലും ശരിയായ ചികിത്സ ലഭിച്ചാൽ മറ്റു പ്രശ്നനങ്ങളൊന്നുമില്ലാതെ ദൈനംദിനജീവിതത്തെ ബാധിക്കാതെ മുന്നോട്ട് പോകാവുന്നതാണ്.
