തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു വൈകിക്കാന്‍ ആലോചിച്ചിട്ടില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് എല്ലാ വശങ്ങളും പരിശോധിച്ചു ചര്‍ച്ചകള്‍ക്കുശേഷം ഉടന്‍ തീരുമാനിക്കും. ആരോഗ്യ വിദഗ്ധരുമായി കമ്മീഷന് ഇന്നലെ നടത്തിയ യോഗത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തെരഞ്ഞെടുപ്പു നടത്തുന്നതിനു തടസമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതായും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ഈ വര്‍ഷം പൊതുതെരഞ്ഞെടുപ്പു നടത്തേണ്ടത്. നവംബര്‍ 11ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ 12നു മുന്‍പു തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്.
ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ തെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. തീയതി തീരുമാനിക്കുന്നതിനു മുന്‍പു ആരോഗ്യവിദഗ്ധരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും വീണ്ടും ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും വി. ഭാസ്കരന് പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ടു പരാതികളൊന്നുമില്ല. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ മാസം തന്നെ ആരംഭിക്കും.
മാസ്റ്റര്‍ ട്രെയ്നര്‍മാര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനമാണു നടത്തുന്നത്. മറ്റ് ഉദ്യോഗസ്ഥര്‍ക്കു പരിശീലനം ബ്ലോക്ക് തലത്തില്‍ 30 പേരടങ്ങുന്ന ബാച്ചുകളായി നേരിട്ടു നല്‍കുമെന്നും അദ്ദേഹംഅറിയിച്ചു.
തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ക്കു പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കും. മൂന്നു പേരില്‍ കൂടുതല്‍ വീടുകളില്‍ പ്രചാരണത്തിനായി പോകരുതെന്നു നിര്‍ദേശിക്കും. തെരഞ്ഞെടുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുളള കോവിഡ് പ്രോട്ടോക്കോള്‍ ആരോഗ്യവകുപ്പില്‍നിന്നും ലഭ്യമാക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പ്രതിരോധ സംവിധാ നങ്ങള്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്നു നടപ്പിലാക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷണര്‍ പറഞ്ഞു.
