ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തത്,ചരിത്രപരമായ അനീതി

ഫാ. ഫിലിപ്പ് കവിയില്‍
വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ്, കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റുന്ന ഒരു തെരഞ്ഞെടുപ്പാകുമെന്ന് പലരും അഭിപ്രായപ്പെട്ടു തുടങ്ങിയതിനു പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ ക്രൈസ്തവ സമുദായ അംഗങ്ങളുടെ തീരുമാനങ്ങള്‍ നിര്‍ണ്ണായകമാണെന്ന് അംഗീകരിക്കേണ്ടി വരും. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പു ക്രൈസ്തവസമുദായമനുഭവിക്കുന്ന അനീതിക്കെതിരെയും ബോധപൂര്‍വകമായ അവഗണനക്കെതിരെയും, വിശ്വാസികളോടുള്ള വഞ്ചനക്കെതിരെയുമുള്ള വ്യക്തമായ വിധിനിര്‍ണ്ണയമാകണം.
ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തത് ചരിത്രപരമായ അനീതിയാണെന്ന് ക്രൈസ്തവസമൂഹം രാഷ്ട്രീയപാര്‍ട്ടികളെ ശക്തമായി ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. വിവിധ മേഖലകളില്‍ പിന്നാക്കാവസ്ഥ നേരിടുന്ന ക്രൈസ്തവ വിഭാഗങ്ങളുടെ കേരളത്തിലെ സാമൂഹിക-സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ ശാസ്ത്രീയമായി പഠിച്ച കമ്മീഷനായിരുന്നു ജെ.ബി. കോശി കമ്മീഷന്‍. അത് വികാരപരമായി മെനഞ്ഞെടുത്ത തട്ടിക്കൂട്ട് രേഖയല്ല; സ്ഥിതിവിവരക്കണക്കുകളും യാഥാര്‍ത്ഥ്യങ്ങളും അടിസ്ഥാനമാക്കി ശാസ്ത്രീയമായി തയ്യാറാക്കിയ ഒരു നീതിപത്രമാണ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ആ നീതിപത്രം മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയിട്ടും ഭരണകൂടങ്ങളുടെ മേശവലിപ്പില്‍ പുറം ലോകം കാണാതെ പൊടിപിടിച്ചു കിടക്കുകയാണ്.

റിപ്പോര്‍ട്ട് ഉണ്ടായി; നീതി ഉണ്ടായില്ല
മുന്നോക്ക പിന്നോക്ക വിഭാഗങ്ങളിലെ കത്തോലിക്കര്‍, മത്സ്യത്തൊഴിലാളി ക്രൈസ്തവര്‍, മലയോര മേഖലകളിലെ കര്‍ഷക സമൂഹങ്ങള്‍, പരമ്പരാഗത തൊഴില്‍ മേഖലകളില്‍ കഴിയുന്ന ക്രൈസ്തവര്‍, കുട്ടനാട്ടിലെയും തീരദേശത്തെയും ക്രൈസ്തവര്‍ ഇവരൊക്കെ കേരളത്തിന്റെ വികസനചരിത്രത്തില്‍ പലപ്പോഴും സൗകര്യപൂര്‍വ്വം പിന്നോട്ട് തള്ളപ്പെട്ടവരാണ്. വിദ്യാഭ്യാസം, തൊഴില്‍, ഭൂമി, ക്ഷേമപദ്ധതികള്‍ എല്ലായിടത്തും പിന്നാക്കാവസ്ഥ വ്യക്തമായിട്ടും, അതിനു പരിഹാരം നിര്‍ദ്ദേശിക്കുന്ന ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്നത് ഒരു ഭരണപരമായ വീഴ്ചയല്ല, മറിച്ച് ഒരു സമൂഹത്തോടുള്ള രാഷ്ട്രീയ വഞ്ചനയാണ്. സാമൂഹ്യനീതി എന്ന ആശയത്തോടുള്ള തുറന്ന അവഹേളനമാണ് എന്ന് പറയാതെ വയ്യ.
വോട്ടിനായി മാത്രം ന്യൂനപക്ഷം പ്രേമം
നടിക്കുന്നത് തിരിച്ചറിയണം

തിരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രം ന്യൂനപക്ഷ സംരക്ഷണം പറയുന്ന രാഷ്ട്രീയ സംസ്‌കാരം കേരളത്തില്‍ മാറി മാറി പരീക്ഷിക്കുക പതിവാണ്. എന്നാല്‍ അധികാരം ലഭിച്ചാല്‍, റിപ്പോര്‍ട്ടുകളും ശുപാര്‍ശകളും സൗകര്യപൂര്‍വ്വം മറക്കുന്നു. ജെ.ബി. കോശി കമ്മീഷന്‍ അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
”ഞങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍ വേണം; പക്ഷേ പരിഹരിക്കാന്‍ രാഷ്ട്രീയ മനസ്സ് വേണ്ടെന്നാണോ?” ക്രൈസ്തവ സമൂഹത്തിന് ചോദിക്കാനുള്ള ഈ ചോദ്യം ഇനി സൗമ്യമായി ചോദിച്ചാല്‍ മതിയാകില്ല. ഇച്ഛാശക്തിയോടെ, സുവ്യക്തമായി രാഷ്ട്രീയ കേരളത്തോട് ചോദിക്കേണ്ട സമയമാണ് വരാന്‍ പോകുന്നത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ഭരിക്കുന്ന പക്ഷത്തിനു നല്‍കിയ വ്യക്തമായ മുന്നറിയിപ്പിന്റെ ജനസ്വരമായിരുന്നു. അതുകൊണ്ട് സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവത്തോടെ വിലയിരുത്തേണ്ടതാണ്. ഒരു സാധാരണ പ്രാദേശിക തെരഞ്ഞെടുപ്പെന്നതിനേക്കാള്‍ ക്രൈസ്തവ അവഗണനയ്‌ക്കെതിരായ ശക്തമായ പ്രതികരണമായിരുന്നു എന്ന് തിരിച്ചറിയണം.
പല പ്രദേശങ്ങളിലും ഭരണകക്ഷികള്‍ക്ക് സംഭവിച്ച വോട്ട് ചോര്‍ച്ച, പരമ്പരാഗത രാഷ്ട്രീയ വിശ്വാസങ്ങളില്‍ പൊതുജനത്തിനുണ്ടാകുന്ന നിസംഗത, തങ്ങളുടെ കോട്ടകളെന്നു പാര്‍ട്ടികള്‍ കരുതിപ്പോന്ന പല സ്ഥലങ്ങളിലും സ്വതന്ത്രരും പ്രാദേശിക കൂട്ടായ്മകളും ശക്തമായി കളം പിടിക്കുന്ന കാഴ്ച്ച,
ഇതൊന്നും വികാരാധീനമായ പ്രതിഷേധമായി തള്ളി കളയാനാവില്ല. സാധാരണ പൗരന്റെ സര്‍ക്കാരിനോടുള്ള ബോധപൂര്‍വ്വമായ അകല്‍ച്ചയാണ് ഇവിടെ വെളിവാകുന്നത്.
”ഞങ്ങളെ കേള്‍ക്കുന്നില്ലെങ്കില്‍, ഞങ്ങളും നിങ്ങളെ കേള്‍ക്കില്ല” എന്ന ജനാധിപത്യ സന്ദേശം കഴിഞ്ഞ ലോക്‌സഭ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നുണ്ട് എന്നത് നിസ്തര്‍ക്കമാണ്.
ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍:പഞ്ചായത്ത് തലത്തില്‍ വിദ്യാഭ്യാസതൊഴില്‍ പദ്ധതികള്‍, പിന്നാക്കമായ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് വേണ്ടി ലക്ഷ്യബോധത്തോടെയുള്ള ഇടപെടലുകള്‍ നടത്തിയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പു ഫലം മറ്റൊന്നാവുമായിരുന്നു. ക്രൈസ്തവര്‍ക്ക് അന്യായമായതൊന്നും ആവശ്യമില്ല. എന്നാല്‍ ഭരണഘടന അനുവദിക്കുന്ന ന്യായമായ അവകാശങ്ങള്‍ പോലും നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
വിദ്യാഭ്യാസ കാര്യങ്ങളിലും ന്യൂനപക്ഷ അവകാശങ്ങളുടെ കാര്യങ്ങളിലും സാമൂഹ്യ നീതിയുടെ ദൃശ്യമായ ഫലങ്ങള്‍ വെളിപ്പെടുത്തുന്ന നിലപാടുകളും പ്രവര്‍ത്തനങ്ങളും ഗവണ്മെന്റ് ഭാഗത്തു നിന്നുണ്ടാകേണ്ടതായിരുന്നു. എന്നാല്‍ ഇതൊന്നും സംഭവിച്ചില്ല.
വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസാന മുന്നറിയിപ്പല്ല; അവസാന അവസരമാണ്.
ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന വ്യക്തമായ രാഷ്ട്രീയ പ്രതിജ്ഞ ഇല്ലാതെ, ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കാന്‍ ഒരു മുന്നണിക്കും കഴിയില്ല.
ഇത് ഒരു സമുദായത്തിന്റെ പ്രത്യേക ആനുകൂല്യം ആവശ്യപ്പെടുന്ന പോരാട്ടമല്ല മറിച്ച് ഭരണഘടന ഉറപ്പുനല്‍കുന്ന സാമൂഹ്യനീതിക്കായുള്ള അവകാശസംരക്ഷണ പോരാട്ടമാണ്. ഇത് തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള ഒരു സമൂഹത്തിന്റെ പോരാട്ടമാണ് എന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. കത്തോലിക്കാ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. എന്നാല്‍ സാമൂഹ്യനീതിയുടെ കാവല്‍ക്കാരാണ്.
അതുകൊണ്ട് ഞങ്ങള്‍ക്ക് വ്യക്തമായി
പറയാനുള്ളത്:

അതിന് സമയബന്ധിതമായ നിയമനിര്‍മ്മാണവും പദ്ധതികള്‍ക്ക് വേണ്ട സാമ്പത്തികം ബജറ്റില്‍ ഉറപ്പ് നല്‍കുകയും വേണം അല്ലെങ്കില്‍, ക്രൈസ്തവ സമൂഹം കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ജനാധിപത്യപരമായ എല്ലാ മാര്‍ഗങ്ങളിലൂടെയും പ്രതികരിക്കും എന്നതില്‍ ആര്‍ക്കും സംശയം വേണ്ട.
അവഗണിക്കപ്പെട്ട സമൂഹങ്ങള്‍ ഒടുവില്‍ രാഷ്ട്രീയ ചരിത്രം മാറ്റും എന്നത് കേരളത്തിന്റെ ചരിത്രം പഠിപ്പിക്കുന്ന പാഠമാണ്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ക്രൈസ്തവ സമൂഹത്തിന് ഓര്‍മ്മിപ്പിക്കുവാനുള്ളത് റിപ്പോര്‍ട്ടുകള്‍ മേശയില്‍ സൂക്ഷിച്ചാല്‍ പോരാ; ക്രൈസ്തവ സമുദായത്തിനും നീതി പ്രാവര്‍ത്തികമാകുന്നവിധത്തില്‍ ക്രിയാത്മക നടപടികള്‍ സ്വീകരിച്ച് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുക.