ഡിജിറ്റൽ ഫുട്പ്രിന്റ്

നിങ്ങളുടെ ഫോൺ ഇപ്പോൾ എവിടെയാണെന്ന് അറിയാമോ?’ എന്ന് ചോദിച്ചാൽ മിക്കവരും ചിരിച്ചുകൊണ്ട് പറയും: ‘അറിയാം, എന്റെ പോക്കറ്റിലല്ലേ!’ എന്നാൽ യഥാർത്ഥ ചോദ്യം അതല്ല. നിങ്ങൾ എവിടെയൊക്കെ പോകുന്നു, ആരോടൊക്കെ സംസാരിക്കുന്നു, എന്തൊക്കെ വാങ്ങുന്നു, എന്തിഷ്ടപ്പെടുന്നു, അടുത്തതായി എന്ത് ചെയ്യുമെന്നു വരെ ചില കമ്പനികൾക്ക് ഊഹിക്കാൻ കഴിയും എന്നതാണ് സത്യം. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഓരോ ദിവസവും നമ്മൾ അറിയാതെ ഒരു പാത ഉണ്ടാക്കുന്നുണ്ട്. ഇതിനെയാണ് ഡിജിറ്റൽ ഫുട്പ്രിന്റ്റ് (Digital footprint) അഥവാ ഡിജിറ്റൽ കാൽപ്പാടുകൾ എന്ന് പറയുന്നത്. കടപ്പുറത്തെ കാൽപ്പാടുകൾ തിരയടിച്ചാൽ മാഞ്ഞുപോകും; പക്ഷേ ഡിജിറ്റൽ കാൽപ്പാടുകൾ അത്ര പെട്ടെന്ന് മാഞ്ഞുപോകില്ല. അവ വർഷങ്ങളോളം അവിടെത്തന്നെ കിടക്കും.രാവിലെ ഉണരുമ്പോൾ തന്നെ നമ്മൾ ഫോൺ എടുക്കും, വാർത്ത നോക്കും, വാട്‌സാപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നോക്കും, ഗൂഗിളിൽ എന്തെങ്കിലും തിരയും, ഓൺലൈനിൽ എന്തെങ്കിലും വാങ്ങും. സാധാരണ കാര്യങ്ങളാണ് ഇവയെല്ലാം എന്ന് തോന്നും. പക്ഷേ ഓരോ പ്രവൃത്തിയും നമ്മൾ എപ്പോൾ ഉണരുന്നു, എവിടെ താമസിക്കുന്നു, എന്തൊക്കെ തിരയുന്നു, എന്ത് വാങ്ങാൻ ഇഷ്ടപ്പെടുന്നു, ഏത് കാര്യത്തിൽ താൽപര്യമുണ്ട് എന്നിങ്ങനെയുള്ള ചെറിയ ചെറിയ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഒറ്റയ്ക്ക് നോക്കിയാൽ ചെറിയ കാര്യമായി തോന്നുന്ന ഇവയെല്ലാം കൂട്ടിവായിച്ചാൽ നമ്മുടെ ജീവിതത്തിന്റെ മുഴുവൻ ചിത്രവും കിട്ടും.ഇന്ന് ഫോൺ വെറും ഫോൺ അല്ല; അത് ക്യാമറയാണ്, ബാങ്കാണ്, ഓഫീസാണ്, ആരോഗ്യ സഹായിയാണ്, യാത്രാ സഹായിയാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ക്യാമറ, മൈക്രോഫോൺ, കോൺടാക്റ്റ്, ലൊക്കേഷൻ, ഫോട്ടോ എന്നിവയ്ക്ക് അനുമതി ചോദിക്കും. മിക്കവരും ഒന്നും വായിക്കാതെ ‘Allow’ അമർത്തും. എന്നാൽ ഒരു ടോർച്ച് ആപ്പിന് കോൺടാക്റ്റ് എന്തിന്, ഒരു വാൾപേപ്പർ ആപ്പിന് കൃത്യമായ ലൊക്കേഷൻ എന്തിന് എന്ന് ചിന്തിക്കണം. എല്ലാ ആപ്പും മോശം ഉദ്ദേശ്യത്തോടെയല്ല ഇത് ചെയ്യുന്നത്; പക്ഷേ ആവശ്യമില്ലാത്ത അനുമതികൾ കൊടുക്കുന്നത് സ്വകാര്യതയ്ക്ക് അപകടമാണ്. ഫോണിലെ GPS ഓണായിരുന്നാൽ വീട്, ജോലിസ്ഥലം, കുട്ടികളുടെ സ്‌കൂൾ, ആശുപത്രി, ആരാധനാലയം എന്നിവയെല്ലാം പല ആപ്പുകൾക്കും അറിയാം. യാത്ര ചെയ്യുന്ന സമയത്ത് തന്നെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് “ഞങ്ങൾ ഒരാഴ്‌ച വീട്ടിലില്ല” എന്ന് അറിയാതെ ലോകത്തോട് വിളിച്ചു പറയുന്നത് പോലെയാണ്.നമ്മൾ എന്ത് ലൈക്ക് ചെയ്യുന്നു, ഏത് വീഡിയോ മുഴുവൻ കാണുന്നു, ഏത് പരസ്യത്തിൽ ക്ലിക്ക് ചെയ്യുന്നു എന്നിവയെല്ലാം ചേർത്ത് കൃത്രിമബുദ്ധി (AI) നമ്മുടെ ഇഷ്ടങ്ങൾ പഠിക്കും. ഫിറ്റ്നസ് വീഡിയോ കാണുന്നവർക്ക് ജിമ്മിന്റെയും പ്രോട്ടീൻ്റെയും പരസ്യം വരുന്നത് യാദൃശ്ചികമല്ല, മറിച്ച് നമ്മുടെ ഡിജിറ്റൽ സ്വഭാവം നോക്കിയുള്ള പ്രൊഫൈലിംഗ് ആണ്. വെബ്സൈറ്റുകൾ, ആപ്പുകൾ, പൊതുരേഖകൾ എന്നിവയിൽ നിന്ന് നിയമപരമായി കിട്ടുന്ന ഡാറ്റ ശേഖരിച്ച് ഓരോരുത്തരുടെയും വിശദമായ പ്രൊഫൈൽ ഉണ്ടാക്കി പരസ്യ കമ്പനികൾക്ക് വിൽക്കുന്ന ഡാറ്റ ബ്രോക്കർമാർ എന്ന വലിയ ബിസിനസ്സും ഇന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വന്നതോടെ ഈ അപകടം കൂടിയിരിക്കുന്നു. മുമ്പ് വർഷങ്ങളെടുത്തിരുന്ന ഡാറ്റ വിശകലനം ഇന്ന് നിമിഷങ്ങൾ കൊണ്ട് നടക്കും. സൈബർ കുറ്റവാളികൾ ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദം അനുകരിക്കുന്നു, വ്യാജ വീഡിയോ (Deepfake) ഉണ്ടാക്കുന്നു, വിശ്വസനീയമായ ഫിഷിംഗ് സന്ദേശങ്ങളിലൂടെ തട്ടിപ്പ് നടത്തുന്നു.ഡിജിറ്റൽ ലോകത്ത് നൂറ് ശതമാനം സ്വകാര്യത സാധ്യമല്ലെങ്കിലും ചില ചെറിയ ശീലങ്ങൾ കൊണ്ട് അപകടം കുറയ്ക്കാം. ആവശ്യമുള്ള ആപ്പുകൾ മാത്രം ഇൻസ്റ്റാൾ ചെയ്യുക, ആപ്പുകളുടെ അനുമതികൾ ഇടയ്ക്കിടെ പരിശോധിക്കുക, ആവശ്യമുള്ളപ്പോൾ മാത്രം ലൊക്കേഷൻ ഓണാക്കുക, വ്യത്യസ്‌ത അക്കൗണ്ടുകൾക്ക് വ്യത്യസ്ത‌ പാസ്‌വേഡ് ഉപയോഗിക്കുക, Two-Factor Authentication നിർബന്ധമായി ഉപയോഗിക്കുക, ജനനത്തീയതിയും വീട്ടുവിലാസവും യാത്രാവിവരവും സോഷ്യൽ മീഡിയയിൽ പരസ്യമായി പങ്കുവയ്ക്കാതിരിക്കുക, ഫോണും ആപ്പും കൃത്യമായി അപ്ഡേറ്റ് ചെയ്യുക ഇവയെല്ലാം സഹായകമാണ്.പണ്ട് വീടിന്റെ വാതിൽ പൂട്ടുന്നതായിരുന്നു സുരക്ഷ, ഇന്ന് അതിനൊപ്പം ഡിജിറ്റൽ ജീവിതവും സംരക്ഷിക്കേണ്ട കാലമാണ്. സ്വകാര്യത കുറ്റം ചെയ്‌തവർക്ക് മാത്രം വേണ്ടതല്ല, സാധാരണക്കാർക്കും അത് ആവശ്യമാണ്. അടുത്ത തവണ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോഴും ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോഴും ‘ഞാൻ എന്താണ് പങ്കുവയ്ക്കുന്നത്, ഇത് ആരാണ് കാണുന്നത്, എത്ര കാലം ഇത് അവിടെ ഉണ്ടാകും’ എന്ന് ഒരു നിമിഷം ചിന്തിക്കുക. നമ്മുടെ ഡിജിറ്റൽ നിഴൽ ഒരിക്കലും ഉറങ്ങുന്നില്ല. അതുകൊണ്ട് സാങ്കേതികവിദ്യ വിവേകത്തോടെ ഉപയോഗിക്കുകയും സ്വകാര്യത സംരക്ഷിക്കുകയും ചെയ്യുന്നത് ഇന്നത്തെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പൗരധർമ്മങ്ങളിലൊന്നാണ്.