രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായകം; അപകീര്‍ത്തി കേസിലെ അപ്പീല്‍ സൂറത്ത് കോടതി പരിഗണിക്കും

രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായക ദിനം. അപകീര്‍ത്തി കേസില്‍ രാഹുല്‍ നല്‍കിയ അപ്പീല്‍ സൂറത്തിലെ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷന്‍സ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലെ നഷ്ടമായ എംപി സ്ഥാനം രാഹുലിന് തിരികെ ലഭിക്കൂകയുളളു. 2019 ല്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.

എല്ലാ കള്ളന്മാരുടെയും പേരില്‍ എങ്ങനെയാണ് ‘മോദി’ എന്ന് വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍ പ്രചാരണം നടത്തുമ്ബോഴായിരുന്നു പരാമര്‍ശം. പിന്നാലെ രാഹുല്‍ അപമാനിച്ചത് ഒരു പേരിനെ മാത്രമല്ല, ഒരു സമുദായത്തെയാകെയാണ് എന്ന തരത്തില്‍ ബിജെപി പ്രചാരണമാരംഭിച്ചു. തുടര്‍ന്ന് ശക്തമായ പ്രതിരോധവുമായി കോണ്‍ഗ്രസും എത്തിയിരുന്നു.