
കലയുമായി ബന്ധപ്പെട്ട കോഴ്‌സുകളെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചുമുള്ള അറിവ് പൊതുവേ കുറവാണ്. ഫൈൻ ആർട്‌സ് പഠനത്തിനുശേഷമുള്ള തൊഴിൽ സാധ്യതകളെക്കുറിച്ചും സർക്കാർ ജോലികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ
കേരള യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് (BFA) നാല് വർഷത്തെ പ്രൊഫഷണൽ കോഴ്സാണ്. മൂന്ന് ഘട്ടങ്ങളായുള്ള എൻട്രൻസ് പരീക്ഷയിലൂടെയാണ് ഈ കോഴ്സിലേക്ക് പ്രവേശനം ലഭിക്കുന്നത്. കേരളത്തിൽ മൂന്ന് സർക്കാർ ഫൈൻ ആർട്സ് കോളേജുകളാണ് നിലവിലുള്ളത്.
ഫൈൻ ആർട്‌സ്: തൊഴിൽ മേഖലകളും സാധ്യതകളും, കലാപരമായ കഴിവുകളെ സാങ്കേതിക വിദ്യയുമായി സംയോജിപ്പിക്കാൻ കഴിയുന്ന ഈ കോഴ്സുകൾ തൊഴിൽ മേഖലയിൽ മികച്ച അവസരങ്ങൾ നൽകുന്നു. പ്രധാനപ്പെട്ട ചില തൊഴിൽ മേഖലകൾ താഴെക്കൊടുക്കുന്നു.
ഗ്രാഫിക് ഡിസൈനർ (Graphic Designer): പരസ്യം, പുസ്തകങ്ങൾ, വെബ്സൈറ്റുകൾ, ലോഗോകൾ തുടങ്ങിയവയ്ക്ക് ആകർഷകമായ ഡിസൈനുകൾ തയ്യാറാക്കുക എന്നതാണ് പ്രധാന ജോലി. പരസ്യഏജൻസികൾ, മാധ്യമ സ്ഥാപനങ്ങൾ, പ്രസാധകർ എന്നിവർക്ക് പുറമെ എല്ലാത്തരം കമ്പനികളിലും ഇന്ന് ഗ്രാഫിക് ഡിസൈനർമാർക്ക് ആവശ്യക്കാരുണ്ട്.
ഇന്റീരിയർ ഡിസൈനർ (Interior Designer): വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ അകത്തളങ്ങൾ സൗന്ദര്യപരമായി ചിട്ടപ്പെടുത്തുന്നതിനുള്ള പ്ലാനുകൾ തയ്യാറാക്കുന്നു. ബിൽഡിംഗ് നിർമ്മാണ മേഖലയിലും റിയൽ എസ്റ്റേറ്റ് രംഗത്തും ഇൻ്റീരിയർ ഡിസൈനർമാർക്ക് ഉയർന്ന ഡിമാൻഡുണ്ട്.
ഗെയിം ഡിസൈനർ (Game Designer): വീഡിയോ ഗെയിം വ്യവസായത്തിൽ കഥാപാത്രങ്ങൾ, പശ്ചാത്തലങ്ങൾ, ഗെയിമിൻ്റെ രൂപകൽപ്പന എന്നിവ ചെയ്യുന്ന ജോലിയാണിത്. ഈ മേഖലയിൽ ഇന്ന് വലിയ വളർച്ചയുണ്ട്.
ആനിമേഷൻ ആർട്ടിസ്റ്റ് (Animation Artist): കാർട്ടൂൺ സിനിമകൾ, പരസ്യങ്ങൾ, വീഡിയോകൾ തുടങ്ങിയവയ്ക്ക് ആനിമേഷൻ നൽകുക. 2D, 3D ആനിമേഷൻ ടെക്നിക്കുകളിൽ വൈദഗ്ദ്ധ്യമുള്ളവർക്ക് വിദേശരാജ്യങ്ങളിലും മികച്ച അവസരങ്ങളുണ്ട്.
വെബ് ഡിസൈനർ (Web Designer): വെബ്സൈറ്റുകൾക്ക് രൂപകൽപ്പന നൽകുകയും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ വെബ്പേജുകൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.
ഫോട്ടോഗ്രാഫർ/വീഡിയോഗ്രാഫർ: കലാപരമായ കാഴ്ചപ്പാടുകളോടെ ഫോട്ടോകളും വീഡിയോകളും എടുക്കുക. മാധ്യമങ്ങൾ, ഫാഷൻ, ഇവന്റ് മാനേജ്മന്റ് തുടങ്ങിയ മേഖലകളിൽ തൊഴിൽ സാധ്യതകളുണ്ട്.
കലാധ്യാപകൻ (Art Teacher): സ്‌കൂളുകൾ, കോളേജുകൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കുട്ടികളെയും മുതിർന്നവരെയും ചിത്രകല പഠിപ്പിക്കുക. കലാപരമായ അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ താൽപ്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മേഖലയാണിത്.
കലാസംരക്ഷകൻ (Art Conservator): പുരാതന വസ്‌തുക്കളും കലാസൃഷ്ടികളും സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ജോലി. മ്യൂസിയങ്ങൾ, പുരാവസ്‌തു വകുപ്പ് എന്നിവിടങ്ങളിൽ തൊഴിൽ സാധ്യത യുണ്ട്.സർക്കാർ മേഖലയിലെ തൊഴിൽ സാധ്യതകൾഫൈൻ ആർട്‌സ് പഠിച്ചവർക്ക് സർക്കാർ സ്ഥാപനങ്ങളിലും കലാകാരന്മാരായി പ്രവർത്തിക്കാൻ അവസരങ്ങളുണ്ട്.
ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ (Art and Craft Teacher): സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും ആർട്ട് ടീച്ചറായി ജോലി ലഭിക്കാൻ അവസരങ്ങളുണ്ട്. ഇതിന് BEd അല്ലെങ്കിൽ മറ്റ് അദ്ധ്യാപക യോഗ്യതാ പരീക്ഷകൾ ആവശ്യമായി വരും.
മ്യൂസിയം ആർട്ടിസ്റ്റ്/ക്യൂറേറ്റർ (Museum Artist/Cu-rator): സർക്കാർ മ്യൂസിയങ്ങളിലും ഗാലറികളിലും കലാകാരൻ, ക്യൂറേറ്റർ, കൺസർവേറ്റർ തുടങ്ങിയ തസ്തികകളിൽ ജോലി ലഭിക്കാം. ഇതിന് മ്യൂസിയോളജിയിൽ ബിരുദാനന്തര ബിരുദം പോലുള്ള അധിക യോഗ്യതകൾ വേണ്ടി വന്നേക്കാം.
പ്രസ് ആർട്ടിസ്റ്റ്: സർക്കാർ അച്ചടി വകുപ്പുകളിൽ പ്രസ് ആർട്ടിസ്റ്റ് തസ്തികകളിലേക്ക് നിയമനങ്ങളുണ്ട്. വിവിധ സർക്കാർ വ കുപ്പുകളിലെ ഡിസൈനർ തസ്തികകൾ: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, വിവിധ സർക്കാർ പ്രസാധകർ തുടങ്ങിയ സ്ഥലങ്ങളിൽ ഡിസൈനർമാർ, ലേഔട്ട് ആർട്ടിസ്റ്റുകൾ, ഇല്ലസ്ട്രേറ്റർമാർ തുടങ്ങിയ തസ്തികകളിൽ നിയമനം ലഭിക്കാം.ഈ തസ്തികകളിലേക്കുള്ള നിയമനങ്ങൾ പി.എസ്.സി, എസ്.എസ്.സി പോലുള്ള സ്ഥാപനങ്ങൾ വഴിയായിരിക്കും. ഇതിനായി ഈ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ കൃത്യമായി പിന്തുടരുന്നത് നല്ലതാണ്. ഫൈൻ ആർട്സ് പഠനം കേവലം ചിത്രകലയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് ഡിജിറ്റൽ യുഗത്തിലെ തൊഴിൽ സാധ്യളെക്കൂടി ഉൾക്കൊള്ളുന്ന ഒരു ആധുനിക പഠനശാഖയാണ്.
